കുടുംബശ്രീക്ക് മുദ്രഗീതം ഒരുങ്ങുന്നു, മേയ് 17ന് രജതജൂബിലി സമാപന ചടങ്ങില്‍ ഗീതം പ്രകാശനം ചെയ്യും

തിരുവനന്തപുരം: കുടുംബശ്രീക്ക് മുദ്രഗീതം ഒരുങ്ങുന്നു. 17ന് രജതജൂബിലി സമാപന ചടങ്ങില്‍ ഗീതം പ്രകാശനം ചെയ്യും. രജതജൂബിലി നിറവിലുള്ള കുടുംബശ്രീക്ക് സ്വന്തമായി ഇതാദ്യമായി മുദ്രഗീതം (തീം സോങ്) തയാറാക്കിയിരിക്കുന്നത്.

15,16,17 തീയതികളിലായി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കുന്ന കുടുംബശ്രീ ദിനം പ്രഖ്യാപന, രജതജൂബിലി സമാപന ചടങ്ങുകളോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മുദ്രഗീതത്തിന്റെ പ്രകാശനം നിര്‍വഹിക്കും. ഗീതത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ശ്രീവത്സന്‍ ജെ. മേനോനാണ്, ആലാപനം പ്രമുഖ ഗായിക കെ.എസ്. ചിത്രയും.

ലോകത്തിന് തന്നെ അനുകരണീയമായ കേരള വികസന മാതൃകയായ കുടുംബശ്രീ വൈവിധ്യമാര്‍ന്ന പദ്ധതി പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നത്. ഈ വൈവിധ്യങ്ങള്‍ക്കിടയില്‍ ഒരു പൊതു മുദ്രഗീതം കുടുംബശ്രീക്ക് വേണമെന്ന ചിന്തയില്‍ നിന്നാണ് ഇതിനായി മുദ്രഗീതം തയാറാക്കല്‍ മത്സരം സംഘടിപ്പിച്ചത്. ഗാനരചനാ രംഗത്തെ പ്രഗത്ഭരില്‍ നിന്നല്ലാതെ കുടുംബശ്രീയുടെ നട്ടെല്ലായ അയല്‍ക്കൂട്ടാംഗങ്ങളില്‍ നിന്ന് രചനകള്‍ സ്വീകരിച്ചുവെന്നതാണ് പ്രധാന സവിശേഷത.

46 ലക്ഷം അയല്‍ക്കൂട്ടാംഗങ്ങളെ പ്രതിനിധീകരിച്ച് 351 രചനകളാണ് ഏപ്രില്‍ മാസത്തില്‍ സംഘടിപ്പിച്ച മുദ്രഗീതം മത്സരത്തിലൂടെ ലഭിച്ചത്. അതില്‍ ഏറ്റവും മികച്ച രചനയാണ് കുടുംബശ്രീയുടെ മുദ്രഗീതമായി ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. കവി സി.എം. വിനയചന്ദ്രന്‍, സാഹിത്യ അക്കാദമി നിര്‍വാഹിക സമിതി അംഗവും എഴുത്തുകാരിയുമായ വി.എസ്. ബിന്ദു, എഴുത്തുകാരിയായ ഡോ. മഞ്ജുള എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് മികച്ച രചന തെരഞ്ഞെടുത്തത്.

കേരളത്തിലെ പ്രകൃതി, തൊഴിലിടങ്ങള്‍, ബന്ധങ്ങള്‍ അങ്ങനെ ഗ്രാമീണ ജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന ഈ ഗീതത്തില്‍ സമൂഹത്തിന്റെ എല്ലാ ഇടങ്ങളെയും സമ്പന്നമാക്കുന്നത് സ്ത്രീ സമൂഹം കൂടിയാണ് എന്ന പരാമര്‍ശവുമുണ്ട്. 16 വരികളാണ് മുദ്രഗീതത്തിലുള്ളത്. 17ന് നടക്കുന്ന ചടങ്ങില്‍ വിജയിയെ പ്രഖ്യാപിക്കുകയും 10,000 രൂപയും ഫലകവും സമ്മാനിക്കുകയും ചെയ്യും. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് മുദ്രഗീതത്തിന്റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മത്സരത്തില്‍ ലഭിച്ച 351 എന്‍ട്രികളും ഉള്‍പ്പെടുത്തി 'നിലാവ് പൂക്കുന്ന വഴികള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനവും 17ന് നടക്കും.

Tags:    
News Summary - Kudumbashreek's Mudra Geet is in the works and the song will be released at the Silver Jubilee closing ceremony on May 17.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.