ലോട്ടറി ഓഫീസുകളുടെ മുഖച്ഛായയും സമീപനവും മാറ്റുമെന്ന് കെ.എന്‍.ബാലഗോപാല്‍

തിരുവനന്തപുരം: ലോട്ടറി ഓഫീസുകളുടെ മുഖച്ഛായയും സമീപനവും മാറ്റുമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ ലോട്ടറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് 2023-ലെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

രാജ്യത്ത് സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ സുതാര്യവും നിയമപരവുമായാണ് കേരള സംസ്ഥാന ഭാഗ്യക്കുറി നടത്തിപ്പും പ്രവര്‍ത്തനവും.ലോട്ടറി വില്പനയുടെ 60 ശതമാനവും സമ്മാനത്തുകക്കായാണ് പോകുന്നത്. പ്രതിദിനം നിരവധി സാധാരണക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യ നികുതി ലഭിക്കുന്ന വിധത്തിലാണ് ലോട്ടറിയുടെ പ്രവര്‍ത്തനമെന്നും മന്ത്രി വ്യക്തമാക്കി.

ശക്തമായ സുരക്ഷാക്രീകരണങ്ങളോടെയാണ് ലോട്ടറി നറുക്കപ്പെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. ഓരോ തവണയും ഈ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയാണ്.നിലവിലുള്ള സെക്യൂരിറ്റി സംവിധാനങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഷ്‌ക്കരിക്കും.പ്രവര്‍ത്തനവും ലോട്ടറി നറുക്കെടുപ്പു സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ യന്ത്രങ്ങള്‍ കൊണ്ടു വരുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

ലോട്ടറി മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്നത് വകുപ്പിന്റെ പ്രഖ്യാപിതമായ നയങ്ങളിലൊന്നാണെ്. അതിന്റെ ഭാഗമായി ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമവും സുരക്ഷയും കൂടി ഉറപ്പാക്കിക്കൊണ്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കി വരികയാണ്. ബജറ്റില്‍ വ്യക്തമാക്കിയതു പോലെ വികസനത്തിന്റെ ഭാഗമായി ലോട്ടറി ഏജന്റുമാര്‍, അംഗപരിമിതരായ ലോട്ടറി കച്ചവടക്കാര്‍ ഉള്‍പ്പെടെ ലോട്ടറി ഓഫീസുകളിലെത്തുന്നവര്‍ക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കും. അംഗപരിമിതരായ ലോട്ടറി കച്ചവടക്കാര്‍ക്ക് ഓഫീസുകളിലേക്ക് എത്തുന്നതിന് റാമ്പ്, ലിഫ്റ്റ് സൗകര്യങ്ങളും എല്ലാ ജില്ലാ ലോട്ടറി ഓഫീസുകളിലും ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഉപഭോക്തൃ സൗഹൃദ ലോട്ടറി ഓഫീസുകള്‍ എന്ന നയം നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കും. നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം ഓഫീസുകളില്‍ വരുന്നവര്‍ ഔദാര്യം പറ്റാന്‍ എത്തുന്നവരല്ല എന്ന കാഴ്ചപ്പാടോടെയുള്ള സമീപനം ഉണ്ടാക്കുകയെന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ലോട്ടറി വകുപ്പിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നവരാണ് ലോട്ടറി ഏജന്റുമാരും വില്പനക്കാരുമാണ്. ഇന്ന് സംസ്ഥാനത്ത് ഒരു ലക്ഷത്തോളം ആളുകളുടെ ജീവനോപാധിയാണ് ലോട്ടറി. അന്തഃസുയര്‍ത്തി പിടിച്ചു സ്വാതന്ത്ര്യത്തോടെ തൊഴില്‍ ചെയ്യാന്‍ പറ്റുന്ന മേഖലകൂടിയാണ്. നിലവില്‍ നാലപ്തിനായിരത്തോളം പേര്‍ ക്ഷേമനിധിയില്‍ അംഗങ്ങളാണ്. മരണാന്തര സഹായം, ചികിത്സാ സഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം തുടങ്ങിയ വിവിധ മേഖലകളില്‍ ക്ഷേമനിധി അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ബോര്‍ഡ് കൈത്താങ്ങാകുന്നുണ്ട്.

ലോട്ടറി തൊഴിലാളി ക്ഷേമനിധി വഴി ഓണത്തിന് ഏകദേശം 20 കോടി രൂപയോളം ആനുകൂല്യമായി നല്‍കിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ ലോട്ടറി വില്‍പ്പനക്കാര്‍ക്ക് ട്രൈസ്‌കൂട്ടര്‍, ബീച്ച് അംബര്‍ല തുടങ്ങിയവയും വിതരണം ചെയ്യുന്നു.ഇക്കുറിയും പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിബോര്‍ഡ് ചെയര്‍മാന്‍ ടി.ബി. സുബൈര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ക്ഷേമനിധി ഓഫീസര്‍ എ.നൗഷാദ്, ട്രേഡ് യൂണിയന്‍ നേതാക്കളായ യൂസഫ് എം.എസ്, ചന്ദ്രബാബു, ഡോ. പുരുഷോത്തമഭാരതി എന്നിവര്‍ സംസാരിച്ചു. സ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ ഏബ്രഹാം റെന്‍ സ്വാഗതവും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ ഷെറിന്‍ കെ.ശശി കൃതജ്ഞതയുമര്‍പ്പിച്ചു. ഇക്കുറി സംസ്ഥാനതലത്തില്‍ 497 വിദ്യാർഥികളാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്.

Tags:    
News Summary - KN Balagopal said that the face and approach of lottery offices will be changed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.