തൃശൂർ: ഓരോ തവണ സ്കൂൾ കലോത്സവ വേദിയിൽ കയറുമ്പോഴും അക്ഷയ് രാജ് ആഗ്രഹിച്ചിരുന്നത് ഒന്നാം സ്ഥാനമല്ല, നന്നായി കളിക്കാൻ കഴിയണമെന്നു മാത്രം. വൃക്കരോഗം തളർത്തുന്ന ശരീരം എപ്പോൾ പണിമുടക്കുമെന്നറിയില്ല. ഇത്തവണ ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യത്തിലും കേരളനടനത്തിലും എ ഗ്രേഡുണ്ട്. ഇന്ന് കുച്ചിപ്പുടിയിലും മത്സരമുണ്ട്.
2023ലെ സംസ്ഥാന കലോത്സവ വേദിയിൽ സ്വാഗതനൃത്തം ചെയ്യാനിരുന്നതായിരുന്നു. കൃത്യസമയത്താണ് തലയിൽ രക്തം കട്ടപിടിച്ച് ഐ.സി.യുവിലായത്. നീര് വന്നുവീർത്ത ശരീരവുമായാണ് തൊട്ടടുത്ത വർഷം കളിച്ചത്. കഴിഞ്ഞ വർഷവും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായെങ്കിലും എ ഗ്രേഡ് കൈവിട്ടില്ല. പത്തനംതിട്ട കെ.ആർ.കെ.പി.എം വി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർഥിയാണ് അക്ഷയ്.
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് മൂത്രത്തിലൂടെ ആൽബുമിൻ എന്ന പ്രോട്ടീൻ നഷ്ടമാവുന്ന രോഗം ബാധിച്ചത്. സ്റ്റിറോയ്ഡ് ചികിത്സയുടെ ഭാഗമായി ശരീരം നീര് വെച്ചു വീർത്തു. ശ്വാസതടസ്സം വരുന്നതിനാൽ ശരീരം ഇളകി കളിക്കരുതെന്നാണ് ഡോക്ടർമാരുടെ നിർദേശം. ഉയർന്ന രക്തസമ്മർദവുമുണ്ട്. തിരുവനന്തപുരം എസ്.ഐ.ടി ആശുപത്രിയിലാണ് ചികിത്സ.
ഈ വർഷം ഉപജില്ല മത്സരത്തിനിടെ അമ്മ സിന്ധുവിന് പക്ഷാഘാതം സംഭവിച്ച് ശരീരത്തിന്റെ ഒരു ഭാഗം തളർന്നുപോയിരുന്നു. ടാപ്പിങ് തൊഴിലാളികളായ രാജുവും സിന്ധുവും ഏറെ കഷ്ടപ്പെട്ടാണ് അക്ഷയിനെയും ചേട്ടൻ പൃഥ്വിരാജിനെയും വളർത്തുന്നത്.
കൊല്ലം ജില്ലയെ പ്രതിനിധീകരിച്ചാണ് അക്ഷയ് മത്സരിച്ചത്. ആറുവയസ്സുമുതൽ കലാമണ്ഡലം രേഖ രാമകൃഷ്ണനു കീഴിൽ നൃത്തം അഭ്യസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.