കോഴിക്കോട്: കൂടത്തായി എന്ന ഗ്രാമത്തിലേക്കായിരുന്നു വെള്ളിയാഴ്ച കേരളത്തിെൻറ മൊത്തം കണ്ണുകളും. കൂട്ടമരണക്കേസിലെ ഒന്നാം പ്രതി ജോളിയെയും മറ്റ് പ്രതികളായ എം.എസ്. മാത്യുവിനെയും പ്രജികുമാറിനെയും തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ കൂടത്തായിക്കാര്‍ രോഷാകുലരായി. ‘ജോളി ടീച്ചറെ’ എന്ന് നേരത്തേ ബഹുമാനത്തോടെ വിളിച്ചവര്‍ ശകാരത്തോടെയാണ് അവരെ വരവേറ്റത്. മാത്യുവിനും പ്രജികുമാറിനും നാട്ടുകാരുടെ ശാപവാക്കുകള്‍ ഏറ്റുവാങ്ങേണ്ടി വന്നു. മരണം നടന്ന സ്ഥലങ്ങളിലെല്ലാം തെളിവെടുത്തു.
രാവിലെ എട്ട് മുതല്‍ നാട്ടുകാരും മാധ്യമപ്പടയും കൂടത്തായി-ഓമശ്ശേരി റോഡില്‍നിന്ന് 100 മീറ്റര്‍ ഉള്വഴിയിലുള്ള പൊന്നാമറ്റം വീടിനു മുന്നില്‍ നിലയുറപ്പിച്ചിരുന്നു. കൊച്ചു കുട്ടികളും സ്ത്രീകളും പൊന്നാമറ്റം വീടിന് നാല് ഭാഗത്തും നിരന്നുനിന്നു. ഇതിനിടെ പൊലീസ് സംഘമെത്തി. താമരശ്ശേരി ഡിവൈ.എസ്.പിയുടെ പരിധിയിലുള്ള സ്റ്റേഷനുകളില്‍നിന്ന് പൊലീസുകാരും ദേശം കൈയടക്കി. ഈ വീട്ടിലേക്കുള്ള റോഡിലേക്ക് കാഴ്ചക്കാര്‍ വരുന്നത് പൊലീസ് തടഞ്ഞെങ്കിലും പലവഴിക്കും ആളുകള്‍ ഒഴുകിെയത്തി. രാവിലെ 10.50നാണ് വടകരയില്‍നിന്ന് അന്വേഷണ സംഘത്തിെൻറ വാഹനവ്യൂഹം എത്തിയത്. ആദ്യം ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ വാഹനം. പിന്നാെല വിവിധ ഉദ്യോഗസ്ഥരെ കയറ്റി അഞ്ച് പൊലീസ് ജീപ്പുകെളത്തി. ആദ്യം ബൊലേറോ ജീപ്പില്‍ മാത്യുവുമായി പൊലീസ് എത്തി. ഷവര്‍ലെ കാറില്‍ പ്രജികുമാറിനെയും പൊന്നാമറ്റത്തെ മുറ്റത്തേക്ക് കയറ്റി. നാട്ടുകാരുടെ കൂക്കിവിളിക്കിടെ ജോളിയുടെ ‘എന്‍ട്രി’ ആയിരുന്നു അവസാനം. ടാറ്റ സുമോ വണ്ടിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആര്. ഹരിദാസുമുണ്ടായിരുന്നു.
കോഴിക്കോട് റൂറല്‍ അഡീഷനല്‍ പൊലീസ് സൂപ്രണ്ട് ടി.കെ. സുബ്രഹ്മണ്യന്, നാദാപുരം എ.എസ്.പി അങ്കിത് അശോകന്, കണ്ണൂര്‍ എ.എസ്.പി ഡി. ശില്പ, ഡിവൈ.എസ്.പിമാരായ പ്രിന്‍സ് അബ്രഹാം, കെ.വി. വേണുഗോപാല്‍ തുടങ്ങിയവര്‍ അകത്തേക്ക് കയറി. തെളിവെടുപ്പ് പകര്‍ത്താനുള്ള വിഡിയോഗ്രാഫറും ഫോട്ടോഗ്രാഫറും കോലായയില്‍ കാത്തിരുന്നു. പിന്നീട് വാതില്‍ തുറക്കാനുള്ള ശ്രമം. അതുവരെ തെൻറ വീടിെൻറ പോര്‍ച്ചിലെ പൊലീസ് വണ്ടിയില്‍ ജോളി ചുരിദാറിെൻറ ഷാള്‍ മറച്ച് കുനിഞ്ഞിരുന്നു. പിന്നീട് പൊലീസ് ഇവരെ അകത്തേക്ക് കയറ്റി. കൂടെ തെളിവെടുപ്പിന് സാക്ഷികളാകാന്‍ ഓമശ്ശേരി പഞ്ചായത്ത് അംഗം കുഞ്ഞഹമ്മദും അയല്‍വാസികളായ ബാവയും ബാദുഷയും നാസറും ഉള്‍പ്പെടെയുള്ളവരും അകത്തുകയറി. തുടര്‍ന്നാണ് രണ്ടര മണിക്കൂറോളം നീണ്ട തെളിവെടുപ്പ് നടന്നത്.
