തിരുവനന്തപുരം: പ്രതിപക്ഷത്തെ നേരിടാൻ വാച്ച് ആൻഡ് വാർഡിനെ അണിനിരത്തുകയും ഭരണപക്ഷം കൂടി രംഗത്തിറങ്ങുകയും ചെയ്തതോടെ വാക്പോരും പോർവിളിയുമായി നിയമസഭയിൽ അസാധാരണ സാഹചര്യം. ഭരണ-പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി നേർക്കുനേർ നിലയുറപ്പിച്ചതോടെ ചോദ്യോത്തരവേള സ്പീക്കർ നിർത്തിവെച്ചു.
സ്വർണപ്പാളി വിവാദത്തിൽ തുടർച്ചയായി മൂന്നാം ദിവസവും നിയമസഭ പ്രക്ഷുബ്ധമാവുകയായിരുന്നു. രാവിലെ സഭാനടപടികൾ ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും സഭാനടപടികളിൽ നിസഹകരിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. ഇതിനുപിന്നാലെ ബാനറുമായി പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് താഴെ വന്നു പ്രതിഷേധം ആരംഭിച്ചു. മുഖം മറച്ച് ബാനർ പിടിച്ചുള്ള പ്രതിഷേധത്തെ സ്പീക്കർ എ.എൻ ഷംസീർ രൂക്ഷമായി വിമർശിച്ചു.
ഇതിനിടെ ചോദ്യോത്തരം ആരംഭിച്ചെങ്കിലും പ്രതിപക്ഷ ബഹളം ശക്തമായി. എ.പി.അനിൽകുമാർ മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ നിന്ന് പ്രതിഷേധിച്ചതോടെ മന്ത്രിമാരായ സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ്, കെ.രാജൻ എന്നിവരുടെ നേതൃത്വത്തിൽ ഭരണപക്ഷ അംഗങ്ങൾ മുഖ്യമന്ത്രിക്ക് പ്രതിരോധം തീർത്തു. ഭരണ- പ്രതിപക്ഷ എം.എൽ.എമാർ തമ്മിൽ കൈയാങ്കളിയുടെ അന്തരീക്ഷം രൂപപ്പെട്ടെങ്കിലും വാച്ച് ആൻഡ് വാർഡ് ഇടക്കുകയറി പ്രതിരോധം തീർത്തു. തുടർന്ന് സഭാനടപടികൾ സ്പീക്കർ 15 മിനിറ്റോളം നിർത്തിവെച്ചു. തുടർന്ന് നടപടികൾ പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷം ബഹിഷ്കരിച്ചു.
പ്രതിപക്ഷത്തെ മൂന്ന് അംഗങ്ങൾ വാച്ച് ആൻഡ് വാർഡിനെ ആക്രമിച്ചുവെന്നും വനിതാ വാച്ച് ആൻഡ് വാർഡിനെ തള്ളിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്നാൽ തള്ളിമാറ്റിയിട്ടും തങ്ങൾ പ്രകോപനമുണ്ടാക്കിയില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.