കെ.എസ്.ആർ.ടി.സി സൗജന്യയാത്ര: തൃശൂരിൽ ഉദ്ഘാടന യാത്രയിൽ തന്നെ സ്ത്രീകളിൽ നിന്ന് പണം ഈടാക്കിയെന്ന് പരാതി

തൃശൂർ: കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടന യാത്രയിൽ തന്നെ സ്ത്രീകൾക്ക് ദുരനുഭവം. തൃശൂരിൽനിന്ന് ചാലക്കുടി റൂട്ടിലോടിയ ഓർഡിനറി ബസിൽ യാത്ര ചെയ്ത സ്ത്രീകളിൽനിന്ന് കണ്ടക്ടർ ടിക്കറ്റ് നിരക്ക് ഈടാക്കിയതായാണ് പരാതി ഉയർന്നത്. പദ്ധതിയുടെ ഭാഗമായി സൗജന്യയാത്ര അനുവദിച്ചിട്ടുണ്ടെങ്കിലും, സിസ്റ്റം അപ്‌ഡേറ്റ് ആയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യാത്രക്കാരിൽനിന്ന് പണം ഈടാക്കിയത്.

രാവിലെ 9.34-ഓടെ ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ടി വന്നുവെന്ന് പരാതിപ്പെട്ട സ്ത്രീകൾ, ഉദ്ഘാടനത്തിന് ശേഷമാണ് ബസിൽ കയറിയതെന്ന് വ്യക്തമാക്കി. പുതുക്കാട് വെച്ച് ഈ ബസിന് സ്വീകരണം നൽകുകയും ചെയ്തിരുന്നു. തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ബസിൽ യാത്ര ചെയ്യുകയും ചെയ്തു. എൽ.ഡി.എഫ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുകയാണുണ്ടായത്. സർക്കാർ അധികാരത്തിൽ വന്ന് ഒരു മാസം തികയുന്നതിന് മുമ്പ് നൽകിയ വാഗ്ദാനം നിറവേറ്റാൻ കഴിഞ്ഞതിലെ സംതൃപ്തി മുഖ്യമന്ത്രി പങ്കുവെച്ചു. 'പ്രിയദർശിനി' പദ്ധതിയുടെ ഒന്നാം ഘട്ടമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തുടനീളമുള്ള കെ.എസ്.ആർ.ടി.സിയുടെ 3125 ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും പ്രായഭേദമന്യേ സൗജന്യയാത്ര അനുവദിക്കുന്നത്. ഇത്തരം ബസുകൾ തിരിച്ചറിയുന്നതിനായി 'പ്രിയദർശിനി' സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്. സൗജന്യമാണെങ്കിലും യാത്രക്കാർ സീറോ ടിക്കറ്റ് എടുക്കണമെന്നാണ് നിബന്ധന.

Tags:    
News Summary - KSRTC Free Travel: Complaints of charging women passengers during the maiden trip in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.