കോട്ടയം ഇരട്ടക്കൊല: കുറ്റപത്രം സമർപ്പിച്ചു, 750 പേജ്, കൊലയിലേക്ക് നയിച്ചത് വ്യക്തി വൈരാഗ്യം

കോട്ടയം: കോട്ടയം തിരുവാതുക്കൽ ഇരട്ട കൊലക്കേസിൽ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സംഭവം നടന്ന് 85 ദിവസത്തിനുള്ളിലാണ് കോട്ടയം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ വെസ്റ്റ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

കോട്ടയത്തെ ഇന്ദ്രപ്രസ്ഥം ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ വിജയകുമാറിനെയും (64) ഭാര്യ മീര വിജയകുമാറിനെയും (60) കൊലപ്പെടുത്തിയ കേസിൽ ഇവരുടെ മുൻ ജീവനക്കാരനായ അസം സ്വദേശി അമിത് ഉറാങ്ങാണ് പ്രതി. കഴിഞ്ഞ ഏപ്രിൽ 22നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. കൊലക്ക് ശേഷം മുങ്ങിയ പ്രതിയെ തൊട്ടടുത്ത ദിവസം തൃശൂർ മാളയിലെ കോഴി ഫാമിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

പൊലീസ് സമർപ്പിച്ച 750 പേജുള്ള കുറ്റപത്രത്തിൽ 67 സാക്ഷികളാണ് ഉള്ളത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകങ്ങളിൽ കലാശിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. മോഷണക്കുറ്റത്തിന്റെ പേരിൽ അമിത്തിനെ ജോലിയിൽനിന്ന് പുറത്താക്കുകയും പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊല നടത്തിയത്.

പുലര്‍ച്ചെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രക്തത്തിൽ കുതിർന്നു കിടക്കുന്ന വിജയകുമാറിനെയും മീരയെയും ഇരുമുറികളായി കണ്ടെത്തിയത്. വിദേശത്ത് ബിസിനസ് ചെയ്തുവരികയായിരുന്ന വിജയകുമാര്‍ പിന്നീട് നാട്ടിലേക്ക് താമസം മാറുകയായിരുന്നു.

Tags:    
News Summary - Kottayam double murder: Chargesheet submitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.