കെ.എസ്.ആർ.ടി.സി: സി.എം.ഡി വിദേശത്ത്, കൈമലർത്തി മന്ത്രി, ശമ്പളക്കാര്യത്തിൽ അനിശ്ചിതത്വം

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സി ശമ്പളക്കാര്യത്തിൽ അനിശ്ചിതത്വം കനക്കുന്നതിനിടെ സി.എം.ഡി ബിജുപ്രഭാകർ വിദേശത്തേക്ക്​​ പോയി. വായ്പ തരപ്പെട്ടില്ലെന്നു​ മാത്രമല്ല ശമ്പളക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെന്നു ഗതാഗതമന്ത്രി ആന്‍റണി രാജു കൈമലർത്തുക കൂടി ചെയ്തതതോടെ തൊഴിലാളികൾ വെട്ടിൽ. നെതർലൻഡ്​സിലെ ആംസ്​റ്റർഡാമിൽ അന്താരാഷ്​ട്ര സമ്മേളനത്തിൽ പ​ങ്കെടുക്കാനായാണ്​ സി.എം.ഡി പോയത്​. പകരം ചുമതല നൽകിയിട്ടുണ്ടെങ്കിലും വായ്പാ നടപടി ഇഴഞ്ഞുനീങ്ങുകയാണ്​. 19നേ സി.എം.ഡി തിരികെവരൂ.

സർക്കാറിനു നൽകിയ വാക്ക്​ പാലിക്കാതെ പണിമുടക്കിലേക്ക്​ പോയതാണ്​ മന്ത്രിയുടെ നിസ്സഹകരണത്തിന്​ കാരണം. ശമ്പളക്കാര്യത്തിൽ ഇനി ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന്​ മന്ത്രി ചൊവ്വാഴ്​ചയും തുറന്നടിച്ചു. സർക്കാർ നിലപാട്​ വ്യക്തമാക്കി ഉറപ്പു​ നൽകിയിട്ടും വിശ്വാസത്തിലെടുക്കാൻ തയാറാകാതെ സ്ഥാപനത്തെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക്​ തള്ളിവിടുന്ന സമരത്തിലേക്ക്​ പോയാൽ പിന്നെ എന്തു ചെയ്യാൻ കഴിയും. സമരം ​ചെയ്യില്ലെന്ന ഉറപ്പിലാണ്​ 10ാം തീയതിക്ക്​ ശമ്പളം നൽകാമെന്ന്​ പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.

50 കോടിയുടെ താൽക്കാലിക വായ്പയ്ക്കു സഹകരണ സ്ഥാപനങ്ങളെ അടക്കം തിങ്കളാഴ്ച സമീപിച്ചെങ്കിലും വിജയിച്ചില്ല. കെ.ടി.ഡി.എഫ്.സിയെവരെ സമീപിച്ചിട്ടുണ്ട്. 3000 കോടിയുടെ എസ്.ബി.ഐ കണ്‍സോർട്യം വായ്പ നിലനില്‍ക്കുന്നതിനാല്‍ മറ്റു വായ്പ സ്വീകരിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. വിദേശത്തെ ചികിത്സ കഴിഞ്ഞ ശേഷം മടങ്ങിയെത്തുന്ന മുഖ്യമന്ത്രി കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക പ്രശ്‌നത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന്​ നേരത്തേ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിലാണ് തൊഴിലാളികളുടെ പ്രതീക്ഷ. മാർച്ചിലെ ശമ്പളം ഏപ്രിൽ 19നാണ് നല്‍കിയത്. ഈ സ്ഥിതി തുടര്‍ന്നാല്‍ അനിശ്ചിതകാല സമരത്തെക്കുറിച്ച് ചിന്തിക്കേണ്ടിവരുമെന്നാണ്​ യൂനിയനുകളുടെ നിലപാട്​. പണിമുടക്കിയ തൊഴിലാളികളോട് വൈരാഗ്യബുദ്ധിയോടെ മാനേജ്‌മെന്‍റ്​ പെരുമാറുന്നത് ഗുണകരമാകില്ലെന്നും അഭിപ്രായമുയർന്നിട്ടുണ്ട്​. 

Tags:    
News Summary - KSRTC: CMD abroad, handshake minister, uncertainty over salary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.