തിരുവനന്തപുരം: ജല അതോറിറ്റി ജീവനക്കാരുടെ സൗജന്യ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നിർത്തലാക്കി ഡയറക്ടർ ബോർഡ് തീരുമാനം. പുതിയ സാമ്പത്തിക വർഷം മെഡിസെപ് മാതൃകയിൽ പ്രതിമാസം 500 രൂപ വീതം പ്രീമിയം തുകയായി ഈടാക്കും. നിലവിലെ പദ്ധതിയിൽ മുഴുവൻ പ്രീമിയവും സ്ഥാപനമാണ് വഹിക്കുന്നതെന്നും ഇത് തുടരാനാവില്ലെന്നുമാണ് മാനേജ്മെന്റ് വാദം.
അടുത്ത വർഷം മുതൽ പ്രീമിയത്തിൽ ജീവനക്കാരുടെ വിഹിതംകൂടി ഉൾപ്പെടുത്തുന്നതിന് അംഗീകൃത സംഘടനകളുമായി ചർച്ച നടത്തിയിരുന്നു. നിലവിലെ സംവിധാനം തുടരണമെന്നും ജീവനക്കാരിൽനിന്ന് പണം ഈടാക്കരുതെന്നുമാണ് ചർച്ചയിൽ ആവശ്യമുയർന്നത്. മനേജ്മെന്റ് നീക്കത്തിൽ വലിയ എതിർപ്പുയരുകയും ചെയ്തു. ജീവനക്കാർക്ക് ലഭ്യമാവേണ്ട മെഡിക്കൽ ആനുകൂല്യത്തിൽ നിന്ന് 50 ശതമാനം തുക പ്രീമിയമായി മാറ്റിവെച്ചാണ് 2014ൽ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയതെന്നും അതിനാൽ സൗജന്യ ഇൻഷുറൻസ് നടപ്പാക്കുന്നെന്ന മാനേജ്മെന്റ് വാദം ശരിയല്ലെന്നുമാണ് സംഘടനകളുടെ വാദം. നിലവിൽ ജി.എസ്.ടി ഉൾപ്പെടെ 27 കോടിയിലേറെ രൂപയാണ് ഇൻഷുറൻസ് പദ്ധതിക്കായി ജല അതോറിറ്റി ചെലവിടുന്നതെന്ന് മാനേജ്മെന്റ് വ്യക്തമാക്കുന്നു.
സംഘടനകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ എന്ന വ്യാജേന ജീവനക്കാരിൽനിന്ന് വിഹിതം ഈടാക്കാനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി. ബിജു പറഞ്ഞു. തീരുമാനം റദ്ദാക്കിയില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
സാമ്പത്തിക ബാധ്യത വർധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാ മേഖലയിലും ഇത്തരം തീരുമാനങ്ങളെടുക്കേണ്ടിവരുമെന്ന സൂചനയാണ് മാനേജ്മെന്റ് നൽകുന്നത്. ധനവകുപ്പിന്റെ സമ്മർദവും സൗജന്യമായി ഇൻഷുറൻസ് തുടരേണ്ടതില്ലെന്ന മാനേജ്മെന്റ് തീരുമാനത്തിന് പിന്നിലുണ്ടത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.