തർക്കം തീർത്ത്​ രണ്ടുദിവസത്തിനകം മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കാൻ എൽ.ഡി.എഫ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ മുഴുവൻ വ്യാഴാഴ്ച​യോടെ പ്രഖ്യാപിക്കാനുള്ള തകൃതിയായ നീക്കവുമായി എൽ.ഡി.എഫ്.

കോർപറേഷനുകൾ, ജില്ല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, ബ്ലോക്ക്​ പഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലായി 70​ ശതമാനത്തിലേറെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞതായാണ്​ സംസ്ഥാന നേതൃത്വം പറയുന്നത്​. പല തദ്ദേശ സ്ഥാപനങ്ങളിലും വിരലിലെണ്ണാവുന്ന സീറ്റുകളിലേത്​ മാത്രമാണ്​ ബാക്കിയുള്ളത്​.

ഘടകകക്ഷികളുമായുള്ള സീറ്റുധാരണയിലെ തർക്കമാണ്​ പലയിട​ത്തെയും പ്രതിസന്ധി. പൊതുവിൽ സി.പി.ഐയുമായി കാര്യമായ സീറ്റുതർക്കം എവിടെയുമില്ല.

ആർ.ജെ.ഡി, കേരള കോൺഗ്രസ്​ (എം) എന്നിവയുമായി ബന്ധപ്പെട്ടാണ്​ പരാതികളേറെയും. കേരള കോൺഗ്രസ്​ പലയിടത്തും കഴിഞ്ഞ തവണത്തേക്കാൾ അധികം സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്​. കേരള കോൺഗ്രസ്​ (എം)ന്​ അധിക സീറ്റ്​ നൽകുമ്പോൾ തങ്ങൾക്കും വേണമെന്ന വാശിയിലാണ്​ പലയിടത്തും ആർ.ജെ.ഡി. 

തദ്ദേശപ്പോരിനൊരുങ്ങി യു.ഡി.എഫ്; ഭരണവിരുദ്ധ വികാരം ‘വെടിമരുന്നാ’കും

തിരുവനന്തപുരം: പ്രഖ്യാപനത്തിന് മുമ്പേ കളത്തിലിറങ്ങാനായതിന്‍റെ രാഷ്ട്രീയ ആത്മവിശ്വാസത്തിനൊപ്പം ഭരണവിരുദ്ധ വികാരത്തിന്‍റെയും ശബരിമല വിവാദങ്ങളുടെയും കൊടുങ്കാറ്റ് തുണയാകുമെന്ന ഉറച്ച പ്രതീക്ഷയിലുമാണ് യു.ഡി.എഫ് തദ്ദേശപ്പോരിനൊരുങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ‘ഡ്രസ് റിഹേഴ്സൽ’ എന്ന നിലയിൽ സർവ സന്നാഹങ്ങളും വിഭവശേഷിയും വിന്യസിച്ചാണ് നാട്ടങ്കത്തിനുള്ള തയ്യാറെടുപ്പുകൾ. സർക്കാറിനെതിരായ ജനവികാരം വോട്ടാക്കി മാറ്റി നിയമസഭാ തെരഞ്ഞെടുപ്പിന് ശക്തമായ അടിത്തറ കെട്ടിപ്പടുക്കണമെങ്കിൽ ഇക്കുറി ജീവൻമരണ പോരാട്ടം വേണ്ടി വരുമമെന്ന് കോൺഗ്രസ് തിരിച്ചറിയുന്നു.

മുന്നണി സംവിധാനം കെട്ടുറപ്പോടെ ചലിപ്പിക്കുന്നതിനുള്ള മണ്ണൊരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതിനൊപ്പം സീറ്റുവിഭജനം തർക്കമില്ലാതെ തീർക്കാനുള്ള ക്രമീകരണവും ഏർപ്പെടുത്തിക്കഴിഞ്ഞു. തിരുവനന്തപുരത്തും കൊല്ലത്തുമടക്കം ഒരു മുഴം മുമ്പേ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് തന്നെ കോൺഗ്രസ് തുറക്കുന്ന വാശിയേറിയ പോർമുഖത്തിന്‍റെ സൂചനയാണ്. പരമാവധി തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം പിടിക്കുക എന്നതിൽ കുറഞ്ഞതൊന്നും മുന്നണിക്ക് മുന്നിലില്ല.

