തോട്ടങ്ങളിൽ തൊഴിൽ വകുപ്പിന്റെ പരിശോധന തുടരുന്നു; ലയങ്ങളുടെ ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ കർശന നടപടി

തിരുവനന്തപുരം: കാലവർഷത്തിനു മുന്നോടിയായി തന്നെ മഴ കനത്ത സാഹചര്യത്തിൽ ലയങ്ങളുടെ ശോച്യാവസ്ഥ അടയന്തിരമായി പരിഹരിക്കണമെന്നും വീഴ്ചവരുത്തുന്നവർക്കെതിരെ പ്രോസിക്യൂഷൻ അടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്നും ലേബർ കമീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. തോട്ടം തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് വകുപ്പ് നടത്തിവരുന്ന പരിശോധനകളുടെ അവലോകന യോഗത്തിലാണ് ലേബർ കമ്മിഷണർ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇതിനോടകം അമ്പത്തിയെട്ട് എസ്‌റ്റേറ്റുകളിൽ പരിശോധന പൂർത്തിയാക്കി. ഇതിൽ 55 എണ്ണത്തിലും ലയങ്ങളുടെ ശോച്യാവസ്ഥ, കുടിവെള്ള പ്രശ്‌നം, ചികിത്സാസൗകര്യങ്ങളുടെ കുറവ്, മറ്റു തൊഴിൽ നിയമലംഘനങ്ങൾ എന്നിവ കണ്ടെത്തിയതായി ലേബർ കമീഷണർ. വീഴ്ചകൾ കണ്ടെത്തിയ സ്ഥലങ്ങളിൽ വിശദാംശങ്ങൾ തൊഴിലുടമകളെ വ്യക്തമായി ധരിപ്പിച്ച് ഉടനടി പരിഹാരം കണ്ടെത്തുന്നതിന് നോട്ടീസ് നൽകി.

ഗുരുതര പ്രശ്‌നങ്ങൾ കണ്ടെത്തിയ സ്ഥലങ്ങളിൽ അടിയന്തിരയോഗം ചേർന്ന് നടപടി സ്വീകരിക്കുന്നതിന് ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷനെ ചുമതലപ്പെടുത്തി. അടഞ്ഞു കിടക്കുന്ന തോട്ടങ്ങളിൽ ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ കണ്ടെത്തിയാൽ പ്ലാന്റേഷൻ റിലീഫ് കമ്മിറ്റികൾ വഴി പ്രശ്‌ന പരിഹാരത്തിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ലയങ്ങളുടെ ശോച്യാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, റോഡ്, ചികിത്സാ സംവിധാനങ്ങൾ, അംഗൻവാടികൾ,കളിസ്ഥലം, കമ്മ്യൂണിറ്റി സെന്റർ മറ്റു തൊഴിൽ നിയമ ലംഘനങ്ങൾ എന്നിവ പ്രധാന പരിഗണനയാക്കിയാണ് പാന്റേഷൻ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തിവരുന്നത്. ഇതിനായി വകുപ്പ് പ്രത്യേകം മാർഗ നിർദേശങ്ങളും പുറത്തിറക്കിയിരുന്നു.

ഓൺലൈനായി നടത്തിയ അവലോകനയോഗത്തിൽ അഡീ ലേബർ കമ്മീഷണർമാരായ രഞ്ജിത് പി. മനോഹർ, കെ. ശ്രീലാൽ ,കെ.എം സുനിൽ, ചീഫ് പ്ലാന്റേഷൻ ഇൻസ്‌പെക്ടർ എം.ജി സുരേഷ്, ഡി.എൽ.ഒ ഹെഡ്ക്വാർട്ടേഴ്‌സ് ബിജു എ എന്നിവരും സംസ്ഥാനത്തെ എല്ലാ പ്ലാന്റേഷൻ ഇൻസ്പെക്ടർമാരും പങ്കെടുത്തു

Tags:    
News Summary - Labor Department inspection continues on plantations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.