representational image

പ്രളയ ദുരിതാശ്വാസത്തിലെ തിരിമറി; അന്വേഷണം സ്തംഭിച്ചു, കുറ്റക്കാർ ഇപ്പോഴും സുരക്ഷിതർ

കോഴിക്കോട് : പ്രളയദുരിതാശ്വാസത്തിൽനിന്ന് അർഹരല്ലാത്തവർക്ക് ഒന്നരക്കോടിയോളം രൂപ വിതരണംചെയ്ത സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്താനോ, വീഴ്ച്ചപറ്റിയത് എവിടെയാണെന്ന് മനസ്സിലാക്കാനോ കഴിയാതെ അന്വേഷണം ഒരുവർഷമായി നീളുന്നതിനിടെ സസ്പെൻഷനിലായ ഉദ്യോഗസ്ഥനെ തിരികെ സർവിസിൽ എടുത്തു .

2019-ലെ പ്രളയകാലത്ത് ദുരിതാശ്വാസത്തിന് അപേക്ഷിക്കുകപോലും ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒന്നരക്കോടി രൂപയോളം അനർഹമായി നൽകിയത് വാർത്തയായിരുന്നു. ഇതിനെത്തുടർന്ന് വിഷയം അന്വേഷിക്കാൻ ജില്ലാ ഫിനാൻസ് ഓഫീസറെ (എഫ്.ഒ.) നിയോഗിച്ചിരുന്നു . ക്രമക്കേട് ശരിവെച്ചുകൊണ്ടുള്ള റിപ്പോർട്ടാണ് എഫ്.ഒ. കലക്ടർക്ക് സമർപ്പിച്ചത്.

അപ്പോഴും ക്രമക്കേട് നടത്തിയത് ആരാണെന്നതിൽ വ്യക്തത ഉണ്ടായിരുന്നില്ല . പിന്നാലെ ഡെപ്യൂട്ടി കലക്ടർ ഷാമിൽ സെബാസ്റ്റ്യനെയും അന്വേഷിക്കാൻ നിയോഗിച്ചു. രണ്ടു റിപ്പോർട്ടുകളും ക്രമക്കേട് ശരിവെച്ചെങ്കിലും കുറ്റക്കാർ ആരെന്ന് സൂചന ഉണ്ടായിരുന്നില്ല അതേസമയം അന്ന് കലക്ടറേറ്റിൽ ജോലിചെയ്തെന്ന് പറഞ്ഞ് ജയകാന്തിനെ സസ്പെൻഡ്‌ ചെയ്തിരുന്നു.

എങ്കിലും ഇത്രയും തുക കൈമാറുമ്പോൾ ഉത്തരവാദപ്പെട്ട തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ തുടങ്ങിയവർ എന്തുകൊണ്ട് അറിയാതെപോയി എന്ന കാര്യം അന്വേഷണ റിപ്പോർട്ടുകളിൽ എവിടെയും പറയുന്നില്ല.

ആറുമാസമായിട്ടും സസ്പെൻഷൻ പിൻവലിക്കാത്തതിനെ തുടർന്ന് ജൂനിയർ സൂപ്രണ്ട് ജയകാന്ത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. ട്രിബ്യൂണൽ കേസ് പരിഗണിക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം സസ്പെൻഷൻ പിൻവലിച്ച് താമരശ്ശേരി താലൂക്കിൽ തിരികെ പ്രവേശിപ്പിച്ചത്. 

Tags:    
News Summary - kozhikodefinancialfradulent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.