തിരുവനന്തപുരം: വയനാട് പുനരധിവാസ പാക്കേജിലടക്കം കേരളത്തിന്റെ ആവശ്യങ്ങളോടെല്ലാം മുഖംതിരിച്ച് കേന്ദ്ര ബജറ്റ്.
ഏറെ കാത്തിരിപ്പിന് ശേഷം വയനാടിനെ തീവ്രസ്വഭാവമുള്ള ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനാൽ സാമ്പത്തിക സഹായമടക്കം മറ്റ് ആവശ്യങ്ങളിൽ അനുകൂല പ്രഖ്യാപനമാണ് സംസ്ഥാനം പ്രതീക്ഷിച്ചത്. പുനരധിവാസത്തിന് 2000 കോടിയുടെ പാക്കേജും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതേപ്പറ്റി ഒരക്ഷരം ബജറ്റിലില്ല. മാത്രമല്ല, ആശ്വാസകരമായ പ്രഖ്യാപനങ്ങളുമില്ല. മാന്ദ്യം നേരിടുന്നതിനും പ്രതീക്ഷിത സാമ്പത്തിക വളർച്ചനിരക്കിലേക്കെത്തുന്നതിനും കേന്ദ്രപിന്തുണ സ്വാഭാവികമായും കേരളം പ്രതീക്ഷിച്ചിരുന്നു. 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് ഇതിലൊന്ന്.
ജി.എസ്.ടി നഷ്ടപരിഹാരവും റവന്യൂ കമ്മി ഗ്രാന്റ് അവസാനിച്ചതും കടമെടുക്കൽ പരിധിയിൽ വന്ന കുറവുമെല്ലാം അക്കമിട്ടാണ് കേരളം പാക്കേജ് ആവശ്യം മുന്നോട്ടുവെച്ചിരുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ തുടർവികസന പ്രവർത്തനങ്ങൾക്കായി 5000 കോടി രൂപയുടെ പ്രത്യേക പാക്കേജിലും ബജറ്റിൽ മൗനമാണ്. അതേസമയം കഴിഞ്ഞ വർഷത്തേത് പോലെ ദീർഘകാല കാപെക്സ് വായ്പ വരും സാമ്പത്തികവർഷവും തുടരുമെന്നതാണ് അൽപം ആശ്വാസം. വിഴിഞ്ഞത്തെ മൂലധന നിക്ഷേപ പദ്ധതികൾക്ക് കാപെക്സ് വായ്പ പ്രയോജനപ്പെടുത്താമെന്നതാണ് ധനവകുപ്പിന്റെ കണക്കുകൂട്ടൽ.
നേട്ടങ്ങളുടെ പേരിൽ ശിക്ഷിക്കുന്നുവെന്നതാണ് കേരളത്തിന്റെ കാലങ്ങളായുള്ള പരാതി. ഈ ബജറ്റിലും അത് ആവർത്തിക്കുന്നതിന്റെ സൂചനകളുണ്ട്. കുട്ടികളിലെ ഗവേഷണ നൈപുണ്യം വളർത്തുന്നതിന് സ്കുളുകൾ ടിങ്കറിങ് ലാബുകള്‍ നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇത്തരം ലാബുകൾ നേരത്തെ തന്നെ നടപ്പാക്കിത്തുടങ്ങിയിരുന്നു. എല്ലാ ഹയർ സെക്കൻഡറി സ്കൂൾ സ്കൂളുകളിലും ഇൻറർനെറ്റ് കണക്ടിവിറ്റി എന്നാണ് മറ്റൊരു പ്രഖ്യാപനം. കേരളത്തിൽ ഹയർ സെക്കൻഡറികൾ മാത്രമല്ല പ്രൈമറി സ്കൂളുകളിലും ഇതിനകം ഇന്റർനെറ്റ് ലഭ്യമാണ്. ടിങ്കറിങ് ലാബുകള്‍ക്കും സ്കൂൾ ഇന്റർനെറ്റ് പദ്ധതികൾക്കും പണം വകയിരുത്തുമെങ്കിലും ഇതിനോടകം ലക്ഷ്യം നേടിയ കേരളം ഈ ധനവിഹിതത്തിൽനിന്ന് പുറത്താകും.
25 ലക്ഷം കോടിയാണ് സംസ്ഥാനങ്ങൾക്ക് ആകെ നീക്കിവെച്ചത്. കഴിഞ്ഞ ബജറ്റിൽ ഇത് 21 ലക്ഷം കോടിയായിരുന്നു. ജനസംഖ്യാനുപാതികമായി കണക്കാക്കുമ്പോൾ കേരളത്തിന് കിട്ടേണ്ടത് 73,000 കോടിയാണെങ്കിലും ലഭിച്ചത് 32000 കോടി. സംസ്ഥാനങ്ങൾക്കുള്ള മൊത്തം വിഹിതത്തിൽ ഇക്കുറി നാല് ലക്ഷം കോടി വർധിച്ച സാഹചര്യത്തിൽ കേരളത്തിനുള്ള വിഹിതത്തിൽ 14,000 കോടിയുടെ വർധനയുണ്ടാകണം. പക്ഷേ വർധന 3000-4000 കോടി മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.