പണത്തെ പടച്ചവനായി കാണുന്ന വിഷജന്തുക്കളെ തിരിച്ചറിയാത്തത് നാടിന്റെ ശാപം -കെ.ടി. ജലീൽ

മലപ്പുറം: സ്ത്രീധനപീഡനത്തെ തുടർന്ന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് പി.ജി വിദ്യാർഥിനി വെഞ്ഞാറമൂട് സ്വദേശി ഡോ. ഷഹന ജീവനൊടുക്കിയതിനെക്കുറിച്ച് പ്രതികരണവുമായി ഡോ. കെ.ടി ജലീൽ എം.എൽ.എ. ഡോ. ഷഹന മരിച്ചതല്ലെന്നും അവളെ കപടമായി സ്നേഹം നടിച്ച ആ അധമൻ കൊന്നതാണെന്നും ജലീൽ അഭിപ്രായപ്പെട്ടു. ‘ഡോ: റുവൈസ് മെഡിക്കൽ പി.ജി അസോസിയേഷന്റെ പ്രസിഡന്റായത് എങ്ങിനെയെന്നതാണ് എന്നെ അൽഭുതപ്പെടുത്തുന്നത്. പണത്തെ പടച്ചവനായി കാണുന്ന ഇത്തരം വിഷജന്തുക്കളെ തിരിച്ചറിയാനാകാത്തതാണ് നമ്മുടെ നാടിന്റെയും സമൂഹത്തിന്റെയും ശാപം’ -ജലീൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

സ്ത്രീധനം ചോദിച്ചെത്തുന്ന ധനമോഹികളെ ചൂലെടുത്ത് അടിക്കുക!

ഡോ: ഷഹാന. മെഡിക്കൽ പി.ജിക്ക് പഠിക്കുന്ന കുട്ടി. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ എം.എസിന് മെറിറ്റിൽ പ്രവേശനം കിട്ടാൻമാത്രം മിടുമിടുക്കി. പ്രണയിച്ചവൻ പണത്തിനും പൊന്നിനുമൊപ്പിച്ച് സ്നേഹം തൂക്കിനോക്കിയപ്പോൾ ജീവിതത്തിൻ്റെ തിരശ്ശീല സ്വയം പിടിച്ചു വലിച്ചു താഴ്ത്തിയ പാവം രാജകുമാരി.

ഡോ: റുവൈസ്, ഹൃദയശൂന്യൻ, പണത്തോടുള്ള ആർത്തി മൂത്ത് മനുഷ്യമൃഗമായവൻ. നല്ല തന്തക്കും തള്ളിക്കും പിറക്കാതെപോയ പിശാച്. ജീവിതത്തിലൊരിക്കലും ഒരു മനുഷ്യ സ്ത്രീയെ ജീവിതസഖിയായി കിട്ടാൻ അർഹതയില്ലാത്ത ചെകുത്താൻ.

റുവൈസിൻ്റെ അറസ്റ്റിൽ മാത്രം ഒതുങ്ങേണ്ടതല്ല കാര്യങ്ങൾ. 150 പവനും 15 ഏക്കർ സ്ഥലവും ബി.എം.ഡബ്ല്യു കാറും മകന് സ്ത്രീധനം ചോദിച്ച പിതാവും കൊടുംക്രൂരനാണ്. മെഡിക്കൽ കോളേജിൽ നിന്ന് മാത്രമല്ല, ജീവിതത്തിൻ്റെ മുഖ്യധാരയിൽ നിന്നുതന്നെ റുവൈസ് അകറ്റിനിർത്തപ്പെടണം. പ്രണയം നടിച്ച് പിന്നാലെക്കൂടുക. നാട്ടുകാരും സഹപാഠികളും അറിയാൻ മാത്രം പ്രണയം പ്രചരിപ്പിക്കുക. അവസാനം പെൺകുട്ടിക്ക് ഒഴിയാൻ ഗത്യന്തരമില്ലാത്ത വിധം വരിഞ്ഞ് മുറുക്കിയ ശേഷം സ്ത്രീധന ഭാണ്ഡത്തിൻ്റെ കെട്ടഴിക്കുക.

അത്തരമൊരു ഘട്ടത്തിൽ രണ്ടുവഴികളേ ഒരു ശരാശരി പെൺകുട്ടിയുടെ മുന്നിൽ ഉണ്ടാകൂ. ഒന്നുകിൽ ചോദിച്ച സ്ത്രീധനം കൊടുക്കാൻ രക്ഷിതാക്കളെ നിർബന്ധിക്കുക. അതല്ലെങ്കിൽ ഇനി മറ്റൊരാളെ വിവാഹം കഴിച്ചാലും ആദ്യപ്രണയം തന്നെ വേട്ടയാടുമെന്ന് ഭയന്ന് ജീവനൊടുക്കുക. ഷഹാനയെ പ്രണയം നടിച്ച് കുഴിയിൽ വീഴ്ത്തി റുവൈസ് ശ്വാസം മുട്ടിച്ചു. ഒരിറ്റു ജീവവായുവിനായി കേണ ഷഹാനയുടെ കഴുത്തിൽ സ്ത്രീധനമാകുന്ന പാറക്കല്ല് കയറ്റിവെച്ച് അവൻ ആ മോളെ നിഷ്കരുണം കൊന്നു!

