പത്തനംതിട്ട: സാമ്പത്തിക സഹായം തേടി കെ.എസ്.ആർ.ടി.സി വീണ്ടും ജില്ല സഹ. ബാങ്കുകളിലേക്ക്. ഒാണക്കാലത്ത് ശമ്പളം മുടങ്ങാതിരിക്കാനാണ് വീണ്ടും സഹ. ബാങ്കുകളിൽനിന്ന് വായ്പയെടുക്കാനുള്ള തീരുമാനം. ഇതിനു സർക്കാർ ഗാരൻറി അനുവദിച്ച് ഉത്തരവിറങ്ങി. കണ്ണൂര്‍ ജില്ല സഹ. ബാങ്കിൽനിന്ന് നേരത്തേ 100 കോടി വായ്പ എടുത്തിരുന്നു. ഇപ്പോൾ പത്തനംതിട്ട ജില്ല ബാങ്കിൽനിന്ന് 40 കോടിയും പാലക്കാട് ജില്ല ബാങ്കിൽനിന്ന് 90 കോടിയും വായ്പയെടുക്കാനാണ് സർക്കാർ ഗാരൻറി.
നേരത്തേ പത്തനംതിട്ട ജില്ല ബാങ്കിൽനിന്ന് 130 കോടിയും കണ്ണൂർ ജില്ല ബാങ്കിൽനിന്ന് 100കോടിയും വായ്പയെടുക്കുന്നതിന് അനുവാദം നൽകി ജൂണിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, പത്തനംതിട്ട ജില്ല ബാങ്കിലെ ഒരു വിഭാഗം ജീവനക്കാരുടെ സംഘടന ഹൈകോടതിയെ സമീപിച്ചതോടെ വായ്പ അനുവദിക്കുന്നത് തടഞ്ഞു. അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ് പത്തനംതിട്ട ബാങ്ക്. എന്നാൽ, കണ്ണൂരിൽനിന്ന് ഒരൊറ്റ ദിവസംകൊണ്ട് വായ്പ അനുവദിക്കുകയായിരുന്നു.
ലോണ്‍ അനുവദിക്കുന്ന കാര്യത്തിലെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് ജീവനക്കാര്‍ സൃഷ്ടിച്ച നാടകീയ രംഗങ്ങള്‍ക്ക് ഒടുവിലായിരുന്നു ലോണ്‍ അനുവദിക്കലും കൈമാറ്റവും നടന്നത്. വായ്പ വിതരണം ചെയ്യാൻ സമ്മർദം ഏറിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ മാനേജർ കുഴഞ്ഞുവീണു. തുടർന്ന് ജനറൽ മാനേജർ നേരിട്ടാണ് പണം നൽകിയത്. ഹൈകോടതി ഇടപെടൽ നിലനിൽക്കെയാണ് പത്തനംതിട്ടയിൽനിന്ന് 40 കോടി നൽകാനുള്ള സർക്കാർ നിർദേശം. ഇത് വീണ്ടും നിയമപ്രശ്നത്തിലേക്ക് വഴിയൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.