ന്യൂഡൽഹി/കൊച്ചി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് സര്‍വിസ് നല്കുന്ന തുർക്കിയ കമ്പനി ‘ചെലെബി’യുടെ സുരക്ഷാ അനുമതി റദ്ദാക്കി കേന്ദ്ര സർക്കാർ. രാജ്യസുരക്ഷ കണക്കിലെടുത്താണ് തീരുമാനം. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ ഉൾപ്പെടെ രാജ്യത്തെ ഒമ്പത് വിമാനത്താവളങ്ങളിലെ പാസഞ്ചർ, കാർഗോ ടെർമിനലുകളിൽ സേവനം ലഭ്യമാക്കുന്ന കമ്പനിയാണ് ചെലെബി.
ബാഗേജ്, കാർഗോ, മെയിൽ എന്നിവയുടെ കയറ്റിറക്ക്, യാത്രക്കാരുടെ ചെക്ക്-ഇൻ, ബോർഡിങ്, ഇന്ധന വിതരണം, വിമാന അറ്റകുറ്റപ്പണി, വൃത്തിയാക്കൽ എന്നിവയാണ് കമ്പനി ഏറ്റെടുത്ത് നടത്തിയിരുന്നത്. ഇന്ത്യയുമായുള്ള സംഘർഷത്തിൽ പാകിസ്താനെ പിന്തുണച്ച തുർക്കിയക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (ബി.സി.എ.എസ്) നടപടി. ചെലെബി എയര്‍പോര്‍ട്ട് സര്‍വിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും മറ്റു രണ്ടു ചെലെബി കമ്പനികളുമാണ് ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അഹ്മദാബാദ്, ഗോവ വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡ് ലിങ് ജോലികള്‍ ചെയ്യുന്നത്.
അതേസമയം, ഉടമസ്ഥാവകാശം സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്ന് ‘ചെലെബി’ പ്രതികരിച്ചു. തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ മകള്‍ സുമയ്യ ഉർദുഗാന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനിയെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. എന്നാൽ, സുമയ്യ എന്ന പേരുള്ള ആരും ഓഹരിയുടമകളല്ലെന്നും ചെലെബിയോഗ്ലു കുടുംബത്തിനാണ് ഉടമസ്ഥാവകാശമെന്നും അവർ വ്യക്തമാക്കി. പ്രതിവർഷം 58,000 വിമാന സർവിസുകളും 5.4 ലക്ഷം ടൺ കാർഗോയുമാണ് ഇന്ത്യയിൽ ചെലെബി കൈകാര്യം ചെയ്യുന്നത്.
അതിനിടെ, ജെ.എൻ.യു അടക്കം നിരവധി സർവകലാശാലകൾ തുർക്കിയയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള കരാറുകൾ റദ്ദാക്കി. തുർക്കിയയിലേക്ക് ബുക്ക് ചെയ്ത യാത്രകൾ വ്യാപകമായി റദ്ദാക്കുന്നുമുണ്ട്. ഇതിനുപുറമെ, മാർബിൾ, ആപ്പിൾ തുടങ്ങിയ തുർക്കിയ ഉൽപന്നങ്ങൾ ബഹിഷ്കരിച്ചും പ്രതിഷേധമുണ്ട്.
അതിനിടെ, തുർക്കി കമ്പനിയുടെ സേവനം അവസാനിപ്പിച്ചതായി കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ) അധികൃതർ അറിയിച്ചു. ചെലെബി എയർപോർട്ട് സർവിസസ് കമ്പനിയെയാണ് ഗ്രൗണ്ട് ഹാൻഡ്ലിങ് അടക്കം ജോലികളിൽനിന്ന് വ്യാഴാഴ്ച മുതൽ ഒഴിവാക്കിയത്. ഇത് യാത്രക്കാരെയോ കാർഗോ നീക്കത്തെയോ ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
കൊച്ചിയിൽ ചെലെബിക്ക് കീഴിൽ ജോലി ചെയ്തിരുന്ന മുന്നൂറോളം ജീവനക്കാരെ ബി.എഫ്.എസ്, എ.ഐ.എ.എസ്.എൽ, അജൈൻ തുടങ്ങിയ കമ്പനികളിൽ പുനർ വിന്യസിക്കും. അംഗീകൃത ബദൽ സേവനദാതാക്കളുടെ സഹായത്തോടെ കാര്യക്ഷമവും സുഗമവുമായ ഗ്രൗണ്ട് ഹാൻഡ്ലിങ് ജോലികൾ ഉറപ്പാക്കിയതായി സിയാൽ അറിയിച്ചു.
