ഒന്നാം സ്​ഥാനം രണ്ടാമതായ കഥ

58ാമത് സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവം തൃശൂരില്‍ വന്നിറിങ്ങിയിരിക്കുന്നു. പൂരത്തിന്‍െറ ആവേശത്തോടെ കൗമാര പ്രതിഭകളെ നഗരം വരവേല്‍ക്കുകയാണ്. പുതുവര്‍ഷത്തി​​​െൻറ മോടിയില്‍, മഞ്ഞിലും വെയിലിലും,കാറ്റിലും, രാഗാര്‍ദ്രയായി നില്‍ക്കുന്ന രാപകലുകള്‍ക്ക് കലോത്സവത്തി​​​െൻറ ഉന്മാദലഹരി തുടുപ്പിച്ച മുഖം.. വിവിധ വേദികളിലേക്ക് അധ്യാപകരുടേയും, രക്ഷിതാക്കളുടേയും കരം ഗ്രഹിച്ചണയുന്ന ആയിരക്കണക്കിന് കുട്ടികളുടെ ഉത്സാഹവും, ഊര്‍ജ്ജവും നിറഞ്ഞ ചടുലഭാവ താള നൃത്ത, നൃത്തേതര, വാദ്യ, വാദ്യേതര ,ക്രിയാത്മക,കലാപ്രകടനങ്ങള്‍..!

ഇതൊക്കെ കാണുമ്പോള്‍ മനസ് വര്‍ഷങ്ങള്‍ പുറകോട്ട് പായുന്നു.1989 ലെ സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ അച്ഛ​​​െൻറ കൈ പിടിച്ച് എത്തിയ ഒരു കൊച്ചു പെണ്‍കുട്ടിയുടെ പാവാടത്തുമ്പില്‍പ്പിടിച്ച് ഓര്‍മ്മകള്‍ വട്ടംചുറ്റി നില്‍ക്കുന്നു. തൊടുപുഴ ഗവര്‍മ്മ​​െൻറ്​ ഗേള്‍സ് ഹൈസ്്കൂളില്‍ നിന്നും ആ വര്‍ഷം കവിതാ രചനയ്ക്കും, കഥാരചനയ്ക്കും എനിക്കായിരുന്നു ഒന്നാം സമ്മാനം. ഈരണ്ടു രചനാമല്‍സരങ്ങള്‍ക്കും ഒരുമിച്ച് ഉപജില്ലയില്‍ പങ്കെടുക്കുവാന്‍ നിയമമില്ല. കവിത വൃത്തം, അലങ്കാരം ഇവയിലൊക്കെയൂന്നി വിധി നിര്‍ണ്ണയിക്കുന്ന കാലം.. അതിന്‍്റെ പിന്നാലെ പോയി വിഷമവൃത്തത്തില്‍ ആവണ്ട, കഥയ്ക്ക് മല്‍സരിച്ചാല്‍ മതിയെന്ന് പപ്പ നിര്‍ദ്ദേശിച്ചു. കാരൂര്‍, എം.ടി, നന്തനാര്‍ ,ബഷീര്‍, ടി.പത്മനാഭന്‍, മാധവിക്കുട്ടി മുതല്‍ അക്കാലത്തെ പുതു എഴുത്തുകാര്‍ അഷ്ടമൂര്‍ത്തി, (അഷ്ടമൂര്‍ത്തി പില്‍ക്കാലത്ത് എട്ടേട്ടാ എന്ന് വിളിക്കാന്‍ മാത്രം അടുപ്പമുള്ളയാളായി എന്നത് സന്തോഷകരം) അഷിത, സക്കറിയ ,സി വി ശ്രീരാമന്‍ തുടങ്ങിയവരുടെയൊക്കെ കഥകള്‍ പപ്പ തിരഞ്ഞെടുത്ത് വായിക്കാന്‍ തന്നു.

