പാർലമെന്റിലെ നിയമനിർമാണം ന്യൂനപക്ഷ ദ്രോഹത്തിനെന്ന് ഇ.ടി; ‘ഒരു വിഭാഗത്തെ പാടെ നിഷ്കാസനം ചെയ്യാനാണ് കേന്ദ്രസർക്കാർ ശ്രമം’

ന്യൂഡൽഹി: പാർലമെൻറിൽ നിയമനിർമാണം നടത്തുന്നത് തന്നെ ന്യൂനപക്ഷ വിഭാഗങ്ങളെ ദ്രോഹിക്കാനാണെന്ന നില വന്നിരിക്കുന്നുവെന്ന് മുസ് ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എം.പി. രാഷ്ട്രപതിയുടെ പ്രസംഗത്തിൽ ഇന്ത്യയിലെ മർദിത ന്യൂനപക്ഷങ്ങളെ കുറിച്ച് ഒരു വരി പരാമർശമില്ലാതിരുന്നത് ഖേദകരമാണെന്നും രാഷ്ട്രപതിയുടെ പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്ത് ഇ.ടി പറഞ്ഞു.

മതവിശ്വാസം, പ്രചാരണം എന്നിവ സംബന്ധിച്ച് ഭരണഘടന 25-ാം അനുഛേദം വിഭാവനം ചെയ്യുന്ന ആശയങ്ങൾക്ക് വിരുദ്ധമായ നിയമ നിർമാണങ്ങളിലൂടെ ചില സംസ്ഥാന ഭരണകൂടങ്ങൾ ന്യൂനപക്ഷ വിരുദ്ധമായി പെരുമാറുകയാണിപ്പോൾ. ലൗ ജിഹാദ്, പശുക്കടത്ത് തുടങ്ങിയ ദുരാരോപണങ്ങൾ നടത്തി ന്യൂനപക്ഷങ്ങളെ അകാരണമായി ആക്രമിച്ച് കൊണ്ടേയിരിക്കയാണ്. വഖഫ്, മുത്തലാഖ്, സി.എ.എ, എൻ.ആർ.സി എന്നിവയിലെല്ലാം ഈ ദുരുപദിഷ്ട നീക്കങ്ങൾ കാണാനാവും. ഒരു വിഭാഗത്തെ പാടെ നിഷ്കാസനം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. ഐക്യത്തെ പറ്റി സംസാരിക്കുകയും വിദ്വേഷത്തെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന വിചിത്രമായ സമീപനമാണ് സർക്കാറിന്റേത്.

Full View

ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിൽ വിദ്വേഷ നിയമനിർമാണം നടത്തുന്ന തെറ്റായ പ്രവണതയിൽ ഏർപ്പെട്ടിരിക്കയാണ്. ജനാധിപത്യ തത്വങ്ങൾ സമ്പൂർണമായി അട്ടിമറിക്കപ്പെട്ടു. ജുഡീഷ്യറിയും എക്സിക്യൂട്ടീവും ആക്ഷേപാർഹമായ നിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം നടത്താനുള്ള ഭരണഘടന അവകാശം വിനിയോഗിച്ചതിന്‍റെ പേരിൽ എത്രയോ പേർ ജയിൽവാസം വരിച്ചിരിക്കുന്നു. ഇക്കൂട്ടത്തിൽ രാഷ്ട്രീയ നേതാക്കൾ, ബുദ്ധി ജീവികൾ, ഉന്നത വ്യക്തിത്വങ്ങൾ എന്നിവരുണ്ട്. എത്രയോ കാലമായി ഇവർക്ക് കേസിന്‍റെ ചാർജ് ഷീറ്റ് പോലും നൽകിയിട്ടില്ല.

ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ ഹജ്ജിന് പോകുന്ന എമ്പാർക്കഷൻ പോയിന്റായ കോഴിക്കോട്, കൊച്ചിയും കണ്ണൂരും ഈടാക്കുന്ന വിമാനക്കൂലിയേക്കാൾ 40,000 രൂപ കൂടുതലാണ് ഈടാക്കുന്നതെന്ന് ഇ.ടി ചൂണ്ടിക്കാട്ടി. ഇത് തെറ്റായ നടപടിയാണ്. ആരാധനാ കർമങ്ങൾക്ക് വേണ്ടി പോകുന്നവർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവണത സർക്കാർ അവസാനിപ്പിക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

Tags:    
News Summary - Legislation in the Parliament is for detriment of minorities -E.T Muhammed Basheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.