വിദേശ വിദ്യാർഥികൾക്കും പ്രിയം കേരള യൂനിവേഴ്സിറ്റി; 2025-26 വർഷത്തിൽ ലഭിച്ചത് റെക്കോഡ് അപേക്ഷകൾ

തിരുവനന്തപുരം: കേരളത്തിലെ യുവതി/യുവാക്കൾ വിദ്യാഭ്യാസം നേടാൻ വിദേശത്തേക്ക് പോകുമ്പോൾ വിദേശത്തുള്ള വിദ്യാർഥികൾ പഠനത്തിനായി കേരളത്തേയാണ് ആശ്രയിക്കുന്നത്. 2025-26 അധ്യയന വർഷത്തിൽ മാത്രം കേരള സർവകലാശാലയിൽ മാത്രമായി ലഭിച്ചത് 2,620 അപേക്ഷകളാണ്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 138 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ടെന്ന് യൂനിവേഴ്സിറ്റി അതികൃതർ പറഞ്ഞു.

2025-26 അധ്യയന വർഷത്തിൽ 81 രാജ്യങ്ങളിൽ നിന്നായി 2,620 അപേക്ഷകളാണ് യൂനിവേഴ്സിറ്റിക്ക് ലഭിച്ചത്. 2021-22ൽ ഇത് 1,100 അപേക്ഷകളായിരുന്നു. പിന്നീടുള്ള നാല് വർഷങ്ങളിൽ വിദേശ വിദ്യാർഥികളുടെ അപേക്ഷയിൽ വലിയ വർധനവ് ഉണ്ടായി. കേരളത്തിലെ മറ്റ് സർവകലാശാലകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിക്കുന്നത് കേരള യൂനിവേഴ്സിറ്റിയിലാണെന്ന് സർവകലാശാലയിലെ സെന്റർ ഫോർ ഗ്ലോബൽ അക്കാദമിക്‌സ് (സി.ജി.എ) ഡയറക്ടർ സാബു ജോസഫ് പറഞ്ഞു.

ഈ വർഷം ബിരുദ കോഴ്സുകൾക്ക് 1,265 അപേക്ഷയും ബിരുദാനന്തര കോഴ്സുകൾക്ക് 1,020, പി.എച്ച്.ഡി പ്രോഗ്രാമുകൾക്ക് 335 അപേക്ഷയും ഇതിനോടകം ലഭിച്ചിട്ടുണ്ട്. അപേക്ഷയുടെ അന്തിമ തെരഞ്ഞെടുപ്പിനായി വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ പോർട്ടലിൽ സമർപ്പിച്ചിട്ടുണ്ടെന്നും സാബു ജോസഫ് പറഞ്ഞു.

അപേക്ഷകരിൽ ഭൂരിഭാഗവും ആഫ്രിക്കയിൽ നിന്നുള്ളവരാണ്. ഇറാൻ, ഇറാഖ്, ഒമാൻ, സൗദി അറേബ്യ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, തുർക്ക്മെനിസ്ഥാൻ, താജിക്കിസ്ഥാൻ, ഇന്തോനേഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം, റഷ്യ, ഫ്രാൻസ്, യു.എസ്.എ എന്നിവിടങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

കൊമേഴ്‌സ്, മാനേജ്മെന്റ് വിഷയങ്ങൾക്കാണ് കൂടുതൽ അപേക്ഷകൾ ലഭിച്ചത്. രാഷ്ട്രമീമാംസ, മനഃശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, വിദ്യാഭ്യാസം, ഭാഷാശാസ്ത്രം, ഇംഗ്ലീഷ് സാഹിത്യം, കമ്പ്യൂട്ടർ സയൻസ്, ബയോടെക്‌നോളജി, രസതന്ത്രം, പരിസ്ഥിതി ശാസ്ത്രം, ഗണിതം, ഭൗതികശാസ്ത്രം തുടങ്ങിയ വിഷയങ്ങൾക്കും വിദ്യാർഥികൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. 

Tags:    
News Summary - Kerala University also attracts foreign students; Record number of applications received in 2025-26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.