40ഓളം രോഗികളുടെ ഡയാലിസിസിനിടെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബിയുടെ ക്രൂരത

പെരുമ്പാവൂർ: 40ഓളം രോഗികൾക്ക് ഡയാലിസിസ് നടത്തുന്നതിനിടെ ഡയാലിസിസ് കേന്ദ്രത്തിന്‍റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബിയുടെ ക്രൂരത. അല്ലപ്രയിൽ യാക്കോബായ സുറിയാനി സഭയുടെ കീഴിലെ കൊയ്നോണിയ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലാണ് സംഭവം. കെ.എസ്.ഇ.ബിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെ ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

ഇന്നലെ രാവിലെ 8.30ഓടെയാണ് കെ.എസ്.ഇ.ബി ലൈൻമാനെത്തി ഫ്യൂസ് ഊരിയത്. 30,000 രൂപയോളമാണ് സെന്ററിലെ വൈദ്യുതി ബിൽ. മേയ് ഒന്നിനു ചെക്കുമായി ജീവനക്കാരൻ ഓഫിസിലെത്തിയെങ്കിലും അവധിയായതിനാൽ മടക്കിയയച്ചു. പിറ്റേന്ന് ഓഫീസ് തുറക്കുന്നതിന് മുമ്പ് ലൈൻമാൻ എത്തി ഫ്യൂസ് ഊരുകയായിരുന്നു.

ഫ്യൂസ് ഊരിയതോടെ ജനറേറ്റർ തകരാറിലായതിനാൽ ഇൻവെർട്ടർ ഉപയോഗിച്ച് കുറച്ചു സമയം മാത്രമേ പ്രവർത്തിപ്പിക്കാനായുള്ളൂ. ഇതോടെ ആശുപത്രി അധികൃതരും രോഗികളുടെ ബന്ധുക്കളും വെങ്ങോല കെ.എസ്.ഇ.ബി ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ബിൽ അടക്കാതെ വൈദ്യുതി പുനഃസ്ഥാപിക്കാനാവില്ലെന്ന് അറിയിച്ചു. എം.എൽ.എ അടക്കം ബന്ധപ്പെട്ടെങ്കിലും അധികൃതർ വൈദ്യുതി പുനഃസ്ഥാപിച്ചില്ല.

ഇതോടെ നാട്ടുകാർ കെ.എസ്.ഇ.ബി ഓഫീസിലെത്തി ഉപരോധം തുടങ്ങി. തുടർന്ന് 11 മണിയോടെ ഓവർസിയറെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.

Tags:    
News Summary - KSEB disconnected electricity during dialysis of 40 patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.