കഥ എഴുത്തി​​​െൻറ സങ്കേതങ്ങള്‍, ക്രാഫ്റ്റ്, കഥാഗതി, കൈ്ളമാക്സ്, നാടകീയാന്ത്യം.. ഇവയൊക്കെ പല രീതിയില്‍ എങ്ങനെ സൃഷ്ടിക്കാമെന്ന് മനസിലാക്കാന്‍ ഈ വായനകളുംസഹായിച്ചു. ഉപജില്ലയില്‍ കഥാരചനയ്ക്ക് എ ഗ്രേഡും, ഒന്നാം സ്ഥാനവും കിട്ടി. റവന്യൂ ജില്ലയിലും ഇതാവര്‍ത്തിച്ചു.അങ്ങനെ സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവത്തില്‍ പങ്കെടുക്കുവാനുള്ള യോഗ്യത നേടി. എ​​​െൻറ ഉറ്റ കൂട്ടുകാരി സുമയും കഥകളി സംഗീതത്തില്‍ സമ്മാനാര്‍ഹയായി എ​​​െൻറ സ്ക്കൂളിനെ സംസ്ഥാന തലത്തില്‍ പ്രതിനിധീകരിക്കാന്‍ യോഗ്യയായിരുന്നു.


എറണാകുളത്തായിരുന്നു ആ വര്‍ഷം കലോത്സവം.. ഇടുക്കി ജില്ലാ ടീമി​​​െൻറ മിനി ബസില്‍ ഞങ്ങളും രക്ഷകര്‍ത്താക്കളും എറണാകുളത്തത്തെി. ടി ഡി എം ഹാള്‍ ,ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട്, മഹാരാജാസ് കോളേജ്, ചില സ്ക്കൂളുകള്‍ എന്നിവിടങ്ങളിലൊക്കെ യായി രു ന്നു മത്സര വേദികള്‍. എങ്ങും ബാനറുകള്‍, കമാനങ്ങള്‍, ദീപാലങ്കാരങ്ങള്‍, ആളൊഴുക്കുകള്‍, ഹര്‍ഷാരവങ്ങളില്‍ കൊച്ചി പതഞ്ഞൊഴുകുകയായിരുന്നു. രജിസ്ട്രേഷന്‍ കഴിഞ്ഞു. മത്സരാര്‍ത്ഥികള്‍ക്ക് ബാഡ്ജ് ഒക്കെ കിട്ടി. വൈകുന്നേരം വിളംബര ഘോഷയാത്ര കാണാന്‍ ഞങ്ങള്‍ വഴിയോരത്ത് നിന്നു.. തൊട്ടടുത്ത് നിന്ന് കൗതുകത്തോടെ ഘോഷയാത്ര കാണുന്ന മഹാനടന്‍ ശങ്കരാടിയെ ആരോ കാണിച്ചു തന്നു. യുവജനോത്സവ വേദിയില്‍ വെച്ച് തന്നെ ,മത്സരം കാണാനോ മറ്റോ വന്ന നടി ഉണ്ണിമേരിയേയും ഒരു നോക്ക്ക ണ്ടത്ഓ ര്‍ത്തെടുക്കുന്നു... പുലര്‍മഞ്ഞ് പൊതിഞ്ഞമന്ദാരപ്പൂവ് പോലെ ലാവണ്യവതിയായിരുന്നു അവര്‍.

