കോതമംഗലം: മൂവാറ്റുപുഴ മുൻസിഫ് കോടതിയുടെ ഉത്തരവുമായി എത്തിയ തോമസ് പോൾ റമ്പാൻ യാ ക്കോബായ വിശ്വാസികളുടെ എതിർപ്പിനെത്തുടർന്ന് കോതമംഗലം ചെറിയ പള്ളിയിൽ പ്രവേശി ക്കാനാകാതെ മടങ്ങി. നാലുമണിക്കൂറിലേറെ പള്ളിക്കുമുന്നിൽ നിലയുറപ്പിച്ച ശേഷം കോടതി യിൽ കാണാം എന്നറിയിച്ചാണ് റമ്പാനും സംഘവും മടങ്ങിയത്.
മുൻസിഫ് കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ റവന്യൂ, പൊലീസ് അധികാരികൾ പരാജയപ്പെട്ടെന്നും കേന്ദ്ര സേനയുടെ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടർന്ന് ഡി.ജി.പിയോടും ജില്ല കലക്ടറോടും സൗകര്യമൊരുക്കാൻ നിർദേശിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ പള്ളിക്ക് ചുറ്റും തിങ്കളാഴ്ച രാവിലെ പൊലീസ് നിലയുറപ്പിച്ചിരുന്നു. എന്നാൽ, ചെറിയ പള്ളിക്ക് ചുറ്റുമുള്ള കവാടങ്ങളിൽ യക്കോബായ വിഭാഗം നിലയുറപ്പിച്ചു. പള്ളിക്കകത്ത് സ്ത്രീകളും വൃദ്ധരും പ്രാർഥനകളുമായി ഇരിക്കുകയും ചെയ്തു. ആലുവ-മൂന്നാർ റോഡിൽ പള്ളി ഭണ്ഡാരക്കുറ്റിക്ക് സമീപമാണ് റമ്പാൻ അദ്യം എത്തുകയെന്നറിഞ്ഞ് വിശ്വാസികൾ തടിച്ചുകൂടി.
10 മണിയോടെ ബ്ലോക്ക് ഓഫിസിന് സമീപത്തെ സ്വാന്തനം സ്കൂളിൽനിന്ന് തോമസ് പോൾ റമ്പാൻ, തോമസ് മാർ അത്തനാസിയോസ്, ഗീവർഗീസ് മാർ യൂലിയോസ്, യുഹനാൻ മാർ പോളികാർപ്പസ് എന്നീ ഓർത്തഡോക്സ് മെത്രാപ്പോലീത്തമാരും അഡ്വ. കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാനും കോർ എപ്പിസ്കോപ്പമാരും വൈദികരുമുൾെപ്പടെ 100ൽ താഴെ വിശ്വാസികൾ കാൽനടയായി ചെറിയപള്ളിയിൽ എത്തി. നേരത്തേ നിശ്ചയിച്ചതിൽനിന്ന് വ്യത്യസ്തമായി ലൈബ്രറി റോഡ് വഴി ചെറിയ പള്ളിയിലേക്ക് പ്രവേശിക്കാനാണ് ശ്രമിച്ചത്. ഇതോടെ യാക്കോബായ വിശ്വാസികൾ വൈ.എം.സി.എയുടെ ഭാഗത്തെ കവാടത്തിലേക്ക് ഇരച്ചെത്തി മുദ്രാവാക്യം വിളിയാരംഭിച്ചു.
മുൻസിഫ് കോടതിയുടെയും സുപ്രീംകോടതി വിധികളുടെയും അടിസ്ഥാനത്തിൽ റമ്പാനെ തടയരുതെന്ന് മൂവാറ്റുപുഴ അർ.ഡി.ഒ അനിൽകുമാർ മൈക്കിലൂടെ അറിയിച്ചെങ്കിലും മുദ്രാവാക്യം വിളികളിലും കൂകിവിളികളിലും അറിയിപ്പ് മുങ്ങിപ്പോയി. ഒരുമണിക്കൂറിന് ശേഷം വീണ്ടും ആർ.ഡി.ഒ ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും അവഗണിക്കുകയായിരുന്നു. വ്യാപാരികൾ ഹർത്താൽ ആഹ്വാനം ചെയ്തും ബസ് ഉടമകൾ പണിമുടക്ക് പ്രഖ്യാപിച്ചും പ്രതിഷേധത്തിൽ പങ്കുചേർന്നു. നഗരത്തിലെ സ്കൂളുകൾക്കും അവധി നൽകി. റമ്പാന് പ്രതീകാത്മക ശവമഞ്ചമൊരുക്കി ശവമഞ്ചം റമ്പാനുനേരെ ഉയർത്തിക്കാണിക്കുന്നുണ്ടായിരുന്നു. ഒരുമണിക്ക് ശേഷം റമ്പാൻ ആർ.ഡി.ഒയോട് പള്ളിയിൽ പ്രവേശിക്കാൻ സൗകര്യമൊരുക്കാൻ കഴിയില്ലെങ്കിൽ അറിയിക്കണമെന്നാവശ്യപ്പെട്ടു. എന്നാൽ, സാവകാശം വേണമെന്ന മറുപടിയാണ് ആർ.ഡി.ഒ നൽകിയത്. രണ്ടര കഴിഞ്ഞതോടെ പൊലീസ് യാക്കോബായപക്ഷത്തിന് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും വീണ്ടും കോടതിയെ സമീപിക്കുകയാണെന്നുമറിയിച്ച് റമ്പാനും സംഘവും മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.