ഭര്‍ത്താവ് റോയ് തോമസും ഭര്‍തൃപിതാവ് ടോം തോമസും ഭര്‍തൃമാതാവ് അന്നമ്മയും ഭക്ഷണം കഴിച്ച ഡൈനിങ് ടേബിള്‍ ജോളി കാണിച്ചുകൊടുത്തു. ഇവിടത്തെ ഡൈനിങ് ഹാളില്‍ വെച്ചാണ് രണ്ട് തവണയായി എം.എസ്. മാത്യു രണ്ട് കുപ്പികളില്‍ സയനൈഡ് കൈമാറിയത്. ഇതില്‍ ഒന്നരക്കുപ്പി കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ചു. ബാക്കി വാഷ്ബേസിനില്‍ ഒഴുക്കിക്കളഞ്ഞു എന്നാണ് ജോളി വെള്ളിയാഴ്ച അന്വേഷണസംഘത്തോട് പറഞ്ഞത്. ടോം തോമസിന് കപ്പപ്പുഴുക്കിലും റോയിയുടെ അമ്മാവനായ മഞ്ചാടിയില്‍ മാത്യുവിന് മദ്യത്തിലും റോയ് തോമസിന് ചോറിലും സയനൈഡ് കലര്‍ത്തിക്കൊടുത്ത് കൊന്നുവെന്നും മറുപടി നല്കി. റോയ് മരിച്ചു കിടന്ന കുളിമുറിയും കാണിച്ചു. അടുക്കളയിലും വര്‍ക്ക് ഏരിയയിലും പ്രതിയെ എത്തിച്ചു. വര്‍ക്ക് ഏരിയയില്‍ പൊലീസിനൊപ്പം ജോളിയെ കണ്ടപ്പോള്‍ ചുറ്റുംകൂടിയവര്‍ കൂകി വിളിച്ചു. സയനൈഡിെൻറ ബാക്കി കിട്ടാനായി വീടിന് പുറത്തും പൊലീസ് തിരച്ചില്‍ നടത്തി. കിണറിന് സമീപത്തെ തറ പൊലീസ് പൊളിച്ചുനീക്കി. തൊട്ടപ്പുറത്ത് പഴയ വസ്തുക്കള്‍ക്കിടയില്‍ നിന്നാണ് കീടനാശിനി കുപ്പി കിട്ടിയത്. ഇതിനിടെ മാത്യുവിനെ പൊലീസ് ജീപ്പില്‍നിന്ന് ഇറക്കി ഉടന്‍ തിരിച്ചുകയറ്റി. പിന്നീട് തെളിവെടുപ്പിെൻറ അവസാനം മാത്യുവിനെ വീട്ടിനുള്ളിലേക്ക് കയറ്റി. പ്രജികുമാര്‍ ജീപ്പിനുള്ളില്‍ തന്നെ ഇരിക്കുകയായിരുന്നു.
ഉച്ചക്ക് 1.30ന് പൊലീസ് സംഘം പൊന്നാമറ്റത്തുനിന്ന് അടുത്ത തെളിവെടുപ്പ് കേന്ദ്രത്തിലേക്ക് പുറപ്പെട്ടു. മരിച്ച മാത്യു മഞ്ചാടിയിലിെൻറ വീടായിരുന്നു ലക്ഷ്യം. പൊന്നാമറ്റം വീട്ടില്‍നിന്ന് ഒരു കി.മീറ്റര്‍ മാത്രം അടുത്താണ് ഈ വീട്. എം.എസ്. മാത്യുവിനെയും പ്രജികുമാറിനെയും ഇതിനിടെ താമരശ്ശേരി ഡിവൈ.എസ്.പി ഓഫിസ് പരിസരത്തേക്ക് കൊണ്ടുപോയിരുന്നു. ജോളിയെ മാത്രമാണ് മഞ്ചാടിയില്‍ വീട്ടിലത്തെിച്ചത്. ഇവിടെയും നാട്ടുകാര്‍ ജോളിയെ കൂക്കിവിളിച്ചു. അഞ്ച് മിനിറ്റിനുള്ളില്‍ മഞ്ചാടിയില്‍ വീട്ടില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. പിന്നീട് വാഹനവ്യൂഹം താമരശ്ശേരി ഡിവൈ.എസ്.പി ഓഫിസ് പരിസരത്തേക്ക് നീങ്ങി. ഉച്ചഭക്ഷണത്തിനു ശേഷം 2.40ന് വീണ്ടും യാത്ര.
ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിെൻറ പുലിക്കയത്തെ വീട്ടിലേക്കായിരുന്നു സംഘം പോയത്. പത്ത് മിനിറ്റോളം ഇവിടെ ചെലവഴിച്ചു. ഷാജുവും പിതാവ് സഖറിയയും മാതാവും വീട്ടിലുണ്ടായിരുന്നു. പിന്നീട് വന്ന വഴി തന്നെ സംഘം തിരിച്ചു. താമരശ്ശേരിക്കും ചുങ്കത്തിനുമിടയിലെ എല്‍.എക്സ് ഡെൻറല്‍ ക്ലിനിക് ആൻഡ് ഓര്ത്തോഡോണ്ടിക് ഇംപ്ലാൻറ് സെൻററിലാണ് പിന്നീെടത്തിയത്. 2016 ജനുവരി 11ന് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ഡോക്ടറെ കാണിക്കാന്‍ ഷാജു ഇവിടെ എത്തിയിരുന്നു. സിലി പതിവായി കഴിക്കാറുളള ഗുളികയില്‍ സയനൈഡ് ചേര്‍ത്ത് നല്‍കിയത് ജോളി സമ്മതിച്ചു. തുടര്‍ന്ന് എന്‍.ഐ.ടി ഭാഗത്തും തെളിവെടുത്ത് ആദ്യദിനത്തിലെ ശ്രമകരമായ ദൗത്യം അന്വേഷണസംഘം പൂര്‍ത്തിയാക്കി.
അഞ്ച് കേസ് കൂടി
താമരശ്ശേരി: കൂടത്തായിയിലെ അഞ്ച് മരണങ്ങളിൽകൂടി പൊലീസ് കേസെടുത്തു. കോടഞ്ചേരി സ്വദേശി സിലിയുടെ മരണത്തില്‍ താമരശ്ശേരി പൊലീസും ടോം തോമസ്, ഭാര്യ അന്നമ്മ, മാത്യു മഞ്ചാടിയില്‍, സിലിയുടെ മകള്‍ ആല്ഫൈന് എന്നിവരുടെ മരണത്തില്‍ കോടഞ്ചേരി പൊലീസുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റോയ് മാത്യുവിെൻറ മരണത്തില്‍ സഹോദരന് റോജോയുടെ പരാതിപ്രകാരം കോടഞ്ചേരി പൊലീസ് നേരത്തേ കേസെടുത്തിരുന്നു. 2016ല്‍ താമരശ്ശേരിയിലെ സ്വകാര്യ െഡൻറല്‍ ക്ലിനിക്കില്‍ വെച്ച് മുഖ്യ പ്രതി ജോളി, സിലിക്ക് ഗുളികയില്‍ സയനൈഡ് ചേര്‍ത്ത് നല്കി കൊലപ്പെടുത്തിയെന്നാണ് കേസ്. അന്വേഷണസംഘം ചോദ്യം ചെയ്തപ്പോള്‍ ജോളിയുടെ കുറ്റസമ്മത മൊഴിപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയതത്.
അതീവ സുരക്ഷയില്‍ ജോളി
വടകര: കൂടത്തായി കൂട്ടമരണത്തിലെ മുഖ്യപ്രതി ജോളിക്ക് അതീവ സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച വടകര പൊലീസ് ലോക്കപ്പില്‍ എട്ട് വനിത പൊലീസുകാരുടെ കാവലിലായിരുന്നു ഉറക്കം. ഇതിനിടെ, ബന്ധുക്കളാരും വസ്ത്രവുമായി എത്താത്തതിനാല്‍ കഴിഞ്ഞ ആറുദിവസമായി മറാതിരുന്ന വസ്ത്രം ശനിയാഴ്ച രാവിലെ മാറി. അന്വേഷണസംഘംതന്നെ പുതിയ ചുരിദാര്‍ വാങ്ങി നല്‍കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഭക്ഷണം കഴിക്കാതെ ചായ മാത്രം കുടിച്ച ജോളി രാത്രി മുതല്‍ ഭക്ഷണം കഴിച്ചുതുടങ്ങി. അന്വേഷണ സംഘത്തിെൻറ ചോദ്യത്തിനുള്ള മറുപടിയല്ലാതെ മറ്റ് സംസാരങ്ങളൊന്നുമില്ല. വെള്ളിയാഴ്ച രാവിലെ 9.30ഓടെയാണ് തെളിവെടുപ്പിനായി കൊണ്ടുപോയത്. രാത്രിയാണ് തിരിച്ചെത്തിയത്.
Full View
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.