താമസിക്കുവാന്‍ ഹോട്ടലുകളില്‍ ഒഴിവുണ്ടായിരുന്നില്ല. ക്യാമ്പുകളില്‍ നില്‍ക്കാന്‍ എനിക്കിഷ്ടമില്ലായിരുന്നു. മനസില്ലാ മനസോടെ എന്നെയും കൂട്ടി സുഹൃത്തി​​​െൻറ ബാച്ചലര്‍ റൂമില്‍ പോകാന്‍ നിന്ന പപ്പയോട് അനുവാദം വാങ്ങി, സുമയുടെ അമ്മ, എന്നെ അവര്‍ താമസിക്കുന്ന ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി. സുമയോടൊപ്പം നില്‍ക്കാനായിരുന്നു എനിക്കു മിഷ്ടം. നഗരപ്രാന്തത്തിലെവിടെയോ ഉള്ളൊരു ഇരുനില വീടായിരുന്നു അത്. ആ വീട്ടില്‍ ഒരാണ്‍കുട്ടിയും ഞങ്ങളുടെ പ്രായമുള്ള ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു.. വഴുതനങ്ങ തീയലും, കയ്പക്കാ മെഴുക്കുപുരട്ടിയും കൂട്ടി ഞങ്ങള്‍ ഭക്ഷണം കഴിച്ചു.. രാത്രിയില്‍ കിടന്നത് പെണ്‍കുട്ടിയുടെ മുറിയിലായിരുന്നു. മുകള്‍നിലയിലെ ആ മുറിയുടെ ജനാല തുറന്നിട്ട് അടുത്ത വീട്ടില്‍ താമസിക്കുന്നത് സിനിമാനടി ലിസിയാണെന്ന് അവള്‍ ഞങ്ങളോട് പറഞ്ഞു. ആ വെള്ളപെയിന്‍്റടിച്ച വലിയ വീടി​​​െൻറ മട്ടുപ്പാവിലേക്ക് മെഴുകു പ്രതിമ പോലെ ചാരുതയുള്ള ലിസി എപ്പോഴെങ്കിലും ഇറങ്ങി വരുമോ? ആ വീടിന്‍്റെ ഏതെങ്കിലും ജനാലയിലൂടെ ലിസിയെ കാണാന്‍ പറ്റുമോ? ഞാന്‍ നോക്കി നിന്നു. പക്ഷേ ആ വീട്ടില്‍ വെളിച്ചമേ ഉണ്ടായിരുന്നില്ല.. ആളൊഴിഞ്ഞ വീട് നിലാവിലും തെരുവുവിളക്കിലും ഒരു കോട്ട പോലെ തോന്നിപ്പിച്ചു.

പിറ്റേന്ന് മത്സരവേദികളൊക്കെ നടന്നു കണ്ടു. ഓടി നടക്കുന്ന വോളണ്ടയറുമാര്‍, വേദികള്‍ക്കരുകിലെ പ്രസ്സ് ടെന്‍റുകള്‍, ബാഡ്ജ് കുത്തിയ മത്സരാര്‍ ത്ഥികള്‍, അവരുമായി ഓടി നടക്കുന്ന രക്ഷിതാക്കള്‍, അധ്യാപകര്‍, മത്സരങ്ങള്‍ കാണുവാന്‍ ഒഴുകിയത്തെുന്ന ജനക്കൂട്ടം.. ഭക്ഷണ ശാലയില്‍ എപ്പോഴും ക്യൂവും തിരക്കുമായിരുന്നു. പഴയിടം നമ്പൂതിരിയുടെ പാചകപ്പെരുമയൊ അന്നറിയില്ളെങ്കിലും കഴിച്ച പായസ പ്രഥമനും, പുളിശ്ശേരി ക്കുമൊക്കെ അസ്സല്‍സ്വാദ് തന്നെയായിരുന്നു. ഏതോ സ്ക്കൂളി​​​െൻറ ഹാളിലായിരുന്നു കഥാരചനാ മത്സരവേദി. എല്ലാ ജില്ലകളിലേയും ഒന്നാം സ്ഥാനക്കാര്‍ അവിടെയുണ്ടായിരുന്നു.. മത്സരാര്‍ത്ഥികള്‍ തമ്മില്‍ പരിചയപ്പെട്ടു.അതില്‍ ബിന്ദു സി നായര്‍ (പേര് യാഥാര്‍ത്ഥ്യമല്ല) എന്ന പെണ്‍കുട്ടി സദാ സമയവും തന്‍്റെ അധ്യാപികയുടെ കൂടെയാണ് അവിടെ നടന്നിരുന്നത്.
 


