‘കാമറ ഇല്ലാത്തിടത്ത് വെച്ച് അതിനേക്കാൾ ക്രൂരമായി എന്നെ മർദിച്ചു, കേസൊതുക്കാൻ പൊലീസുകാര്‍ 20 ലക്ഷം രൂപ ഓഫർ ചെയ്തു’

കുന്നംകുളം: സി.സി.ടി.വി കാമറയിൽ പതിഞ്ഞതിനേക്കാൾ ക്രൂരമായ മർദനത്തിനാണ് കാമറ ഇല്ലാത്തിടത്ത് വെച്ച് താൻ ഇരയായതെന്ന് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ കടുത്ത മർദനം നേരിട്ട യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്ത്. പൊലീസ് സ്റ്റേഷനിലേക്ക് ​കൊണ്ടുപോകവേ വണ്ടിയിൽവെച്ചും പിന്നീട് സ്റ്റേഷനില്‍ വെച്ചും ക്രൂരമായി മർദിച്ചതായി സുജിത് പറഞ്ഞു.

സ്റ്റേഷന്റെ ഉള്ളിൽ കാമറ ഉള്ള ഇടങ്ങളിൽ നടന്ന മർദനത്തി​ന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത്‍ വന്നത്. ഇത് കഴിഞ്ഞ് സ്റ്റേഷന്റെ മുകളിൽ കൊണ്ടുപോയി കാമറ ഇല്ലാത്തിടത്ത് വെച്ച് അതേക്കാൾ ഭീകരമായി മർദിച്ചു. താ​ഴത്തെ നിലയിൽവെച്ച് ചെവിക്കാണ് ആദ്യ അടി കിട്ടിയത്. ആ അടിയിൽ കര്‍ണപുടം പൊട്ടി ബോധം പോകുന്നത് പോലെ ആയി. കേസൊതുക്കാൻ പൊലീസുകാര്‍ 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും അദ്ദേഹം പറഞ്ഞു.

2023 ഏപ്രില്‍ ആറിന് പുലര്‍ച്ചെ കൂട്ടുകാർ ഫോൺവിളിച്ചപ്പോൾ ബഹളം കേട്ട് അവർ പറഞ്ഞിടത്തേക്ക് പോയിനോക്കിയതായിരുന്നു സുജിത്. അവിടെ പൊലീസുകാർ സുഹൃത്തുക്കളുമായി വാക്കുതര്‍ക്കത്തിൽ ഏർപ്പെടുന്നത് കണ്ട് ഇടപെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആണെന്നും പൊതുപ്രവര്‍ത്തകനാണെന്നും പറഞ്ഞ് വിഷയത്തിൽ ഇടപെട്ടപ്പോൾ നേതാവ് കളിക്കേണ്ട എന്ന് പൊലീസുകാരൻ പറഞ്ഞ് തോളില്‍ കയറി പിടിച്ചു. ശരീരത്തില്‍ തൊട്ടു കളിക്കേണ്ടന്ന് പറഞ്ഞതോടെ പൊലീസ് വണ്ടിയില്‍ പിടിച്ചുകയറ്റി. എസ്‌ഐ ലുക്മാനും ഡ്രൈവറുമാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. സ്റ്റേഷന് സമീപംവെച്ച് ശശിധരന്‍ എന്ന പൊലീസുകാരന്‍ വണ്ടിയില്‍ കയറി ക്രൂരമായി മർദിച്ചു. പിന്നീട് സ്റ്റേഷനിൽവെച്ച് കാമറ ഉള്ളിടത്തും അല്ലാത്തിടത്തും വെച്ച് അതിക്രൂരമർദനം തുടർന്നു. സന്ദീപ്, സജീവൻ, ശശിധരനും തുടങ്ങി അഞ്ച് പൊലീസുകാർ കൂട്ടമായി മര്‍ദിക്കുകയായിരുന്നു. കാൽനീട്ടി നിലത്തിരുത്തി കാൽവെള്ളയിൽ 45ലേറെ തവണ ചൂരൽകൊണ്ടടിച്ചു. കുടിവെള്ളം പോലും തന്നില്ല.

മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോൾ മർദനത്തെ കുറിച്ച് തുറന്നുപറഞ്ഞു. മദ്യപിച്ച് പൊതു സ്ഥലത്ത് പ്രശ്‌നം ഉണ്ടാക്കി, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങളാണ് കള്ളക്കേസിൽ ചുമത്തിയത്. വൈദ്യപരിശോധനയിൽ മദ്യപിച്ചില്ലെന്ന് ബോധ്യപ്പെട്ടതോടെ ജാമ്യം ലഭിച്ചു. മർദനത്തിൽ തലക്ക് വേദനയും ബ്ലീഡിങും ഉണ്ടായിരുന്നു. ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിറ്റേദിവസം ഡിസ്ചാര്‍ജ് ആയെങ്കിലും ആശുപത്രി രേഖകള്‍ എല്ലാം പൊലീസുകാർ കൈക്കലാക്കി. വീട്ടില്‍ എത്തിയിട്ടും വേദന തുടർന്നതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴൊണ് കര്‍ണപുടം പൊട്ടിയത് ഉള്‍പ്പെടെ തെളിഞ്ഞത്. രാഷ്ട്രീയ വിരോധമാണ് മർദനകാരണ​മെന്ന് സുജിത് പറയുന്നു. 

Tags:    
News Summary - kunnamkulam police atrocity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.