പ്രതീകാത്മക ചിത്രം

കെ.എസ്.ആർ.ടി.സി: ഗ്രാമവണ്ടികൾക്ക് ഇന്ധനച്ചെലവ് വഹിക്കാൻ അനുമതി

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന ഗ്രാമവണ്ടികള്‍ക്ക് ഇന്ധനത്തിന് ചെലവാകുന്ന തുക തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽനിന്ന് വിനിയോഗിക്കാൻ സർക്കാർ അനുമതി. തദ്ദേശമന്ത്രി എം.വി. ഗോവിന്ദനും ഗതാഗതമന്ത്രി ആന്‍റണി രാജുവും നടത്തിയ ചർച്ചയെതുടര്‍ന്നാണ് ഉത്തരവ്. പൊതുജനങ്ങളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും സ്പോണ്‍സർഷിപ് സ്വീകരിച്ച് ഇന്ധനച്ചെലവ് തുക കണ്ടെത്തുന്ന കാര്യം തദ്ദേശസ്ഥാപനങ്ങൾക്ക് തീരുമാനിക്കാം.

ഇന്ധനം ഒഴികെയുള്ള ചെലവുകള്‍ കെ.എസ്.ആർ.ടി.സിയാണ് വഹിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ നിർദേശാനുസരണം ഗ്രാമവണ്ടികളുടെ റൂട്ടുകള്‍ ക്രമീകരിക്കും. സ്റ്റേ ബസുകളിലെ ജീവനക്കാര്‍ക്ക് സ്റ്റേ റൂമും പാര്‍ക്കിങ് സൗകര്യവും തദ്ദേശസ്ഥാപനങ്ങള്‍ തയാറാക്കും. എം.എൽ.എമാർ നിർദേശിക്കുന്ന സര്‍വിസുകള്‍ക്ക് മുന്‍ഗണന നല്‍കും. ഗതാഗത സൗകര്യം തീരെയില്ലാത്ത മേഖലകളില്‍ ഗ്രാമവണ്ടി ഓടിത്തുടങ്ങുന്നതോടെ പൊതുഗതാഗത സൗകര്യം വർധിപ്പിക്കാൻ സാധിക്കുമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു.

ജന്മദിനം, വിവാഹവാർഷികം, ചരമവാര്‍ഷികം പോലുള്ള വിശേഷ അവസരങ്ങളിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഗ്രാമവണ്ടി സ്പോൺസർ ചെയ്യാം. സ്പോൺസറുടെ വിവരം പ്രത്യേകം പ്രദർശിപ്പിക്കാൻ സംവിധാനവും ഒരുക്കും. ഗ്രാമവണ്ടികള്‍ നിരത്തിലിറങ്ങുന്നതോടെ കേരളത്തിലെ ഗ്രാമീണ മേഖലയിലെ യാത്രാപ്രശ്നം ഒരുപരിധിവരെ പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - KSRTC: Village vehicles allowed to bear fuel costs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.