പത്തനംതിട്ട: ഭാര്യയെ തീകൊളുത്തി കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും 10,000 രൂപ പിഴയും. പത്തനംതിട്ട അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് (2) കോടതി ജഡ്ജി പി.പി. പൂജയാണ് ശിക്ഷ വിധിച്ചത്. പിഴയടക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഒരു വർഷം കഠിനതടവുകൂടി അനുഭവിക്കണം. ഇലന്തൂർ മേക്ക് പുളിന്തിട്ട ഗോപസദനം വീട്ടിൽ ഷീലാകുമാരി (45) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് പൊടിയൻ എന്ന ഗോപകുമാറാണ് (60) ശിക്ഷിക്കപ്പെട്ടത്.
2016 ഫെബ്രുവരി 21ന് ഉച്ചക്ക് 1.45ന് വീട്ടിലാണ് സംഭവം. ഇവർക്കിടയിൽ വഴക്ക് പതിവായിരുന്നു. സംഭവദിവസം വഴക്കുണ്ടായതിനെത്തുടർന്ന്, വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ പ്രതി ആവശ്യപ്പെട്ടപ്പോൾ, അടുക്കളമുറിയിൽ കുപ്പിയിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയെടുത്ത് ഷീല ദേഹത്തൊഴിക്കുകയായിരുന്നു. അടുത്തുനിന്ന ഗോപകുമാർ തീപ്പെട്ടിക്കൊള്ളി ഉരച്ച് ഇവരുടെ ദേഹത്തേക്കിട്ടു.
രക്ഷപ്പെടാൻ അടുക്കളവാതിലിലൂടെ മുറ്റത്തേക്ക് ഓടിയ ഷീലയെ, പ്രതി പിന്തുടരുകയും വീണ്ടും തീപ്പെട്ടിക്കൊള്ളി കത്തിച്ച് ശരീരത്തിലേക്കിടുകയുമായിരുന്നു. മാരകമായി പൊള്ളലേറ്റ ഇവർ ആശുപത്രിയിൽ ചികിത്സക്കിടെ 2016 മാർച്ച് ഒന്നിനാണ് മരിച്ചത്. പ്രതിയെ ആറന്മുള പൊലീസ് സംഭവത്തിന് പിറ്റേദിവസം തന്നെ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.