കെ.എസ്.ആര്‍.ടി.സി പുന:സംഘടന: സുശീല്‍ ഖന്നയുമായി 15ന് കൂടിക്കാഴ്ച, പ്രാഥമിക റിപ്പോര്‍ട്ടിന് ആവശ്യപ്പെടും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പുന$സംഘടനയെക്കുറിച്ച് പഠനത്തിനു നിയോഗിച്ച കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിലെ പ്രഫ. സുശീല്‍ ഖന്നയുമായി ഈ മാസം 15ന് അധികൃതര്‍ കൂടിക്കാഴ്ച നടത്തും.  പ്രാഥമിക റിപ്പോര്‍ട്ടെങ്കിലും സമര്‍പ്പിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടാനാണ് തീരുമാനം. പ്രതിസന്ധി ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

കെ.എസ്.ആര്‍.ടി.സിയില്‍ ഫോട്ടോ പതിപ്പിച്ച സീസണ്‍ കാര്‍ഡുകള്‍ ഈ മാസംതന്നെ ആരംഭിക്കും. ഇതിനു പകരം സ്മാര്‍ട്ട് കാര്‍ഡുകള്‍ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിച്ചെങ്കിലും ഇതിന് ഭാരിച്ച ചെലവു വരും. അതിനാല്‍  ഹോളോഗ്രാം മുദ്രയുള്ള സീസണ്‍ കാര്‍ഡുകളാവും ഏര്‍പ്പെടുത്തുക. സര്‍ക്കാര്‍ ജീവനക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുന്നതിന് വകുപ്പുസെക്രട്ടറിമാരുടെ യോഗം വിളിച്ചുചേര്‍ക്കും. കെ.എസ്.ആര്‍.ടി.സി എം.ഡിയും പങ്കെടുക്കും.

പ്രതിസന്ധി പരിഹരിക്കാന്‍ ട്രേഡ് യൂനിയനുകളും ഇടപെടുമെന്ന് ചൊവ്വാഴ്ച ചേര്‍ന്ന  യോഗത്തില്‍ നേതാക്കള്‍ വ്യക്തമാക്കി. പരമാവധി യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് യൂനിയനുകളുടെ സഹകരണവും ഉറപ്പുനല്‍കിയിട്ടുണ്ട്. വായ്പയെടുത്ത് ശമ്പളവും പെന്‍ഷനും നല്‍കുന്ന പ്രവണത അവസാനിപ്പിക്കണമെന്നാണ് സര്‍ക്കാറിന്‍െറ നിലപാട്. ട്രേഡ് യൂനിയനുകളുടെ യോഗത്തില്‍ മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

കേന്ദ്രസര്‍ക്കാറിന്‍െറ പുതിയ നിര്‍ദേശങ്ങളെ തുടര്‍ന്ന് ബാങ്കുകളും വായ്പ നല്‍കുന്നതില്‍ വൈമുഖ്യം കാട്ടുന്നു. നിലവില്‍ ലഭിക്കുന്ന വരുമാനത്തിന്‍െറ ഒരു ശതമാനം പോലും ശമ്പളത്തിനോ പെന്‍ഷനോ നീക്കിവെക്കാനാവാതെ പൂര്‍ണമായും വായ്പാ തിരിച്ചടവിനായി വിനിയോഗിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
 

Tags:    
News Summary - ksrtc reshuffle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.