പെരിന്തൽമണ്ണ: ഒാട്ടോറിക്ഷ ഡ്രൈവർമാർക്ക് ‘സൗജന്യമായി’ ഇന്ധനം നിറച്ച് നൽകുന്നതായ വാർത്ത കേട്ട് പെരിന്തൽമണ്ണ കോഴിക്കോട് റോഡിലെ പമ്പിൽ നൂറുകണക്കിനു ഒാട്ടോറിക്ഷ ഡ്രൈവർമാർ തടിച്ചുകൂടി. പെരിന്തൽമണ്ണ ടൗണിനു സമീപമുള്ള യുവാവ് കുട്ടിയോടൊപ്പമെത്തി ഒരു ലക്ഷം രൂപ തിങ്കളാഴ്ച വൈകീട്ട് ഈ ആവശ്യത്തിനായി പമ്പിൽ എത്തിക്കുകയായിരുന്നു. കാരുണ്യത്തിെൻറ മുഖമുള്ള ആ പണക്കാരനെ പരിചയമില്ലെങ്കിലും ഉദാരമനസ്കനായ ആളാണെന്ന് കരുതി പമ്പ് ഉടമ പണം വാങ്ങിവെച്ചു.
നിമിഷങ്ങൾക്കകം സൗജന്യ ഇന്ധന വിതരണത്തെ കുറിച്ച് പെരിന്തൽമണ്ണയിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ കാട്ടുതീ പോലെ പടർന്നു. ഓട്ടോകൾ നിരനിരയായെത്തി ഇന്ധനം നിറച്ചു. തിരക്കുമൂലം പമ്പിെൻറ പ്രവർത്തനം കുറച്ചു നേരം തടസ്സപ്പെടുന്നത് വരെ കാര്യങ്ങളെത്തി.
105 പേർക്കായി 37000 രൂപയുടെ ഇന്ധനം നിറച്ച് നൽകി. യുവാവ് തിരികെ വീട്ടിലെത്തിയപ്പോൾ കൂടെയുള്ള 11 വയസ്സുകാരൻ കുട്ടി പറഞ്ഞതനുസരിച്ചാണ് സംഭവമറിയുന്നത്. തുടർന്ന് സംഭവം അന്വേഷിക്കാനും ഉണ്ടെങ്കിൽ നിർത്തിവെക്കാനും വീട്ടുകാർ പരിചയക്കാരനായ വ്യക്തിയോട് വിളിച്ചറിയിക്കുകയായിരുന്നു. അപ്പോഴേക്കും നിരവധി പേർ ഇന്ധനം നിറക്കുകയും അതിലേറെ പേർ വാഹനവുമായി ഇന്ധനം നിറക്കാൻ കാത്തു നിൽക്കുന്നതുമാണ് കണ്ടത്.
മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണ് യുവാവെന്ന് പറയുന്നു. സൗജന്യ ഇന്ധനം കൈപ്പറ്റിയവർ യുവാവിന് പണം നൽകി തിരിച്ചു സഹായിക്കണമെന്ന നോട്ടീസ് പമ്പ് ജീവനക്കാർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ചില ഓട്ടോ ഡ്രൈവർമാർ പമ്പിലെത്തി പണം തിരിച്ചു നൽകി മാതൃക കാണിക്കുന്നുമുണ്ട്. ഇന്ധനം നിറക്കാൻ തിങ്ങിനിൽക്കുന്നവരുടെ ചിത്രങ്ങളടക്കം സമൂഹ മാധ്യമത്തിൽ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.