"മുളളില്ലാത്ത ചെടികള്‍ പനിനീരിലില്ല.. " എന്ന മട്ടിലുള്ള വിഷയങ്ങളാണ് മുന്‍ വര്‍ഷങ്ങളില്‍ കൊടുത്തിരുന്നത്. എന്നാല്‍ ആ വര്‍ഷത്തെ വിഷയം " അമ്മേ, മാപ്പ് " ആയിരുന്നു ഒരു മണിക്കൂറിനുള്ളിലോ മറ്റോ കഥ എഴുതണം. പത്തു മിനിട്ടു കൊണ്ട് മനസില്‍ കഥയുടെ പ്ളോട്ട് ഇട്ടു. തുടക്കം, കഥാഗതി, ട്വിസ്റ്റ്,ഒക്കെ കരുതി വെച്ചു.. വിവാഹം കൊണ്ട് പണക്കാരനായി മാറിയപ്പോള്‍ അമ്മയെ മറന്ന ഒരാളുടെ കഥയാണ് എഴുതിയത്." മഴയില്‍ ഒരു മാപ്പപേക്ഷ'' എന്ന പേരും കൊടുത്തു. പിറ്റേന്ന് റിസള്‍ട്ട് വന്നു. എനിക്ക് കഥാരചനയില്‍ എ ഗ്രേഡും, സെക്കൻറുമുണ്ട്...! പപ്പയ്ക്ക് സന്തോഷമായി. ഒന്നാം സ്ഥാനം മുന്‍പ് പറഞ്ഞ ബിന്ദു സി.നായര്‍ക്കാണെന്നും ഞങ്ങള്‍ തമ്മില്‍ ഒരു മാര്‍ക്കി​​​െൻറ മാത്രം വ്യത്യാസമേ ഉള്ളതെന്നും, പത്രക്കാര്‍ പറഞ്ഞറിഞ്ഞു..! സാരമില്ല എനിക്കും സമ്മാനമുണ്ടല്ളോ. ചരിത്രത്തില്‍ വേരാഴ്ത്തിയ പഴമയുള്ള എ​​​െൻറ സ്ക്കൂളിലേക്ക് ഞാനാണ് ആദ്യമായൊരു സംസ്ഥാന തല അംഗീകാരം കൊണ്ടു ചെല്ലുന്നത്! ബിന്ദു സി നായരും ടീച്ചറും ഗൗരവത്തില്‍ നടന്നുവരുന്നുണ്ടായിരുന്നു. ഞാനോടി അവരുടെ അടുത്തത്തെി, ബിന്ദുവിനെ അഭിനന്ദനം അറിയിച്ച ശേഷം ,ഞങ്ങള്‍ തമ്മില്‍ ഒരു 'മാര്‍ക്കി​​​െൻറ വ്യത്യാസമാണുള്ളത് എന്ന വിവരം വെറുതെ പങ്കുവെച്ചു.അതു കേട്ട ടീച്ചര്‍ ആരാണിത് എന്നോട് പറഞ്ഞത് എന്നു ചോദിച്ചു. എന്നിട്ട് അഹന്തയോടെ പറഞ്ഞു  " കുട്ടി അറിഞ്ഞത് ശരിയല്ല. ജഡ്ജ് എ​​​െൻറ റിലേറ്റീവ് ആണ്...!' എന്ന്...!

എങ്ങിനെയാണ് ഒന്നാം സ്ഥാനം നഷ്ടമായത് എന്നു ചിന്തിക്കാനുള്ള പ്രായോഗിക ബുദ്ധി സ്വപ്നജീവിയായ എനിക്ക് അന്നുണ്ടായിരുന്നില്ല... പപ്പയോട് അത് എന്തോ പറയാനും തോന്നിയില്ല.. പക്ഷേ,പില്‍ക്കാലത്ത് ജീവിതത്തില്‍ പലപ്പോഴും  അര്‍ഹിക്കുന്ന അംഗീകാര ങ്ങള്‍തട്ടിയെടുക്കപ്പെട്ടപ്പോഴെല്ലാം  ഈ സംഭവം ഞാന്‍ ഓര്‍ക്കുകയും, ഒരു ചെറു ചിരിയുടെ സാരമില്ലായ്മയില്‍ സങ്കടം കുടഞ്ഞു കളയാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. യുവജനോത്സവ മത്സരവേദികളിലെ വിധികര്‍ത്താക്കളുടെ സ്വജനപക്ഷപാതക്കഥകള്‍ കേള്‍ക്കുമ്പോള്‍, അത് വെറുതെയല്ലല്ലോ എന്ന വാദം നെഞ്ചിലുയരാറുമുണ്ട്. ഈ പ്രാവശ്യത്തെ ക ലോത്സവത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഒഴിവാക്കിയതും, പകരം എ ഗ്രേഡ് കിട്ടുന്ന കുട്ടികള്‍ക്ക് സാംസ്ക്കാരിക സ്കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചതുമെല്ലാം ഇത്തരത്തിലുള്ള അക്രമങ്ങള്‍ ഒരു പരിധി വരെ ഇല്ലായ്മ ചെയ്യും.. ഈ തീരുമാനം ശ്ളാഘനീയമാണ്.
 


