യാത്ര സൗജന്യമാണ് പക്ഷേ, ടിക്കറ്റ് എടുത്തില്ലെങ്കിൽ പണി കിട്ടും

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്രയാണെങ്കിലും ടിക്കറ്റ് എടുത്തില്ലെങ്കില്‍ പണി കിട്ടും. ബസില്‍ കയറിയാല്‍ മറക്കാതെ പഴയതു പോലെ ടിക്കറ്റ് എടുക്കണം. പണം നല്‍കേണ്ടതില്ല. സീറോ ടിക്കറ്റ് ആണെങ്കിലും എത്ര രൂപയാണെന്ന് അതില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ടിക്കറ്റ് ചെക്കര്‍മാര്‍ പരിശോധനക്ക് എത്തുമ്പോള്‍ ടിക്കറ്റ് എടുത്തിട്ടില്ലെങ്കില്‍ പിഴ നല്‍കേണ്ടിവരും. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നതിന് 500 രൂപ പിഴയായി ഈടാക്കും. സ്ത്രീകള്‍ക്ക് ഒപ്പമുള്ളത് ആണ്‍കുട്ടികളാണെങ്കില്‍ 5നും 11നും ഇടയില്‍ പകുതി ടിക്കറ്റും പ്രായം 12 ആയെങ്കില്‍ ഫുള്‍ ടിക്കറ്റും എടുക്കണം.

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി ഓര്‍ഡിനറി വിഭാഗം ബസുകള്‍ക്ക് മാത്രമാണെന്നും സിറ്റി ഫാസ്റ്റ് സര്‍വിസുകള്‍ക്ക് ആനുകൂല്യമില്ലെന്നും കെ.എസ്.ആര്‍.ടി.സി പറയുന്നു. ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഔദ്യോഗിക വിശദീകരണം. തിരുവനന്തപുരം നഗരത്തിലൂടെ 384 സിറ്റി ഫാസ്റ്റ് ബസുകളും ജില്ലയിലാകെ 687 ഓര്‍ഡിനറി ബസുകളുമാണ് നിലവില്‍ സര്‍വിസ് നടത്തുന്നത്. പ്രിയദര്‍ശിനി പദ്ധതിയില്‍ ഉള്‍പ്പെട്ട ബസുകൾ തിരിച്ചറിയാൻ ബസുകളുടെ മുന്‍വശത്തും പ്രവേശന വാതിലുകളിലും സ്റ്റിക്കറുകള്‍ പതിപ്പിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനാണ് ഈ നടപടിയെന്ന് കെ.എസ്.ആർ.ടി.സി അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ നിലവിൽ 34 ഓർഡിനറി ബസുകളാണുള്ളത് (32 ഇലക്ട്രിക് ബസുകളും 2 ഡീസൽ ബസുകളും). ഇവയിലെല്ലാം 'പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര' എന്ന് പെയിന്റ് ചെയ്തിട്ടുണ്ട്. ഇവക്ക് പുറമെ ദീർഘകാലമായി സർവീസ് നടത്തുന്ന 47 സിറ്റി ഫാസ്റ്റ് ബസുകളുണ്ട്. ഈ സിറ്റി ഫാസ്റ്റ് ബസുകളിൽ മാത്രമാണ് തിരിച്ചറിയാനായി സ്റ്റിക്കറുകൾ പതിപ്പിച്ചിരിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച സൗജന്യയാത്രാ പദ്ധതി ഓർഡിനറി വിഭാഗം ബസുകൾക്ക് മാത്രമാണ് ബാധകമെന്നും അധികൃതർ പറഞ്ഞു.

ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, ടൗൺ ടു ടൗൺ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലാണ് നിലവിൽ സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. ജില്ലയിൽ ആകെ 687 ഓർഡിനറി ബസുകളും, നഗരത്തിൽ മാത്രം 384 സിറ്റി ഫാസ്റ്റ് ബസുകളും സർവീസ് നടത്തുന്നുണ്ട്. 2022 ഏപ്രിൽ 30ലെ സർക്കാർ വിജ്ഞാപന പ്രകാരം സിറ്റി ഓർഡിനറി ബസുകളുടെ കുറഞ്ഞ നിരക്ക് 10 രൂപയാണ്. പദ്ധതിയിൽ ഉൾപ്പെടാത്ത സിറ്റി ഫാസ്റ്റ് സർവീസുകൾക്ക് കുറഞ്ഞ നിരക്ക് 12 രൂപയും കിലോമീറ്ററിന് 1.03 രൂപയുമാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.

Tags:    
News Summary - The ride is free, but if you don't buy a ticket, you'll get the job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.