ശബരിമല സർവിസിന് സ്വകാര്യ ബസുകളെ വാടകക്കെടുത്ത് കെ.എസ്.ആർ.ടി.സി

പത്തനംതിട്ട: മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി, സ്വകാര്യബസുകൾ വാടകക്കെടുത്ത് പമ്പയിലേക്ക് സർവിസ് നടത്തും. ഇതിനായി സ്വീകരിച്ച ഇ-ടെൻഡുകളുടെ പരിശോധന പുരോഗമിക്കുകയാണെന്ന് കെ.എസ്.ആർ.ടി.സി. കിലോമീറ്ററിന് കുറഞ്ഞ തുക കാണിച്ച ബസുകൾക്കാണ് ടെൻഡർ ഉറപ്പിക്കുക. കേരളത്തിലെ എല്ലാ ഡിപ്പോകളിലും മുന്നൂറ് സ്വകാര്യബസുകൾ ഓടിക്കാനാണ് തീരുമാനം.

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി ആദ്യമായാണ് സ്വകാര്യബസുകൾ ഓടിക്കുന്നത്. ഡ്രൈവർ സഹിതം ബസ് തരാൻ താത്പര്യമുള്ളവരിൽനിന്നാണ് ടെൻഡർ ക്ഷണിച്ചത്. എട്ടുവർഷത്തിൽ താഴെ പഴക്കമുള്ള ടൂറിസ്റ്റ് ബസിന്റെ മാതൃകയിലുള്ള ബസുകളെയാണ് പരിഗണിക്കുക. കെ.എസ്.ആർ.ടി.സി നിശ്ചയിച്ചിരിക്കുന്ന നിരക്കായിരിക്കും വാടകബസിലും ഈടാക്കുക. എന്നാൽ, കരാർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം വരേണ്ടതുണ്ട്. സ്വകാര്യബസ് ഉടമകളുമായി ചർച്ച നടത്തിയശേഷമാണ് ടെൻഡർ ക്ഷണിച്ചതെങ്കിലും പ്രതീക്ഷിച്ച പ്രതികരണമുണ്ടായില്ല.

സീസണിൽ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവിസുകളാണ് കൂടുതലായി പമ്പക്ക് സർവിസ് നടത്തും. സ്ത്രീ സൗജന്യയാത്ര ഉണ്ടാകില്ല. നിലവിൽ പമ്പക്ക് പതിവുസർവിസ് നടത്തുന്ന പ്രിയദർശിനി ബസുകൾകൂടി തീർഥാടനകാലത്ത് ഒഴിവാക്കിയേക്കും. മുൻ വർഷങ്ങളിൽ കെ.എസ്.ആർ.ടി.സി പുതിയ ബസുകൾ വാങ്ങി മണ്ഡല-മകരവിളക്കുകാലത്തെ പമ്പ ഓട്ടം കഴിയുമ്പോൾ ബസുകൾ ആവശ്യമുള്ള ഡിപ്പോകൾക്ക് നൽകുകയായിരുന്നു. കെ.എസ്.ആർ.ടി.സി ബസുകളുടെ കാലപ്പഴക്കവും പുതിയത് വാങ്ങാനുള്ള സാമ്പത്തിക തടസ്സവുമാണ് സ്വകാര്യബസുകൾ വാടകക്കെടുക്കാൻ കാരണം.

ശബരിമല സീസണിൽ കെ.എസ്.ആർ.ടി.സിക്ക് വരുമാനം വർധിക്കുമെങ്കിലും ബസുകൾ ആവശ്യത്തിനില്ല. ഉള്ളതിലേറെയും പതിനാറുവർഷത്തിൽ കൂടുതൽ പഴക്കമുള്ള ബസുകളാണ്. പതിനഞ്ചുവർഷം കഴിഞ്ഞ പൊതുമേഖലാ വാഹനങ്ങൾ പൊളിക്കണമെന്നാണ് കേന്ദ്രസർക്കാർ നയമെങ്കിലും ബസുകളുടെ കുറവും സാമ്പത്തിക പ്രതിസന്ധിയും കാരണം കെ.എസ്.ആർ.ടി.സിയുടെ കാലാവധി ഇരുപതുവർഷമാക്കിയിട്ടുണ്ട്. 

Tags:    
News Summary - KSRTC Hires Private Buses for Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.