എന്തായാലും എ​​​െൻറ വിജയം പപ്പയക്ക് വലിയ അഭിമാനമായി.ആ പഴയ പത്രപ്രവര്‍ത്തകന്‍ എന്നെ മിക്ക പത്രക്കാരുടെ മുന്നിലും എത്തിച്ചു.ഇന്‍റര്‍വ്യൂ, വളഞ്ഞു നിന്ന് എ​​​െൻറപടമെടുക്കുന്ന ഫോട്ടോഗ്രാഫേഴ്സ്....!നാണവും ചമ്മലും തോന്നി.ഇതിനിടയില്‍ സുമയ്ക്കും കഥകളി സംഗീതത്തിന് മൂന്നാം സ്ഥാനവും എ ഗ്രേഡും കിട്ടിയിരുന്നു. ഇടുക്കി ജില്ലയ്ക്ക് ഏറ്റവും വലിയ അഭിമാനം തൊടുപുഴയുടെ ബിന്നി ആര്‍ ആയിരുന്നു കാസര്‍കോഡുള്ള അനുപമകൃഷ്ണനൊപ്പം കലാ തിലകപ്പട്ടം പങ്കുവെച്ചത്  എന്നതായിരുന്നു. ആ ബിന്നിയാണ് ഇന്നത്തെ പ്രശസ്ത സംഗീതജ്ഞ ബിന്നി കൃഷ്ണകുമാര്‍..! നീളന്‍ മൂക്കും മുഖശ്രീയുമുള്ള അനുപമകൃഷ്ണന്‍ മഹാകവി പി യുടെ പേരക്കുട്ടി എന്നറിഞ്ഞു. കലാപ്രതിഭയായി നൃത്തവേഷത്തില്‍ സമ്മാനം വാങ്ങാന്‍ വന്ന ചെറിയ വിനീതി​​​െൻറ (പില്‍ക്കാലത്ത് സിനിമാനടനായി) ഓമനത്തമുള്ള ബാലമുഖവും, പൂച്ചക്കണ്ണുകളും ഇന്നും ഓര്‍മ്മയുണ്ട്.

പിറ്റേന്ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖരനില്‍ നിന്നും സമ്മാനം വാങ്ങേണ്ടതുണ്ട്. പപ്പയും, ഗോപി അങ്കിളും ഉണ്ടായിരുന്നു. എ​​​െൻറ ഭാഗ്യവേഷമായ മെറൂണ്‍ പട്ടുപാവാടയും ബ്ളൗസും ഇടാന്‍ തീരുമാനിച്ചു.ഉപ ജില്ലയിലും ജില്ലയിലും, ഈ വേദിയിലും എനിക്ക് സമ്മാനം കിട്ടാന്‍ കാരണം ഈ ഉടുപ്പാണെന്ന് എ​​​െൻറ കുഞ്ഞു മനസ് അന്ധമായി വിശ്വസിച്ചിരുന്നു.. ഇഷ്ടം തോന്നുന്ന ഉടുപ്പുകള്‍ ഇന്നും മടുക്കാതെ, കാണുന്നവര്‍ക്ക് മടുക്കുമെന്നോര്‍ക്കാതെ ആവര്‍ത്തിച്ചിടുന്ന ശീലം എനിക്കിപ്പോഴുമുണ്ട്...

