തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിഭാഗം റേഷൻകാർഡ് ഉടമകൾക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെർമിറ്റുള്ള മത്സ്യബന്ധനയാനങ്ങൾക്കും ഈമാസം മുതൽ മണ്ണെണ്ണ വിതരണം ചെയ്യും. കേന്ദ്ര സർക്കാർ അനുവദിച്ച വിഹിതത്തിൽ നിന്നാണ് മണ്ണെണ്ണ വിതരണം ചെയ്യുന്നത്.
5676 കിലോ ലിറ്റർ മണ്ണെണ്ണയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. ഇതിൽ 5088 കിലോ ലിറ്റർ മണ്ണെണ്ണ റേഷൻ കടകൾ വഴിയും ബാക്കിയുള്ള വിഹിതം ജൂൺ മാസത്തിൽ മത്സ്യബന്ധന ബോട്ടുകൾക്കും നൽകും. മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലിറ്ററും പിങ്ക്, നീല, വെള്ള എന്നീ കാർഡുകൾക്ക് അര ലിറ്റർ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിഹിതമാണ് ഈ മാസം ലഭിക്കുക.
വൈദ്യുതീകരിക്കാത്ത വീടുകൾക്ക് ആറ് ലിറ്റർ മണ്ണെണ്ണ ലഭിക്കും. സംസ്ഥാനത്ത് മഞ്ഞ, നീല കാർഡ് ഉടമകൾക്ക് ഒരു വർഷമായും മറ്റ് കാർഡ് ഉടമകൾക്ക് രണ്ടു വർഷത്തിലേറെയായും മണ്ണെണ്ണ വിതരണം ചെയ്തിരുന്നില്ല. നിലവിൽ മഞ്ഞ, പിങ്ക് കാർഡുകാർക്ക് മാത്രമാണ് മണ്ണെണ്ണ നൽകുന്നത്. കുറഞ്ഞ അളവിലെത്തിക്കുന്നത് നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി മിക്ക വിതരണക്കാരും പിന്മാറിയതിനാൽ ഈ വിഭാഗങ്ങൾക്കും യഥാസമയം കിട്ടാറില്ല. നിലവിൽ ഒരു ക്വാർട്ടറിൽ (മൂന്നു മാസം) അനുവദിക്കുന്നത് 780 കിലോലിറ്ററാണ്. ഈ മാസം 29ന് മുമ്പ് എണ്ണക്കമ്പനികളിൽനിന്ന് മണ്ണെണ്ണ ഏറ്റെടുത്ത് 31ന് മുമ്പ് കടകളിലെത്തിക്കാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.