കൊച്ചി: ഉന്നത വിദ്യാഭ്യാസ നിലവാരം സംരക്ഷിക്കാന്‍ കൊണ്ടുവന്ന നിബന്ധനകളില്‍ സര്‍വകലാശാലകള്‍ വെള്ളംചേര്‍ക്കരുതെന്ന് ഹൈകോടതി. എന്‍ജിനീയറിങ് കോളജുകളെ ഒരു കുടക്കീഴിലാക്കി സംസ്ഥാന സര്‍ക്കാറിന് കീഴില്‍ നിലവില്‍വന്ന എ.പി.ജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ വിദ്യാഭ്യാസ നിലവാരം സംരക്ഷിക്കാനുള്ള ഉപാധികളടങ്ങുന്ന ഓര്‍ഡിനന്‍സ് ശരിവെച്ചാണ് ഉത്തരവ്. മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശനം നല്‍കുന്ന കാര്യത്തില്‍ ഇത്തവണ കുറഞ്ഞ ക്രെഡിറ്റ് മാര്‍ക്കില്‍ ഇളവ് നല്‍കിയ സര്‍വകലാശാലയുടെ തീരുമാനവും കോടതി ശരിവെച്ചു.
അതേസമയം, ഓര്‍ഡിനന്‍സില്‍ ഭേദഗതി വരുത്താതെ ഇത്തരം ഇളവുകള്‍ നടപ്പാക്കരുതെന്നും വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്ന വിധത്തിലുള്ള ഭേദഗതികള്‍ നടത്തരുതെന്നും കോടതി ആവശ്യപ്പെട്ടു. മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശനം നല്‍കാന്‍ ഓര്‍ഡിനന്‍സിലൂടെ നിശ്ചയിച്ച 35 എന്ന ക്രെഡിറ്റ് മാര്‍ക്കില്‍ സര്‍വകലാശാല ഇളവനുവദിക്കുകയും 25 ആക്കി കുറക്കുകയും ചെയ്തു. ഓര്‍ഡിനന്‍സില്‍ മാറ്റം വരുത്താതെ വൈസ് ചാന്‍സലറുടെ ഉത്തരവിലൂടെയാണ് ഈ ഇളവ് പ്രഖ്യാപിച്ചത്. ഇത് അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് ഒരു വിദ്യാര്‍ഥിയുടെ രക്ഷിതാവ് കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, മാര്‍ക്ക് 25 എന്ന പരിധി വീണ്ടും താഴ്ത്തണമെന്നാവശ്യപ്പെട്ട് ചില വിദ്യാര്‍ഥികളും കോടതിയെ സമീപിച്ചു. കോഴ്സിന് ചേര്‍ന്നപ്പോള്‍ ബന്ധപ്പെട്ട സര്‍വകലാശാലകളുടെ നിയമപ്രകാരം ഇയര്‍ ബാക്ക് സിസ്റ്റം (ഒരു സെമസ്റ്ററില്‍ മതിയായ ക്രെഡിറ്റ് മാര്‍ക്ക് ലഭിക്കാത്ത പക്ഷം അതേ ക്ളാസില്‍തന്നെ പഠനം തുടരണമെന്ന നിബന്ധന) ഉണ്ടായിരുന്നില്ളെന്ന് ഹരജിക്കാരായ വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, സാങ്കേതിക സര്‍വകലാശാലയുടെ കീഴിലേക്ക് മാറ്റിയതോടെ ഇയര്‍ ബാക്ക് സംവിധാനം നിലവില്‍വന്നത് ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയ തങ്ങളെ വെട്ടിലാക്കിയെന്നാണ് ഹരജിയില്‍ പറയുന്നത്. അതിനാല്‍ ക്രെഡിറ്റ് മാര്‍ക്ക് ഇനിയും ചുരുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍, വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനാണ് ക്രെഡിറ്റ് മാര്‍ക്ക് സംബന്ധിച്ച പരിധി നിശ്ചയിച്ചതെന്നും നിലവിലെ സംവിധാനത്തില്‍നിന്ന് പെട്ടെന്ന് മാറ്റം വരുത്തിയപ്പോള്‍ ഭൂരിപക്ഷം കുട്ടികള്‍ക്കുമുണ്ടായ ബുദ്ധിമുട്ട് പരിഗണിച്ചാണ് 2016 -17 വര്‍ഷത്തെ മൂന്നാം സെമസ്റ്റര്‍ പ്രവേശനത്തിന് ക്രെഡിറ്റ് മാര്‍ക്കില്‍ ഇളവനുവദിച്ചതെന്നും സര്‍വകലാശാല ചൂണ്ടിക്കാട്ടി. ഇളവ് ഒറ്റത്തവണ മാത്രമായി അനുവദിച്ചതാണെന്നും ഇനി ഉണ്ടാകില്ളെന്നും സര്‍വകലാശാല വ്യക്തമാക്കി.
നിലവാരം ഉയര്‍ത്താനുള്ള നിര്‍ദേശങ്ങളടങ്ങുന്ന ഓര്‍ഡിനന്‍സ് നിലവിലിരിക്കെ വി.സിയുടെ ഉത്തരവിലൂടെ ഈ ഉപാധികളില്‍ ഇളവ് നല്‍കാനും ഭേദഗതി വരുത്താനുമുള്ള അധികാരം നിയമപരമായി ഇല്ളെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ഒറ്റത്തവണ മാത്രമുള്ളതാണെന്ന വിശദീകരണം കണക്കിലെടുത്ത് ഇത്തവണ മാത്രം ഇളവനുവദിച്ചത് അംഗീകരിക്കുന്നതായി കോടതി വ്യക്തമാക്കി. ക്രെഡിറ്റ് മാര്‍ക്ക് 25ല്‍ താഴെ വേണമെന്ന ആവശ്യം കോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.