തൊടുപുഴ: പ്രസവ വാർഡിൽ പർദ ധരിച്ചു കയറിയ പൊലീസുകാരന് സസ്പെൻഷൻ. കുളമാവ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഒാഫിസർ നൂർ സമീറിനെയാണ് ഇടുക്കി ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ സസ്പെൻഡ് ചെയ്തത്. തൊടുപുഴക്ക് സമീപം പെരുമ്പിള്ളിച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പിക്അപ് ഓട്ടോയിയിലാണ് ഇയാൾ ആശുപത്രിയിലെത്തിയതെന്ന് തൊടുപുഴ എസ്.െഎ വിഷ്ണുകുമാർ പറഞ്ഞു.
പർദ ധരിച്ച് ഒരാൾ പ്രസവവാർഡിലേക്ക് കയറിയത് കൂട്ടിരിപ്പുകാരിലൊരാളാണ് കണ്ടത്. ഇവർ ബഹളംവെച്ചതിെന തുടർന്ന് ഇറങ്ങിയോടിയ ഇയാളെ സെക്യൂരിറ്റി തടഞ്ഞുനിർത്തി. മുഖത്തെ തുണി മാറ്റിയപ്പോൾ താൻ പൊലീസുകാരനാണെന്ന് പറഞ്ഞ് കുതറിയോടി. സെക്യൂരിറ്റിയുടെയും വാർഡിലുള്ളവരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നൂർ സമീറിനെതിരെ കേസെടുത്തത്.
പൊലീസുകാരൻ ആശുപത്രിയിൽ വേഷം മാറി എത്തിയെന്ന വിവരം സ്പെഷൽ ബ്രാഞ്ചും സ്ഥിരീകരിച്ചതായി തൊടുപുഴ ഡിവൈ.എസ്.പി ജില്ല പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. ഒന്നര വർഷം മുമ്പ് പാലക്കാട് പൊലീസ് പിടികൂടിയ കഞ്ചാവ് കേസിലെ പ്രതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ നൂർ സമീറടക്കം മൂന്ന് പൊലീസുകാരെ അറസ്റ്റ് ചെയ്തിരുന്നു. സസ്പെൻഷൻ കഴിഞ്ഞ് ഏതാനും മാസം മുമ്പാണ് ജോലിയിൽ തിരിച്ചു കയറിയത്. പൊലീസുകാരൻ ഒളിവിലാണെന്നും ആൾമാറാട്ടത്തിനാണ് കേസെടുത്തതെന്നും തൊടുപുഴ എസ്.െഎ വിഷ്ണുകുമാർ പറഞ്ഞു. തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസിനാണ് അന്വേഷണച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.