കണ്ണൂര്‍ നഗരത്തില്‍ ഭീതിപരത്തിയ പുലി എട്ടുമണിക്കൂറിനൊടുവില്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ഭീതിപരത്തിയ പുലിയെ എട്ടുമണിക്കൂറിനൊടുവില്‍ മയക്കുവെടിവെച്ച് പിടികൂടി. പുലിയുടെ ആക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചക്കുശേഷം മൂന്നുമണിയോടെ കസാനക്കോട്ട, തായത്തെരു റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിനു സമീപം എന്നിവിടങ്ങളിലാണ് പുള്ളിപ്പുലി ആളുകളെ ആക്രമിച്ചത്. ഇതിനുശേഷം തായത്തെരു റെയില്‍വേ അണ്ടര്‍ബ്രിഡ്ജിനു സമീപത്തെ പുരയിടത്തിലെ കുറ്റിക്കാട്ടില്‍ പതുങ്ങിയ പുലിയെ രാത്രി 10.50ഓടെയാണ് പിടികൂടിയത്. പുലിയിറങ്ങിയതറിഞ്ഞ് ആയിരങ്ങള്‍ തടിച്ചുകൂടിയതിനാല്‍ അപകടമൊഴിവാക്കുന്നതിന് നിരോധനാജ്ഞ പുറപ്പെടുവിച്ചാണ് പുലിയെ വലയിലാക്കിയത്.

തായത്തെരു സ്വദേശി നവീദ് (38), തായത്തെരു കുറ്റിയത്ത് ഹൗസില്‍ അന്‍സീര്‍ (30), ആനയിടുക്ക് മാസില്‍ കുഞ്ഞു (38), കക്കാട് ബില്‍ഡേഴ്സിലെ തൊഴിലാളിയായ ഒഡിഷ സ്വദേശി മനാസ് (25), ഫോറസ്റ്റ് ഓഫിസര്‍ മുഫീദ് (24) എന്നിവരെയാണ് പുലി ആക്രമിച്ച് പരിക്കേല്‍പിച്ചത്. നവീദിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കണ്ണൂര്‍ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. അന്‍സീറിന്‍െറ തലക്കും പുറത്തും മാന്തി പരിക്കേല്‍പിച്ച പുലി മുതുകില്‍ കടിച്ചു മുറിവേല്‍പ്പിച്ചു. കുഞ്ഞുവിന്‍െറ പുറത്തും ഇടതു കൈക്കും നെഞ്ചിനുമാണ് പരിക്ക്. വലതുകൈക്ക് കടിയേറ്റ മനാസിന് തലക്കും പരിക്കേറ്റു.

കണ്ണൂര്‍ കോര്‍പറേഷന്‍െറ തായത്തെരു ഡിവിഷനിലെ കസാനക്കോട്ട കുന്നില്‍ ഹുജറക്കു സമീപമാണ് പുലിയെ ആദ്യം കണ്ടത്. ആളുകള്‍ ബഹളംവെച്ചതോടെ ഓടിയ പുലി നവീദിനെയും കോട്ടയില്‍ പള്ളിക്കു സമീപമുള്ള വീട്ടില്‍ നിര്‍മാണജോലിയിലേര്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളി മനാസിനെയും ആക്രമിക്കുകയായിരുന്നു. മനാസിന്‍െറ പിറകിലൂടെ പുലി വരുന്നത് കണ്ട് കൂടെ ജോലി ചെയ്യുന്നയാള്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും രക്ഷപ്പെടാനായില്ല. മറ്റ് ജോലിക്കാര്‍ ബഹളംവെച്ചതോടെ മനാസിനെ ഉപേക്ഷിച്ച് രക്ഷപ്പെട്ട പുലി അല്‍പമകലെവെച്ച് കുഞ്ഞുവിനെ ആക്രമിക്കുകയായിരുന്നു. കുഞ്ഞുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് അന്‍സീര്‍ പുലിയുടെ ആക്രമണത്തിന് ഇരയാകുന്നത്.

ആളുകള്‍ ഓടിക്കൂടിയതോടെ ഭയന്ന പുലി റെയില്‍വേ ട്രാക്കിനു സമീപത്തെ പുരയിടത്തിലെ കുറ്റിക്കാട്ടില്‍ ഒളിച്ചു. സംഭവമറിഞ്ഞ് ആയിരങ്ങളാണ് ഇവിടേക്ക് ഒഴുകിയത്തെിയത്. പറമ്പിനു സമീപത്തെ വീടുകള്‍ക്കു മുകളിലും റെയില്‍വേ ട്രാക്കിലും ജനങ്ങള്‍ തിങ്ങിക്കൂടി. ആളുകളുടെ ബഹളം കാരണം ഇടക്ക് അക്രമാസക്തമായി പുറത്തിറങ്ങിയ പുലി പിന്നീട് കുറ്റിക്കാട്ടിനുള്ളിലേക്ക് തന്നെ മടങ്ങി. അഞ്ച് മണിയോടെ വനംവകുപ്പിന്‍െറ സ്പെഷല്‍ ഫോഴ്സ് എത്തിയെങ്കിലും ഇവര്‍ക്ക് പുലിയെ പിടിക്കാന്‍ കഴിഞ്ഞില്ല. ആളുകള്‍ തിങ്ങിക്കൂടിയത് പ്രശ്നമാകുമെന്ന് പൊലീസ് ചൂണ്ടിക്കാട്ടിയതോടെ വൈകീട്ട് ആറുമണിയോടെയാണ് ജില്ല കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്.


മയക്കുവെടി വിദഗ്ധന്‍ കോഴിക്കോട്ടുനിന്ന് രാത്രി ഒമ്പതുമണിയോടെയാണ് എത്തിയത്. മയക്കുവെടിക്കുള്ള മരുന്ന് വയനാട് ജില്ലയില്‍നിന്ന് എത്തിക്കുന്നതും വൈകി. പുലി ചാടിപ്പോകാതിരിക്കാന്‍ ഒളിച്ച പുരയിടത്തിനുചുറ്റും വലകള്‍ ഉപയോഗിച്ച് മറച്ചിരുന്നു. രാത്രി 10.30ഓടെ പുരയിടത്തിലേക്ക് കയറിയ മയക്കുവെടി വിദഗ്ധന്‍ വയനാട് ഫോറസ്റ്റ് വെറ്റിനറി ഓഫിസര്‍ അരുണ്‍ സക്കറിയ രണ്ട് തവണ വെടിവെച്ചാണ് പുലിയെ മയക്കിയത്. വെടിയേറ്റ് 20 മിനിറ്റുകള്‍ക്കുശേഷം പുലിയെ കൂട്ടിലാക്കി.

ജനനിബിഡമായ കണ്ണൂര്‍ നഗരപ്രദേശത്ത് പുലി എങ്ങനെയാണ് എത്തിയതെന്നത് വിശദീകരിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് വളപട്ടണം പുഴ വഴി എത്തിയ ഒരു പുലിയെ പിടികൂടിയിരുന്നു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കെ. രാഗേഷ് എം.പി, മേയര്‍ ഇ.പി. ലത എന്നിവര്‍ സ്ഥലത്ത് എത്തിയിരുന്നു. എസ്.പി ജി. ശിവവിക്രം, ഡി.എഫ്.ഒ സുനില്‍ പാമിഡി എന്നിവരും സ്ഥലത്ത് സന്നിഹിതരായിരുന്നു. 
 

Full View

 

Full View

 

Full View

Full View
Tags:    
News Summary - Leopard in kannur city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.