പോളക്കുളം ടൂറിസ്റ്റ് ഹോമിലായിരുന്നു ഞങ്ങള്‍ താമസിച്ചത്.. ആ ഹോട്ടലിന് സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമയുമായി എന്തോ ബന്ധമുണ്ടെന്ന് ആരോ പറഞ്ഞു..
പിറ്റേന്ന് സമ്മാനം വാങ്ങുന്നത് സ്വപ്നം കണ്ട് ആത്മഹര്‍ഷത്തില്‍ നടന്ന എന്നെ, പപ്പയുടെ ഉത്തരവ് അക്ഷരാര്‍ത്ഥത്തില്‍ നടുക്കി.. സംഭവം ഇതാണ്.സമ്മാനം വാങ്ങുവാന്‍ സ്റ്റേജില്‍ കയറുന്ന ഞാന്‍ തല്‍ക്ഷണം മന്ത്രിക്ക് ,ഗ്രേസ് മാര്‍ക്കിലെ അസമത്വം കാണിച്ച് പപ്പ തയ്യാറാക്കിത്തരുന്ന പരാതി കൊടുക്കണം..! കവിതയിലും കഥയിലും ഒരേ സമയം അഭിരുചിയുള്ള കുട്ടികളെ രണ്ടിലുംപങ്കെടുപ്പിക്കാതെ, ഏതെങ്കിലും ഒന്നില്‍ മാത്രം പങ്കെടുപ്പിക്കുന്ന നടപടിയെയും, എ ഗ്രേഡും ഒന്നാം സ്ഥാനവും കിട്ടുന്ന കുട്ടിക്ക് 60 മാര്‍ക്ക് ഗ്രേസ് മാര്‍ക്കും, അതേ സ്ഥാനത്ത് എ ഗ്രേഡും രണ്ടാം സ്ഥാനവും കിട്ടുന്ന കുട്ടിക്ക് 30 മാര്‍ക്ക് മാത്രവും ഗ്രേസ് മാര്‍ക്കു കൊടുക്കുന്ന നടപടിയേയും ആ പരാതി ചോദ്യം ചെയ്തിരുന്നു....എ​​​െൻറ സന്തോഷമെല്ലാം പേടിയായി മാറി എന്ന് പറഞ്ഞാല്‍ മതിയല്ലോ.. എങ്ങനെയോ പരാതി സ്റ്റേജില്‍ വെച്ച് മന്ത്രിക്ക് കൈമാറി. പുറത്തിറങ്ങിയ എന്നെ പത്രക്കാര്‍ വളഞ്ഞു പിറ്റേന്നത്തെ പത്രങ്ങളില്‍ ചിലതില്‍ സമ്മാനത്തിന് നീട്ടിയ കൈയില്‍ നിവേദനവും.. എന്നൊക്കെവാര്‍ത്തകള്‍ വന്നു.....! മത്സരമൊക്കെ കഴിഞ്ഞു തിരിച്ചു വന്ന എനിക്കും സുമയ്ക്കും നാട്ടിലും വീട്ടിലും സ്ക്കൂളിലും നല്ല സ്വീകരണങ്ങള്‍ കിട്ടി. പക്ഷേSSLC പരീക്ഷയില്‍ ആ മുപ്പത് മാര്‍ക്ക് ഞങ്ങള്‍ക്ക് വാങ്ങിത്തരാന്‍ അനാസ്ഥകൊണ്ട് സ്കൂള്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.. ആ സമ്മാനത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍, എന്നോ, എ​​​െൻറ കൈവിടുവിപ്പിച്ച് ,ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തരാന്‍ ബാക്കിവെച്ച് മേഘങ്ങള്‍ക്കിടയിലേക്ക് നടന്നു പോയ എ​​​െൻറ പപ്പ നെഞ്ചില്‍ വിങ്ങും.. ചിലപ്പോഴൊക്കെ അര്‍ഹതയുണ്ടായിട്ടും ലഭിക്കാതെ പോയ ഒന്നാം സ്ഥാനവും കിട്ടാതെ പോയ ഗ്രേസ് മാര്‍ക്കും നഷ്ടബോധമുണ്ടാക്കും..... എന്നിരുന്നാലും ഓരോ യുവജനോത്സവക്കാലവും എനിക്ക് ഉണര്‍വുണ്ടാക്കുന്ന ഒരു കാറ്റു കാലമാണ്... ഓരോ വേദിയിലും അച്ഛ​​​െൻറ കൈ പിടിച്ച് നടന്നു പോകുന്നൊരു പെണ്‍കുട്ടിയുടെ കുതൂഹലക്കണ്ണുകള്‍ ഞാന്‍ തേടിപ്പിടിക്കാറുണ്ട്... അതേ കാറ്റു പിടിച്ച, ഉന്മാദവുമായി അവളോടൊപ്പം ഉല്ലാസം നിറഞ്ഞ മനസ്സോടെ ഏറെയേറെ ദൂരം നടന്നും പോവാറുണ്ട്.....!


 

Tags:    
News Summary - kerala school kalolsavam 2018 thrissur-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.