കെ.എം. ബഷീറിന്‍റെ മരണം: ശ്രീറാം വെങ്കിട്ടരാമന്റെ പാസ്പോർട്ട് തിരികെ നൽകാൻ ഉത്തരവ്

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ നൽകിയ പാസ്പോർട്ട് തിരികെ നൽകാൻ തിരുവനന്തപുരം നാലാം അഡീഷനൽ സെഷൻസ് കോടതി ഉത്തരവ്. നിലവിലെ പാസ്പോർട്ടിന്‍റെ കാലാവധി കഴിഞ്ഞതിനാൽ പുതുക്കാനായി തിരികെ നൽകണമെന്ന ശ്രീറാം വെങ്കിട്ടരാമന്റെ ഹരജി കോടതി അനുവദിക്കുകയായിരുന്നു. എന്നാൽ, പ്രതിയുടെ ആവശ്യം വിചാരണ നടപടികൾ നീളാൻ കാരണമാകുമെന്ന് പ്രോസിക്യൂഷൻ മറുപടി നൽകിയിരുന്നു.

ആറു വർഷമായിട്ടും വിചാരണ തുടങ്ങിയില്ല

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട് ആറുവർഷം പൂർത്തിയായിട്ടും കേസിൽ വിചാരണ തുടങ്ങിയില്ല. പല ഘട്ടങ്ങളിലായി വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ശ്രീറാം വെങ്കിട്ടരാമൻ ശ്രമിച്ചത്. 2024 ഡിസംബർ രണ്ടിന് വിചാരണ തുടങ്ങാൻ കോടതി നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും കോടതി മാറ്റം ഉന്നയിച്ച് നടപടികൾ നീട്ടിക്കൊണ്ടുപോകുകയായിരുന്നു.

പ്രതിഭാഗം അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ളക്ക് രണ്ടാംനിലയിലെ കോടതിയിൽ കയറാൻ കഴിയില്ലെന്നാണ് കോടതി മാറ്റത്തിന് കാരണമായി പറഞ്ഞിരുന്നത്. കേസിൽ സുപ്രീംകോടതിയിൽനിന്ന് ശ്രീറാം വെങ്കിട്ടരാമനുണ്ടായ തിരിച്ചടിയാണ് വീണ്ടും വിചാരണ നടപടികളിലേക്ക് കടക്കുന്നതിലേക്ക് നയിച്ചത്. വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിട്ടയക്കാൻ അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും പ്രതി വിചാരണ നേരിടണമെന്നും ഉത്തരവിട്ടിരുന്നു.

തുടർന്നാണ് പ്രതിയെ വിചാരണക്കായി കോടതി വിളിച്ചുവരുത്തിയത്. ഇതിനിടെയാണ് തന്റെ പാസ്പോർട്ട് ആവശ്യപ്പെട്ട് ശ്രീറാം വീണ്ടും കോടതിയെ സമീപിച്ചത്. 2019 ആഗസ്‌റ്റ് മൂന്നിന് പുലർച്ചെയാണ് കെ.എം. ബഷീർ കൊല്ലപ്പെട്ടത്. മ്യൂസിയത്തിനു സമീപം പബ്ലിക് ഓഫിസിന് മുന്നിൽവെച്ച് ശ്രീറാം വെങ്കിട്ടരാമൻ, സുഹൃത്ത് വഫ എന്നിവർ സഞ്ചരിച്ച കാർ ബഷീറിന്റെ വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 2020 ഫെബ്രുവരിയിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. മനഃപൂർവമല്ലാത്ത നരഹത്യ, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയത്. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

Tags:    
News Summary - KM Basheer's death: Order to return Sriram Venkitaraman's passport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.