ബേപ്പൂർ: ബേപ്പൂർ തുറമുഖത്ത് കണ്ടൈനർ ഷിപ്പിൽ നിന്നും ചരക്ക് നീക്കത്തെ ചൊല്ലിയുളള കൂലിത്തർക്കം ലാത്തിച്ചാർജിൽ കലാശിച്ചു. ഇന്ന് രാവിലെ 9 30 ന് എം.വി.കരുതൽ എന്ന ഷിപ്പ് കണ്ടൈനറുമായി തുറമുഖത്തേക്ക് അടുക്കുമ്പോൾ തന്നെ തൊഴിലാളികൾ എതിർപ്പുമായി രംഗത്തെത്തി. എതിർപ്പ് ശക്തമാണെന്ന് കണ്ടപ്പോൾ ക്യാപ്റ്റൻ കപ്പൽ തിരിച്ച് വിട്ടു. ഉടനെത്തന്നെ പോർട്ട് ഓഫീസർ കെ. അശ്വിനി പ്രതാപിന്റെ നിർദ്ദേശത്തെ തുടർന്ന് തിരിച്ചുപോയ ഷിപ്പിനെ വീണ്ടും തുറമുഖത്തേക്ക് തിരിച്ച് വിളിക്കുകയും കണ്ടൈനർ ഇറക്കുവാനുള്ള പോലീസ് സംരക്ഷണം ഉറപ്പ് നല്കുകയും ചെയ്തു. തിരിച്ച് പോയ ഷിപ്പ് വീണ്ടും വാർഫിനോടടുത്തപ്പോഴാണ് സംഘർഷം രൂക്ഷമായത്.
180-ഓളം സ്ഥിരം തൊഴിലാളികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ സ്ഥിതി വഷളാവുകയായിരുന്നു. നേരത്തേ നിലയുറപ്പിച്ച പോലീസിനെ കൂടാതെ കൂടുതൽ പോലീസ് സംഘവും എത്തി. തുടർന്ന് ചരക്ക് നീക്കം തടയാൻ ശ്രമിച്ച തൊഴിലാളികൾക്ക് നേരെ പോലീസ് സംഘം ടിയർഗ്യാസ് എറിഞ്ഞു. ചിതറിയോടിയ തൊഴിലാളികൾക്ക് നേരെ പാഞ്ഞടുക്കുകയും ലാത്തി ചാർജ് തടത്തുകയും ചെയ്തു. ലാത്തിച്ചാർജിലും ടിയർഗ്യാസ് പ്രയോഗത്തിലും നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു. അരമണിക്കൂർ നേരം പോലീസും തൊഴിലാളികളും തമ്മിൽ ഏറ്റുമുട്ടി. കല്ലേറിൽ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു.
ലാത്തിച്ചാർജിൽ നിന്ന് രക്ഷപ്പെടാൻ ചില തൊഴിലാളികൾ പുഴയിലേക്ക് ചാടി. മുഴുവൻ തൊഴിലാളികളെയും പോലീസ് തുറമുഖത്ത് നിന്ന് മാറ്റി പോർട്ടിന്റെ പ്രധാന കവാടം അടച്ചു.കല്ലേറ് നടത്തിയ തൊഴിലാളികളെ അറസ്റ്റ് ചെയ്യുവാൻ പോലീസ് തുറമുഖത്ത് നാലുപാടും ഓടി നടന്നു. കയ്യിൽ കിട്ടിയ അഞ്ച് തൊഴിലാളികളെ പിടിച്ചു പോലീസ് വാനിൽ കയറ്റി. പരിക്കേറ്റ ഇവരെ നാലു മണിക്കൂറോളം പൊലീസ് വാനിൽ തന്നെ ഇരുത്തി.പത്തോളം പേരെ അറസ്റ്റ് ചെയ്യും എന്നുള്ള നിർബന്ധത്തിലായിരുന്നു പോലീസ്. എന്നാൽ തൊഴിലാളികൾ എതിർപ്പുമായി കവാടത്തിന് സമീപം നിലയുറപ്പിച്ചു.അങ്ങിനെയെങ്കിൽ മുഴുവൻ തൊഴിലാളികളെയും അറസ്റ്റ് ചെയ്യണമെന്ന് തൊഴിലാളികളും ആവശ്യപ്പെട്ടു.
ഒടുവിൽ യൂനിയൻ നേതാക്കളായ കെ.സിദ്ധാർത്ഥൻ, യു പോക്കർ ,എൻ.അനിൽകുമാർ തുടങ്ങിയവർ പോലീസുമായി സംസാരിച്ചതിനു ശേഷമാണ് സംഘർഷത്തിന് അയവുവന്നത്.പി. ബാവ. കെ. ഹാരിസ്, കെപി ജാസിൻ, പി.റാസിഖ്, കെ.വി വിജീഷ് എന്നീ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു . ഇവരെ പിന്നീട് റിമാന്റിൽ വിട്ടു.
പരിക്കുപറ്റിയ അഞ്ചുപേരെയും ബീച്ച് ആശുപത്രിയിൽ പ്രാഥമിക പരിശോധന ചികിത്സക്ക് ശേഷമാണ് റിമാൻഡ് ചെയ്തത് . വേങ്ങാട്ട് സാദിഖ് , സഹോദരൻ വേങ്ങാട്ട് മുത്തലിബ്, ടി.ടി.മരക്കാർ, അസ്സൻ എന്നിവർക്ക് ലാത്തിച്ചാർജിലാണ് പരിക്കേറ്റത്. ഇതിൽ സാദിഖിന്റെ പരിക്ക് ഗുരുതരമാണ്. കൈക്കും കാലിനും ലാത്തിയടിയിൽ പരിക്കേറ്റ ഇദ്ധേഹത്തെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെ.സലാം അഖിൽ എന്നിവർക്ക് ടിയർഗ്യാസ് ഏറിൽ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. കല്ലേറിൽ അഞ്ച് പോലീസുകാർക്കും പരിക്കേറ്റു. എ.എസ്.ഐ.ഷനോജ് പ്രകാശ്, സി.പി.ഒ.മാരായ അൻവർ സാദത്ത്,ഷൈജു മാറാട് ,ഏ.ആർ ക്യാമ്പിലെ ശ്രീജിത്ത്, വിനീഷ് എന്നിവർക്കാണ് പരിക്കേറ്റത്.തുറ മുഖത്ത് ഡി.സി.പി മെറിൻ ജോസഫ്, അസിസ്റ്റന്റ് നോർത്ത് & സൗത്ത് കമ്മീഷണർമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സായുധ പോലീസടക്കം 200 ഓളം പേർ തുറമുഖത്ത് സംഭവസമയം എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.