ചൂരൽമലക്ക് സമീപം വനത്തിൽ ഉരുൾപൊട്ടി; അധികൃതർ അറിഞ്ഞത് രണ്ടുദിവസത്തിന് ശേഷം! ജനവാസ കേന്ദ്രങ്ങളെ ബാധിച്ചിട്ടില്ലെന്ന് ജില്ല കലക്ടര്‍

കൽപറ്റ: വൈത്തിരി താലൂക്കിലെ വെള്ളരിമല മലവാരം ഭാഗത്തുണ്ടായ ഉരുൾപൊട്ടൽ ജനവാസ കേന്ദ്രങ്ങളെ ബാധിച്ചിട്ടില്ലെന്ന് ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. നിലമ്പൂര്‍ കോവിലകം വെസ്റ്റഡ് ഫോറസ്റ്റ് ഉള്‍പ്പെടുന്ന വെള്ളരിമല മലവാരം ഭാഗത്ത് മെയ് 30നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

കരിമറ്റം മലയിൽ മേയ് 28നാണ് ഉരുൾ പൊട്ടിയത്. എന്നാൽ, സർക്കാർ സംവിധാനങ്ങൾ ഈ സംഭവം അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം മാത്രമാണ്. ഇക്കാര്യം വിവാദമായതോടെയാണ് ജില്ല ഭരണകൂടം വിശദീകരണവുമായെത്തിയത്.


മേയ് 30 ന് വൈകീട്ട് 3.30ന് വില്ലേജ് ഓഫിസര്‍ മുഖാന്തിരം ജില്ല അടിയന്തര കാര്യ നിർവഹണ വിഭാഗത്തില്‍ ഇതുസംബന്ധിച്ച വിവരം ലഭിച്ചിരുന്നു. അന്നുതന്നെ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതാണെന്ന് കലക്ടർ പറഞ്ഞു.

മണ്ണിടിച്ചില്‍ ജനവാസ കേന്ദ്രത്തില്‍ നിന്നും ഏറെ അകലെയാണെന്നും ജനങ്ങളെ ബാധിച്ചിട്ടില്ലെന്നും ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം വിലയിരുത്തി. യോഗ നിർദേശ പ്രകാരം മേയ് 31ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി കോര്‍ കമ്മിറ്റി അംഗങ്ങളും മുണ്ടക്കെ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നുള്ള സംഘവും സ്ഥലം സന്ദര്‍ശിക്കാന്‍ അവിടേക്ക് പുറപ്പെട്ടു. മണ്ണിടിച്ചിലിന്റെ രണ്ടര കിലോമീറ്റര്‍ അടുത്തുവരെ എത്തിയ സംഘം മണ്ണിടിച്ചില്‍ ജനവാസ കേന്ദ്രങ്ങളെ ബാധിച്ചിട്ടില്ലെന്ന് വിലയിരുത്തി. അരണപ്പുഴ വഴി ചാലിയാറിലേക്കുള്ള കൈവഴി ഈ മലയോരത്ത് നിന്നാണ് ഉത്ഭവിക്കുന്നത്.

Tags:    
News Summary - Landslide in forest near Chooralmala; No residential areas affected, says District Collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.