പൊന്നും പണവും ചോദിച്ച് വരുന്ന പിതൃശൂന്യരായ കഴുകൻമാർക്ക് പെൺമക്കളെ വിവാഹം കഴിപ്പിച്ച് കൊടുക്കുന്നവർ സ്വന്തം മക്കളെ നരകത്തിലേക്കാണ് തള്ളിവിടുന്നത്. ഭാര്യവീട്ടുകാരുടെ സ്വത്ത് കൊണ്ട് ജീവിക്കാൻ വെമ്പുന്ന മരക്കഴുതകൾ പെണ്ണു ചോദിച്ചു വരുമ്പോൾ ചാണകത്തിൽ മുക്കിയ ചൂല് കൊണ്ട് അവൻ്റെ മുഖത്തടിച്ച് ഓടിക്കണം.

രക്ഷിതാക്കളാണ് ജാഗ്രത കാണിക്കേണ്ടത്. ഏത് നിമിഷം കെട്ടിച്ചയക്കപ്പെടുന്നിടം പ്രയാസപൂർണ്ണമാകുന്നുവോ ആ സെക്കൻ്റിൽ മൂടുംതട്ടി മാതാപിതാക്കളുടെയും കുടുംബത്തിൻ്റെയും അടുത്തെത്താൻ നമ്മുടെ പെൺമക്കൾക്ക് സാധിക്കണം. സ്നേഹത്തിൻ്റെ പേരിൽ നാമവർക്ക് നൽകുന്ന പൊന്നും പണവും സ്വത്തും അവരുടെ ആരാച്ചാരുമാരാണെന്ന് തിരിച്ചറിയാത്തെടത്തോളം വിസ്മയമാരും ഷഹാനമാരും ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും.

എനിക്ക് രണ്ട് പെൺമക്കളും ഒരാൺകുട്ടിയുമാണ്. രണ്ട് പെൺമക്കളെയും വിവാഹം കഴിപ്പിച്ചത് ഒരു തരി സ്വർണ്ണമോ ഒരു രൂപയോ നൽകാതെയാണ്. മൂത്ത മകൾ എഞ്ചിനീയറും ഇളയ മകൾ ഡോക്ടറുമാണ്. എഞ്ചിനീയർക്ക് എഞ്ചിനീയറേയും ഡോക്ടർക്ക് ഡോക്ടറേയും ജീവിത പങ്കാളിയായി കിട്ടി. മകൻ വിവാഹം കഴിച്ചതും ഒന്നും വാങ്ങാതെയാണ്. അവൻ അഭിഭാഷകനാണ്. വധു അഭിഭാഷകയാകാൻ പഠിക്കുന്നു. സ്വർണ്ണത്തെക്കാളും പണത്തെക്കാളും നമ്മുടെ മക്കൾക്ക് വിലയുണ്ടെന്ന് ആദ്യം തോന്നേണ്ടത് നമുക്കാണ്. എങ്കിലല്ലേ മറ്റുള്ളവർക്കും അത് തോന്നൂ.

ഡോ: ഷഹാന മരിച്ചതല്ല. അവളെ കപടമായി സ്നേഹം നടിച്ച ആ അധമൻ കൊന്നതാണ്. ഡോ: റുവൈസ് മെഡിക്കൽ പി.ജി അസോസിയേഷൻ്റെ പ്രസിഡണ്ടായത് എങ്ങിനെയെന്നതാണ് എന്നെ അൽഭുതപ്പെടുത്തുന്നത്. പണത്തെ പടച്ചവനായി കാണുന്ന ഇത്തരം വിഷജന്തുക്കളെ തിരിച്ചറിയാനാകാത്തതാണ് നമ്മുടെ നാടിൻ്റെയും സമൂഹത്തിൻ്റെയും ശാപം.

പെൺമക്കളുടെ രക്ഷിതാക്കൾ ഒരു പ്രതിജ്ഞയെടുക്കുക. തങ്ങളുടെ പെൺമക്കളെ പൊന്നും പണവും മോഹിക്കാത്തവനേ വിവാഹം കഴിപ്പിച്ച് കൊടുക്കൂ എന്ന്. എല്ലാ രക്ഷിതാക്കളും അങ്ങിനെ തീരുമാനിച്ചാൽ ഏഴാനാകാശത്ത് പോയി പൊന്നിൽ പൊതിഞ്ഞ പെണ്ണിനെ കൊണ്ട് വന്ന് ഒരു ധനമോഹിയായ വഷളനും കല്യാണം കഴിക്കില്ല. സമൂഹം ഒറ്റക്കെട്ടായി നിന്നാൽ സ്ത്രീധനത്തിൻ്റെ ബലിക്കല്ലിൽ ഒരു പെൺകൊടിക്കും ജീവിതം ഒടുക്കേണ്ടി വരില്ല. എന്തുവേണമെന്ന് തീരുമാനിക്കേണ്ടത് ഞാനും നിങ്ങളുമാണ്.

"സ്വയം മാറാൻ സന്നദ്ധമാകാത്ത ഒരു സമൂഹത്തെയും ദൈവം മുൻകയ്യെടുത്ത് മാറ്റുകയില്ല" (വിശുദ്ധ ഖുർആൻ). മാറണമെങ്കിൽ നമ്മൾ തന്നെ തീരുമാനിക്കണം. സ്വയം തീരുമാനിക്കാതെ ഒരു നാട്ടിലും കുടുംബത്തിലും മാറ്റമുണ്ടാവില്ല.

Tags:    
News Summary - kt jaleel about Dr Shahana Death Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.