കോൺഗ്രസിനെ സംബന്ധിച്ച് കെ.പി.സി.സി തലത്തിലെ അഴിച്ചുപണിയും പുതിയ ഭാരവാഹി നിരയുമെല്ലാം സംഘനശരീരത്തെ ചടുലമാക്കിയെന്ന് നേതാക്കൾ അടിവരയിടുന്നു. അതേസമയം, പുതിയ നേതൃനിരയുടെ കാര്യക്ഷമത അളക്കുന്ന പരീക്ഷണ ശാലകൂടിയാണ് തദ്ദേശക്കളം. പ്രാദേശിക വിഷയങ്ങൾക്ക് ഊന്നൽ നൽകിയും സംസ്ഥാനത്തെ പൊതുരാഷ്ട്രീയ പ്രശ്നങ്ങൾ പ്രചാരണായുധമാക്കിയും സർക്കാർ അവകാശവാദങ്ങുടെ പൊളളത്തരം തുറന്നുകാട്ടിയും ഇടതുമുന്നണിയെ മറികടക്കാൻ കഴിയും വിധമുള്ള സമഗ്രമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് അണിയറയിലൊതുങ്ങുന്നത്. ക്ഷേമ പെൻഷൻ വർധന പി.ആർ സ്റ്റാണ്ടാണെന്ന് സ്ഥാപിക്കാനാണ് ശ്രമം. ആനുകൂല്യ പ്രഖ്യാപനങ്ങൾ മുൻനിർത്തി കളത്തിലിറങ്ങുന്ന ഇടതുമുന്നണിയെ ഭരണപരാജയവും സ്വജനപക്ഷപാതവും ശബരിമലയിലെ സ്വർണക്കവർച്ച വിവാദങ്ങളും ചൂണ്ടിക്കാട്ടി നേരിടാനാണ് തീരുമാനം. അതിദരിദ്രരില്ലെന്ന സർക്കാർ അവകാശവാദങ്ങളെ പ്രാദേശിക ഉദാഹരണങ്ങൾ നിരത്തി ചോദ്യം ചെയ്യും.

കഴിഞ്ഞ തവണ ആറ് കോർപറേഷനിൽ കണ്ണൂരൊഴികെ മറ്റെല്ലാം കൈവിട്ടിരുന്നു. ഈ പോരായ്മ പരിഹരിക്കുന്നതിന് മുതിർന്ന നേതാക്കൾക്ക് കോർപറേഷൻ ചുമതല നൽകി കണക്കു തീർക്കാനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. തിരുവനന്തപുരത്ത് കെ.മുരളീധരനും കോഴിക്കോട് രമേശ് ചെന്നിത്തലക്കും കൊച്ചിയിൽ വി.ഡി സതീശനും കണ്ണൂരിൽ കെ.സുധാകരനും തൃശൂരിൽ റോജി എം.ജോണിനും കൊല്ലത്ത് വി.എസ് ശിവകുമാറിനുമാണ് ചുമതല.

മൊത്തം ജില്ലകളെ മൂന്ന് മേഖലകളാക്കി മൂന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റുമാർക്ക് ഏകോപന ചുമതല നൽകി. ഒപ്പം, ഓരോ ജില്ലകളുടെ മേൽനോട്ടത്തിനായി കെ.പി.സി.സി ജനറൽ സെക്രട്ടറിമാരുമുണ്ട്. പാർട്ടി പ്രചാരണ തന്ത്രങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും കേരള ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കൺവീനറും എ.കെ ആൻറണി ഉൾപ്പെടെ മുതിർന്ന നേതാക്കൾ അംഗങ്ങളായ 17 അംഗ കോർ കമ്മിറ്റിയും പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.

Tags:    
News Summary - LDF to announce all candidates within two days after resolving dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-14 01:25 GMT