തിരുവനന്തപുരം: പുരപ്പുറ സൗരോർജ ഉൽപാദനം വർധിച്ചത് ഗ്രിഡിലേക്ക് നൽകുന്നത് വർധിച്ചതോടെ പ്രതിവർഷം 500 കോടിയുടെ നഷ്ടമെന്ന് കെ.എസ്.ഇ.ബി. ഇതുമൂലം 2024-25 വർഷം സോളർ ഇല്ലാത്ത സാധാരണ ഉപഭോക്താവിന്റെ ബില്ലിൽ അധികബാധ്യതയായി എത്തുന്നത് യൂനിറ്റൊന്നിന് 19 പൈസയാണ്. 10 വർഷത്തിനകം ഈ ബാധ്യത യൂനിറ്റിന് 40 പൈസയിലെത്തും. പുനരുപയോഗ ഊർജചട്ട ഭേദഗതിയുടെ കരട് സംബന്ധിച്ച തെളിവെടുപ്പിന്‍റെ ഭാഗമായാണ് സോളാർ വരുത്തുന്ന ‘നഷ്ടക്കണക്കുകൾ’കെ.എസ്.ഇ.ബി സമർപ്പിച്ചത്.
പകൽസമയത്ത് സോളാർ പ്ലാന്‍റുകളിൽനിന്നുള്ള വൈദ്യുതി വലിയതോതിൽ ഗ്രിഡിലേക്ക് എത്തുന്നുണ്ട്. ഇതുമൂലം മുഴുവൻ സമയവും വൈദ്യുതി വാങ്ങൽ ബാധകമായ കരാറുകൾ പ്രകാരമുള്ള വൈദ്യുതി സറണ്ടർ ചെയ്യേണ്ടിവരുന്നതാണ് നഷ്ടം വർധിപ്പിക്കുന്ന പ്രധാനഘടകം.
പകൽ വൈദ്യുതിക്ക് വില കുറവാണ്. ഈ സമയം സോളാർ പ്ലാന്‍റുകളിൽ നിന്ന് ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് പകരം അതേ അളവിൽ തിരികെ സോളാർ ഉൽപാദകർക്ക് രാത്രിയിൽ വിലകൂടിയ വൈദ്യുതി നൽകുന്നതാണ് സാമ്പത്തിക ബാധ്യത വർധിപ്പിക്കുന്ന മറ്റൊരു ഘടകം. സോളാർ വ്യാപനവുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാന സൗകര്യവികസനത്തിനും നല്ല തുക വേണ്ടിവരുന്നു. ഇതെല്ലാം സംസ്ഥാനത്ത് സോളാർ പാനലുകൾ വ്യാപകമാവുന്നതിന്‍റെ പ്രത്യാഘാതമായി കെ.എസ്.ഇ.ബി വിവരിക്കുന്നു.
സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന സോളർ വൈദ്യുതിയുടെ 70 ശതമാനും പകൽ ഗ്രിഡിലേക്ക് എത്തുന്നുണ്ട്. എന്നാൽ ഇത് ഇനിയും വർധിച്ചാൽ ഗ്രിഡ് പ്രവർത്തനെത്ത ബാധിക്കും. ജലസേചന പദ്ധതികൾക്കടക്കം പ്രയോജനപ്പെടുത്തുന്നതിനാൽ ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള ഉൽപാദനം പകൽ 350 മെഗാവാട്ടിന് താഴേക്ക് പരിമിതപ്പെടുത്താനാവില്ല. മൺസൂൺകാലത്ത് ജലവൈദ്യുത പദ്ധതികൾ പൂർണമായി പ്രവർത്തിച്ചിച്ചാണ് വെള്ളം ക്രമീകരിക്കുന്നത്. ഈ സമയത്തും സോളാർ ഉൽപാദനത്തിൽ മൂന്നിലൊന്ന് കുറവുമാത്രമാണുള്ളത്.
ഉപഭോക്താക്കൾ അവരുടെ ആവശ്യത്തിനുസരണം സോളാർ വൈദ്യുതി ഉപയോഗിക്കുകയും ഗ്രിഡിലേക്ക് നൽകുന്നത് കുറക്കുകയുമാണ് നിലവിലെ പ്രതിസന്ധിക്ക് പരിഹാരം. ബാറ്ററി സംവിധാനവും പ്രയോജനപ്പെടുത്താം. കെ.എസ്.ഇ.ബി സ്വന്തംനിലക്ക് ബാറ്ററി സ്റ്റോറേജ് സ്ഥാപിക്കുന്നുണ്ടെങ്കിലും ഇത് വ്യാപാകമാക്കിയാൽ അതിനുള്ള അധികചെലവും സാധാരണ ഉപഭോക്താക്കളുടെ ബില്ലിൽ അധികബാധ്യതായി എത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
നെറ്റ് മീറ്ററിങ്ങിനുള്ള പരിധി രണ്ട് കിലോവാട്ടായി പരിമിതപ്പെടുത്തുക, എല്ലാത്തരം സോളർ വൈദ്യുത ഉൽപാദകർക്കും ഗ്രിഡ് സപ്പോർട്ട് ചാർജ് നിർബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങളും കെ.എസ്.ഇ.ബി കമീഷന് മുന്നിൽ ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.