'ഇരുമ്പുവടിയും സൈക്കിൾ ചെയിനുമായെത്തി'; കണ്ണൂരിൽ കെ.എസ്.യു നേതാവിന് മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ തലശ്ശേരി പാലയാട് കാമ്പസിൽ കെ.എസ്.യു നേതാവിന് നേരെ മുഖംമൂടി സംഘത്തിന്റെ ക്രൂരമർദനം. രണ്ടാം വർഷ നിയമ വിദ്യാർഥിയും കെ.എസ്.യു കോഴിക്കോട് ജില്ല സെക്രട്ടറിയുമായ ബിതുൽ ബാലനാണ് മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പത്തോളം വരുന്ന മുഖംമൂടി സംഘം ബിതുൽ താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കയറി മാരകായുധങ്ങളുമായി മർദിക്കുകയായിരുന്നുവെന്ന് കെ.എസ്.യു പ്രവർത്തകർ പറഞ്ഞു. ഇരുമ്പുവടിയും സൈക്കിൾ ചെയിനുമായാണ് സംഘമെത്തിയത്. മിനിറ്റുകൾ നീണ്ട ആക്രമണത്തിനൊടുവിൽ സംഘം ഹോസ്റ്റലിൽനിന്ന് രക്ഷപ്പെട്ടെന്നും ഇവർ പറഞ്ഞു.

പാലയാട് കാമ്പസിൽ നിലവിൽ വിദ്യാർഥി സംഘടനകൾ തമ്മിൽ പ്രശ്നമൊന്നുമില്ല. എസ്.എഫ്.ഐ പ്രവർത്തകർ ഉൾപ്പടെയുള്ള വിദ്യാർഥികൾക്കൊപ്പമാണ് അതുലും താമസിക്കുന്നത്. ആളറിയാതെ ഏതാനും പേർക്കും മർദനമേറ്റിട്ടുണ്ട്.

പ്രകോപനമൊന്നുമില്ലാതെയാണ് ആക്രമണമെന്നും തൃശൂർ മാളയിലുണ്ടായ സംഘർഷത്തിന്റെ തിരിച്ചടിയാണ് ആക്രമണമെന്ന് സംശയിക്കുന്നതായും കെ.എസ്.യു സംസ്ഥാന ​​​വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

Tags:    
News Summary - KSU leader brutally beaten by masked gang in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.