മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫുകളുടെ പെൻഷൻ റദാക്കണമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ കേരളം കിതക്കുമ്പോൾ രാജിവെച്ച രണ്ട് മന്ത്രിമാരുടെ 37 സ്റ്റാഫുകൾക്ക് കൂടി പെൻഷൻ ലഭിക്കുന്ന സാഹചര്യം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എൽ.ഡി.എഫിലെ ഘടകക്ഷികൾക്കെല്ലാം മന്ത്രിസ്ഥാനം കൊടുക്കാൻ പൊതുഖജനാവിലെ പണം ധൂർത്തടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.

രണ്ട് വർഷവും ഒരു ദിവസവും മന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ ജോലി ചെയ്താൽ പെൻഷൻ കൊടുക്കണമെന്നാണ് കേരളത്തിലെ നിയമം. ഇതോടെ രാജിവെച്ച മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിലെ 37 രാഷ്ട്രീയ നിയമനങ്ങൾക്കും പെൻഷൻ കൊടുക്കണം. കൂടാതെ പുതുതായി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ രണ്ട് മന്ത്രിമാരുടെയും പഴ്സനൽ സ്റ്റാഫിലുള്ളവർക്കും പെൻഷൻ ലഭിക്കും.

കർഷകർക്കും പാവങ്ങൾക്കും അർഹിച്ച ആനുകൂല്ല്യങ്ങൾ നിഷേധിക്കുന്ന സർക്കാർ ഇടതുപക്ഷത്തെ എല്ലാ ഘടകക്ഷികളുടേയും പരിവാരങ്ങൾക്ക് പൊതുഖജനാവിലെ പണം തിന്നു കൊഴുക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ്. കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും ഇങ്ങനെ പെൻഷൻ കൊടുക്കുന്നില്ല. കേന്ദ്രമന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിലുള്ളവർക്കും പെൻഷൻ ഇല്ല.

എന്നാൽ ഇവിടെ പാർട്ടിക്കാർക്ക് പെൻഷൻ കൊടുക്കാൻ വേണ്ടി രണ്ടര വർഷത്തേക്കാണ് സ്റ്റാഫ് നിയമനം പോലും നടത്തുന്നത്. പ്രതിപക്ഷ നേതാവിന്റെയും സ്റ്റാഫുകൾക്ക് പെൻഷൻ ലഭിക്കുന്നതിനാൽ ഇരുകൂട്ടരും പര്സ്പരം സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവരുടെ പഴ്സനൽ സ്റ്റാഫിലുണ്ടായിരുന്നവർക്കു പെൻഷൻ നൽകാനായി സംസ്ഥാനത്ത് ഒരു മാസം ചെലവഴിക്കുന്നത് 73 ലക്ഷംരൂപയാണ്. ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ പണമില്ലാത്ത നാട്ടിൽ 1340 പേരാണ് നിലവിൽ പെൻഷൻ വാങ്ങുന്നത്.

70,000 രൂപ വരെ പെൻഷൻ വാങ്ങുന്നവർ കേരളത്തിലുണ്ട്. 25ൽ കൂടുതൽ സ്റ്റാഫുകളുള്ള മന്ത്രിമാർ വരെ സംസ്ഥാന മന്ത്രിസഭയിലുണ്ട്. ജനങ്ങളെ എങ്ങനെയും കൊള്ളയടിക്കുന്ന കൊള്ളക്കാരുടെ മാനസികാവസ്ഥയാണ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമുള്ളതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - K.Surendran should cancel the pension of the personal staff of the ministers.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.