കുറുപ്പന്തറ (കോട്ടയം): സ്വകാര്യ പണമിടപാട് നടത്തിയിരുന്ന ആളെ വീട്ടിൽ കയറി വെട്ടിയും കുത്തിയും കൊലപ്പെടുത്തി. കുറുപ്പന്തറ ചിറയിൽ വീട്ടിൽ സ്റ്റീഫൻ പത്രോസിനെയാണ് (61) വീട്ടിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് 4.30ഓടെ കുറവിലങ്ങാട് ഡിപോൾ സ്കൂൾ അധ്യാപികയായ ഭാര്യ എലിസബത്ത് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. വീട്ടിലെത്തിയ എലിസബത്ത് ഭർത്താവിനെ വിളിച്ചെങ്കിലും വിളികേട്ടില്ല.
തുടർന്ന് മുൻവശത്തെ വാതിൽ തള്ളിത്തുറന്നപ്പോൾ മുറിയിൽ രക്തപാടുകൾ കണ്ടു. അകത്ത് ചെറിയ ഹാളിലാണ് ചോരയിൽ കുളിച്ച നിലയിൽ സ്റ്റീഫനെ കാണുന്നത്. തുടർന്ന് സമീപമുള്ള ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. വർഷങ്ങളായി പണമിടപാടുകൾ നടത്തിയിരുന്ന ആളാണ് സ്റ്റീഫൻ. വീട്ടിൽ തന്നെയായിരുന്നു പണമിടപാടുകൾ നടത്തിയിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. കഴുത്തിന് ഇടതു വശത്ത് ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. മുറിക്കുള്ളിൽ രക്തം പടർന്ന് ഒഴുകിയ നിലയിലാണ്. ജില്ല പൊലീസ് മേധാവി ഹരിശങ്കർ, വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും കോട്ടയത്തുനിന്ന് ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
മൂർച്ചയുള്ള ആയുധംകൊണ്ടാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നും വീട്ടിൽനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് പ്രാഥമിക സൂചനയെന്ന് ജില്ല പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. സ്റ്റീഫെൻറ സ്വർണമാല കഴുത്തിൽ തന്നെയുണ്ട്. മുറിക്കുള്ളിലിരുന്ന ഇരുമ്പ് ലോക്കർ തുറക്കാൻ ശ്രമിച്ചിട്ടില്ല. വീട്ടിൽ പിടിവലി നടന്നതിെൻറ ലക്ഷണങ്ങളുമില്ലെന്ന് പൊലീസ് പറഞ്ഞു. ആയുധങ്ങൾ കണ്ടെടുക്കുന്നതിനായി ബോംബ് സ്ക്വാഡും പൊലീസ് നായും രാത്രി ഏറെ വൈകിയും പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടി ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.