മലപ്പുറം: വെള്ളാപ്പള്ളി നടേശൻ മലപ്പുറം ജില്ലയെക്കുറിച്ച് നടത്തിയ പരാമർശങ്ങളെ പൂർണമായും പിന്തുണക്കുന്നതായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല. ഏകോദര സഹോദരങ്ങളെപ്പോലെ തന്നെയാണ് മലപ്പുറത്തെ വ്യക്തിജീവിതങ്ങളും കുടുംബ ജീവിതങ്ങളുമൊക്കെ നടക്കുന്നതെന്ന് കെ.പി. ശശികല വ്യക്തമാക്കി.
മലപ്പുറത്തിന്‍റെ സ്നേഹത്തെ കുറിച്ച് ആരും ഞങ്ങളോട് പറയേണ്ട ആവശ്യമില്ല. ഇവിടെ മതങ്ങൾ തമ്മിലോ കുടുംബങ്ങൾ തമ്മിലോ പ്രശ്നങ്ങൾ ഉണ്ടെന്നല്ല വെള്ളാപ്പള്ളിയും ഞങ്ങളും പറയുന്നത്. എന്നാൽ, ഇവിടത്തെ ന്യൂനപക്ഷ വിഭാഗമായ ഹൈന്ദവ വിഭാഗങ്ങൾക്ക് അപകർഷബോധമോ ഭീതിയോ ബാധിച്ചിട്ടുണ്ട് എന്നത് ഒരു സത്യമാണ്.
മലപ്പുറത്തെ ഹൈന്ദവ സമൂഹത്തെക്കുറിച്ച് കൃത്യമായ പഠനം നടത്താൻ കമീഷനെ നിയമിക്കണമെന്ന് ഹിന്ദു ഐക്യവേദി നേരത്തേ ആവശ്യപ്പെട്ടതാണ്. ഹിന്ദു ഐക്യവേദിയുടെ പഠനങ്ങൾക്കപ്പുറമൊന്നും വെള്ളാപ്പള്ളി പറഞ്ഞിട്ടില്ല. മലപ്പുറം ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ മതപരമായ കണക്കെടുത്താൽ മനസ്സിലാവും ഒരു സമൂഹത്തിന്‍റെ പിന്നാക്കാവസ്ഥ.
ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നതിലും പിന്നാക്ക വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ നൽകുന്നതിലും വലിയ അവഗണനയുണ്ട്. മലയാള ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്‍റെ പ്രതിമ അദ്ദേഹത്തിന്‍റെ ജന്മസ്ഥലമായ തിരൂരിൽ സ്ഥാപിക്കാൻ ഇടത്, വലത് മുന്നണികൾക്ക് സാധിച്ചിട്ടില്ല. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പൊതുശ്മശാനം വേണമെന്ന നിയമത്തെയും ഇവിടെ ഗൗനിക്കുന്നില്ലെന്നും കെ.പി. ശശികല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
നിലമ്പൂർ ചുങ്കത്തറയിൽ നടന്ന എസ്.എൻ.ഡി.പി യോഗം കൺവെൻഷനിലാണ് വെള്ളാപ്പള്ളി മലപ്പുറം ജില്ലയെ കുറിച്ച് വിദ്വേഷ പരാമർശം നടത്തിയത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നും ഇവിടെ ഈഴവരെല്ലാം ഭയന്നു ജീവിക്കുന്നവരാണെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.
'നിങ്ങളുടെ പരിമിതികളും പ്രയാസങ്ങളും എനിക്കറിയാം. നിങ്ങൾ പ്രത്യേക രാജ്യത്തിനിടയിൽ മറ്റൊരു തരം ആളുകളുടെ ഇടയിൽ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് എനിക്കറിയാം.
സ്വതന്ത്രമായ വായുപോലും ഇവിടെ നിങ്ങൾക്ക് ലഭിക്കുന്നില്ല. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്ക ജനവിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ? മഞ്ചേരി (കെ.ആർ. ഭാസ്കരപിള്ള) ഉള്ളതുകൊണ്ടും അദ്ദേഹത്തിന് ചില സ്ഥാപനങ്ങൾ ഉള്ളതുകൊണ്ടും നിങ്ങൾ കുറച്ച് പേർക്ക് വിദ്യാഭ്യാസം ലഭിച്ചു' -വെള്ളാപ്പള്ളി പറഞ്ഞു.
വെറും വോട്ടുകുത്തിയന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനിൽക്കുന്നുണ്ട്. ഒന്നിച്ചു നിൽക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. ഇവിടെ ചിലർ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ് ഇടമുള്ളത്.
സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവർക്കില്ല. ആർ. ശങ്കർ മുഖ്യമന്ത്രിയായ കാലത്ത് ലഭിച്ചതൊഴിച്ചാൽ പിന്നീട് ഒന്നും കിട്ടിയില്ല. കണ്ണേ കരളേയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയിൽ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണെന്നും വെള്ളാപ്പള്ളി ആക്ഷേപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.