ലോ അക്കാദമിയിൽ സംഘര്‍ഷത്തിന് സാധ്യതയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ വിദ്യാര്‍ഥിസംഘടനകളുടെ സമരം ഒത്തുതീര്‍ക്കാന്‍ വിളിച്ച ചര്‍ച്ച പരാജയപ്പെട്ടതോടെ ലോ അക്കാദമിയില്‍ വിദ്യാര്‍ഥിസമരം വീണ്ടും പ്രക്ഷുബ്ധമാകുന്നു. രണ്ടുദിവസമായി തണുത്തുവന്ന സമരത്തെ ശനിയാഴ്ച വൈകീട്ടോടെ ഊതിക്കത്തിക്കുകയായിരുന്നു മാനേജ്മെന്‍റും വിദ്യാഭ്യാസമന്ത്രിയും.

എല്‍.ഡി.എഫ് സഖ്യകക്ഷിയായ സി.പി.ഐയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സ്വരം കടുപ്പിച്ചതോടെ ശനിയാഴ്ച വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ലക്ഷ്മി നായരുടെ രാജി ഉണ്ടാകുമെന്ന വിശ്വാസത്തിലായിരുന്നു വിദ്യാര്‍ഥികള്‍. ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് ലോ അക്കാദമി ചെയര്‍മാന്‍ കെ. അയ്യപ്പന്‍പിള്ള ശനിയാഴ്ച ബി.ജെ.പി സമരപ്പന്തലിലത്തെിയതും കുട്ടികളുടെ വിശ്വാസം ബലപ്പെടാന്‍ കാരണമായി.

എന്നാല്‍, ചര്‍ച്ച വിളിച്ച മന്ത്രിതന്നെ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയെന്നും മാനേജ്മെന്‍റിനെ അനുകൂലിക്കുന്ന നിലപാടാണ് സര്‍ക്കാറിനുള്ളതെന്നും വാര്‍ത്തകള്‍ പുറത്തുവന്നതോടെ ലോ അക്കാദമി അക്ഷരാര്‍ഥത്തില്‍ പ്രക്ഷുബ്ധമാകുകയായിരുന്നു. വിദ്യാര്‍ഥികള്‍ അക്കാദമിക്ക് മുന്നില്‍ ഒത്തുചേരുകയും സര്‍ക്കാറിനും മാനേജ്മെന്‍റിനുമെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇവര്‍ക്ക് പിന്തുണയുമായി ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളും എത്തി.

മാനേജ്മെന്‍റുകളുടെ ഭാഷയില്‍ സംസാരിച്ച വിദ്യാഭ്യാസമന്ത്രിക്ക് അന്തസ്സ് നഷ്ടമായെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. വൈകീട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ലോ അക്കാദമിക്ക് മുന്നില്‍ മാര്‍ച്ച് നടത്തി. വിദ്യാഭ്യാസമന്ത്രിയുടെ കോലവും കത്തിച്ചു. പിന്നാലെ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ കെ. മുരളീധരന്‍െറ സമരപ്പന്തലിലത്തെി. തുടര്‍ന്ന് യു.ഡി.എഫിന്‍െറ നേതൃത്വത്തില്‍ പേരൂര്‍ക്കട ജങ്ഷനിലേക്ക് പ്രകടനം നടന്നു. പ്രദേശത്ത് ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

തിങ്കളാഴ്ച ക്ളാസുകള്‍ ആരംഭിക്കുമെന്നാണ് മാനേജ്മെന്‍റ് അറിയിച്ചിട്ടുള്ളത്. എന്നാല്‍, സമരം തീര്‍ക്കാതെ ആരെയും അക്കാദമിയുടെ പടികടത്തില്ളെന്ന നിലപാടിലാണ് സംയുക്ത സമരസമിതി. ക്ളാസില്‍ കയറുമെന്ന നിലപാടിലാണ് എസ്.എഫ്.ഐ. അങ്ങനെ സംഭവിച്ചാല്‍  സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് ഇന്‍റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കി.

Tags:    
News Summary - law academy struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.