ദീപ്ത സ്മരണകളുമായി 'ഖമർ പച്ച തൊട്ട ഓർമ്മകൾ'; പുസ്തകം സ്പീക്കർ പ്രകാശനം ചെയ്തു

തിരുവനന്തപുരം: അന്തരിച്ച പ്രമുഖ പരിസ്ഥിതി സമരനായകനും സസ്യശാസ്ത്രജ്ഞനും കേരള യൂനിവേഴ്സിറ്റി ബോട്ടണി ഡിപ്പാർട്ട്മെൻറിലെ റീഡറുമായിരുന്ന ഡോ. ഖമറുദ്ദീെൻറ സ്മരണയിൽ പുറത്തിറക്കിയ 'ഖമർ: പച്ച തൊട്ട ഓർമകൾ' പുസ്തക പ്രകാശനം തലസ്ഥാനത്ത് നടന്നു. തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടന്ന പുസ്തക പ്രകാശന ചടങ്ങും പ്രതിഭകളെ ആദരിക്കലും സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. കാര്യവട്ടം ബോട്ടണി വിഭാഗം പ്രൊഫസർ ഡോ.സുഹ്‌റ ബീവി പുസ്തകം ഏറ്റുവാങ്ങി. ഡി.കെ മുരളി എം.എൽ.എ അധ്യക്ഷതവഹിച്ചു.


ആൽബത്തിെൻറ ഡിജിറ്റൽ പ്രകാശനം ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ആർ. പ്രകാശ്കുമാർ നിർവഹിച്ചു. ഡോ.ഖമറുദീൻ ഫൗണ്ടേഷൻ ഫോർ ബയോ ഡൈവേഴ്സിറ്റി കൺസർവേഷൻ (KFBC) ആണ് പുസ്തകം തയ്യാറാക്കിയത്. ഡോ. ഖമറുദ്ദീന്റെ പേരിലുള്ള വെബ് സൈറ്റ് ഉദ്ഘാടനം അടൂർ പ്രകാശ് എം. പി.നിർവ്വഹിച്ചു. ബി.ടി അനിൽകുമാർ പുസ്തകം പരിചയപ്പെടുത്തി. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു, ജില്ലാ പഞ്ചായത്ത് മെമ്പർ സോഫി തോമസ്, ബീമാപള്ളി റഷീദ്, ഡോ.കെ.വി.തോമസ്, ഡോ. ഇ.എ. സിറിൾ എന്നിവർ സംസാരിച്ചു.


വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. ന്യൂസ് 18 ലെ അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ വി.എസ്. കൃഷ്ണ രാജ്, ഡോക്യൂമെന്ററി നിർമ്മാതാവും ഫോട്ടോഗ്രാഫറുമായ ആദർശ് പ്രതാപ്, പരിസ്ഥിതി ഫോട്ടോഗ്രാഫർ സി.സുശാന്ത് കുമാർ, ഏഷ്യാനെറ്റ് ന്യൂസ് കോട്ടയം ബ്യൂറോ ചീഫ് അൻഷാദ് എം. ഇല്യാസ്, പ്ലാന്റ് ബ്രീഡിംഗ് ആന്റ് ജനറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ എസ്.എൻ രഹ്ന, കേരള സർവ്വകാലശാലയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ പരിസ്ഥിതി പ്രവർത്തക കവിത, കേരള സർവ്വകലാശാലയിൽ നിന്നും ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ റസീന എൻ.ആർ, കേരള സർവകലാശാലയിൽ നിന്നും പരിസ്ഥിതി ശാസ്ത്രത്തിൽ അന്താരാഷ്ട്ര ഫെലോഷിപ്പോടെ ഡോക്ടറേറ്റ് നേടിയ ജുനൈദ്ഹസ്സൻ എന്നിവർ ആദരം ഏറ്റുവാങ്ങി.

പശ്ചിമഘട്ട ജൈവവൈവിധ്യ കലവറയുടെ സംരക്ഷണത്തിന് ഡോ: ഖമറുദ്ദീൻ നടത്തിയ ഇടപെടലുകളുടെയും, തന്റെ വിദ്യാർഥികളോടൊപ്പവും ഗവേഷണ ആവശ്യങ്ങൾക്കുമായി

നിരന്തരം ചെയ്ത യാത്രകളുടേയും അദ്ദേഹം ഏർപ്പെട്ട പരിസ്ഥിതി സമരങ്ങളുടേയും ചിത്രങ്ങളും വിവരണങ്ങളുമാണ് 'ഖമർ പച്ച തൊട്ട ഓർമകൾ' എന്ന പേരിൽ ഫോട്ടോ ആൽബമാക്കി പുറത്തിറക്കിയിരിക്കുന്നത്. പ്രമുഖ പരിസ്ഥിതി ഫോട്ടോഗ്രാഫർ സാലി പാലോടാണ് ആൽബത്തിലെ ചിത്രങ്ങളിലധികവും പകർത്തിയിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.