കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപരമ്പരയിൽ റോയ് തോമസ് വധക്കേസിൽ ഒന്നാം പ്രതി ജോളിയുടെ സഹോദരങ്ങളും 12ഉം 14ഉം സാക്ഷികളുമായ ബാബു ജോസഫ്, ടോമി ജോസഫ് എന്നിവരുടെ സാക്ഷിവിസ്താരം മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ പൂർത്തിയായി. രണ്ടു സാക്ഷികളും ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം കേസന്വേഷണ സമയം മജിസ്ട്രേറ്റ് മുമ്പാകെ മൊഴിനൽകിയിരുന്നു. ജോളിയിൽനിന്ന് കൊലപാതക വിവരങ്ങൾ തങ്ങൾ അറിഞ്ഞിരുന്നതായി ഇരുവരും മൊഴി നൽകി.
2019ൽ കല്ലറ പൊളിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിന് തലേന്നും പിറ്റേന്നുമായി കുറ്റത്തെപ്പറ്റി ജോളി തങ്ങളോട് പറഞ്ഞതായാണ് സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണന്റെ വിസ്താരത്തിൽ സാക്ഷികൾ മൊഴി നൽകിയത്. എന്നാൽ, കല്ലറ പൊളിക്കുന്ന ദിവസം മാത്രം കുറ്റം ചെയ്തുവെന്ന് പറഞ്ഞതായുള്ള മൊഴി അവിശ്വസനീയമാണെന്ന വാദത്തിലൂന്നിയായിരുന്നു രണ്ടാം പ്രതി എം.എസ്. മാത്യുവിന്റെ അഭിഭാഷകൻ അഡ്വ. ഷഹീർ സിങ്ങിന്റെ എതിർവിസ്താരം. ജോളി സ്വത്ത് കൈവശപ്പെടുത്താൻ വ്യാജ വിൽപത്രമുണ്ടാക്കിയെന്നും സാക്ഷികൾ മൊഴി നൽകി. എന്നാൽ, പൊലീസ് ചോദ്യംചെയ്തപ്പോൾ രേഖ സാക്ഷികൾക്ക് കാണിച്ചില്ലെന്നും കേസാവശ്യാർഥം തയാറാക്കിയതാണെന്നുമുള്ള വാദത്തിലൂന്നിയാണ് നാലാം പ്രതി മനോജിനുവേണ്ടി ഹാജരായ അഡ്വ. പി. കുമാരൻകുട്ടിയുടെ എതിർവിസ്താരം.
വിചാരണ ഇൻ കാമറയായി നടത്തുന്നതിനെതിരെ ഹൈകോടതിയിൽ നൽകിയ ഹരജിയിൽ തീരുമാനമായിട്ടുമതി വിസ്താരമെന്ന് കാണിച്ച് ഒന്നാം പ്രതിയുടെ അഭിഭാഷകൻ അഡ്വ. ബി.എ. ആളൂർ എതിർവിസ്താരം നടത്തുന്നില്ല. ഇൻ കാമറയിൽ വിസ്താരം നടത്തുന്നതിനെതിരായ അദ്ദേഹത്തിന്റെ ഹരജി ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.