ന്യൂഡൽഹി: സുരക്ഷാ അനുമതി റദ്ദാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഡൽഹി ഹൈകോടതിയെ സമീപിച്ച് തുർക്കിയ ആസ്ഥാനമായ വ്യോമയാന കമ്പനി ചെലെബി. കൃത്യമായ ന്യായീകരണങ്ങളില്ലാതെ അവ്യക്തമായ ദേശസുരക്ഷ ആശങ്കകൾ അടിസ്ഥാനമാക്കിയാണ് തീരുമാനമെന്ന് കമ്പനി ഹരജിയിൽ പറയുന്നു. യാതൊരു മുന്നറിയിപ്പും നൽകിയിട്ടില്ല. 3,791 തൊഴിലാളികളെയും നിക്ഷേപകരുടെ ആത്മവിശ്വാസത്തെയും ഇത് ബാധിക്കുമെന്നും സർക്കാർ നടപടി റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
ഒരു സ്ഥാപനം എങ്ങനെയാണ് ദേശസുരക്ഷക്ക് ഭീഷണിയാകുന്നതെന്ന് വിശദീകരിക്കാതെ കേവല വാചാടോപം നിയമപ്രകാരം നിലനിൽക്കില്ല. ദേശ സുരക്ഷയെക്കുറിച്ചുള്ള അവ്യക്തവും പൊതുവായതുമായ പരാമർശമൊഴികെ, ഏതെങ്കിലും പ്രത്യേകമോ സാരമായതോ ആയ കാരണം ഉത്തരവിലില്ലെന്നും കമ്പനി ഹരജിയിൽ ചൂണ്ടിക്കാണിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ന്യൂഡൽഹി: തുർക്കിയയിൽനിന്നുള്ള ആപ്പിൾ ഇറക്കുമതി നിർത്താൻ തീരുമാനിച്ചതായി ആസാദ്പുർ മണ്ടി. നിലവിലെ നയതന്ത്ര സാഹചര്യം പരിഗണിച്ചാണ് നടപടിയെന്നും ഏഷ്യയിലെ വലിയ പഴങ്ങളുടെയും പച്ചക്കറികളുടെയും മൊത്തവ്യാപാര വിപണിയായ ആസാദ്പുർ മണ്ടി അധികൃതർ അറിയിച്ചു. തുർക്കിയയിൽനിന്ന് നിലവിലെ ഇറക്കുമതികൾക്കും തീരുമാനം ബാധകമാവുമെന്ന് ആസാദ്പുർ ഫ്രൂട്ട് മണ്ടി ചെയർമാൻ മീത്ത റാം കൃപ്ലാനി പറഞ്ഞു. ഭാവിയിൽ പുതിയ ഓർഡറുകൾ നൽകില്ല. 2024ൽ തുർക്കിയയിൽനിന്ന് 1.16 ലക്ഷം ടൺ ആപ്പിളാണ് മണ്ടി ഇറക്കുമതി ചെയ്തത്. തുർക്കിയ ഉൽപന്നങ്ങളുടെ ഇറക്കുമതിയും വിപണനവും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലുടനീളം വ്യാപാരികൾ പ്രതിഷേധത്തിലാണ്.
ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ പാകിസ്താനൊപ്പം നിന്ന തുർക്കിയയിലേക്കും അസർബൈജാനിലേക്കും ടൂർ പാക്കേജുകൾ റദ്ദാക്കിയും പ്രതിഷേധം നടക്കുന്നുണ്ട്. ഇതിനുപുറമെ ഇരു രാജ്യങ്ങളുമായി നിലനിൽക്കുന്ന എല്ലാ വ്യവസായിക ഇടപാടുകളും നിർത്താൻ ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (ജി.ജെ.സി) നിർദേശമിറക്കിയിട്ടുണ്ട്. ജ്വല്ലറികൾക്കും മൊത്തക്കച്ചവടക്കാർ, നിർമാതാക്കൾ, വ്യാപാരികൾ എന്നിവർക്കും നിർദേശം നൽകിയതായി കൗൺസിൽ ചെയർമാൻ രാജേഷ് റോക്ഡെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.