വിഭാഗീയതയുടെ പേരിൽ നമസ്​കാരവും ഖബറടക്കവും വിലക്കാനാവില്ല -ഹൈകോടതി

കൊച്ചി: പ്രാർഥനക്കോ മൃതദേഹം ഖബറടക്കുന്നതിലോ വിഭാഗീയതയുടെ പേരിൽ മഹൽ അംഗങ്ങളെ തടയാൻ ജമാഅത്ത്​ കമ്മിറ്റി​ക്കടക്കം അധികാരമില്ലെന്ന്​ ഹൈകോടതി. കേരള നദ്​വത്തുൽ മുജാഹിദീൻ സംഘടിപ്പിച്ച പരിപാടിയിൽ പ​ങ്കെടുത്തതിന്‍റെ പേരിൽ വഖഫ്​ ചെയ്യപ്പെട്ട പള്ളിയിൽ 40ലേറെ പേർക്ക്​ നമസ്കാരത്തിനും ഖബറടക്കത്തിനും വിലക്കേർപ്പെടുത്തിയ പാലക്കാട്​ എലപ്പുള്ളി ഏറാഞ്ചേരി ജമാഅത്ത്​ കമ്മിറ്റിയുടെ നടപടിക്കെതിരെയാണ്​ ജസ്റ്റിസ്​ എസ്​.വി ഭാട്ടി, ജസ്റ്റിസ്​ ബസന്ത്​ ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്​.

ഏറാഞ്ചേരി ജമാഅത്തിലെ അംഗങ്ങളായ മുഹമ്മദ്​ ഹനീഫ്,​ ഹസൻ മുഹമ്മദ് തുടങ്ങി 40 പേരെയാണ്​ 2007 മാർച്ചിൽ കെ.എൻ.എം സംഘടിപ്പിച്ച പരിപാടിയിൽ പ​ങ്കെടുത്തതിന്‍റെ പേരിൽ ജമാഅത്തിൽനിന്ന്​ പുറത്താക്കുകയും ഊരുവിലക്ക്​ ഏർപ്പെടുത്തുകയും ചെയ്തത്​. ഇതിനിടെ 2007 ഒക്​ടോബർ 18ന്​ മരിച്ച മുഹമ്മദിന്‍റെ ഖബറടക്കവുമായി ബന്ധപ്പെട്ട്​ ക്രമസമാധാന പ്രശ്നമുണ്ടാവുകയും പാലക്കാട്​ ആർ.ഡി.ഒയും മറ്റും ഇടപെട്ട്​ പ്രശ്​നം രമ്യതയിലാക്കി ഖബറടക്കം അനുവദിക്കുകയും ചെയ്തു. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരം പരിഹാരം ആവശ്യപ്പെട്ട്​ പുറത്താക്കപ്പെട്ട വിഭാഗം ആർ.ഡി.ഒക്ക്​ പരാതി നൽകി.

മറ്റൊരു ഖബർസ്ഥാൻ കണ്ടെത്തുന്നത്​ വരെ മുജാഹിദ്​ വിഭാഗക്കാരു​​ടെ മൃതദേഹം അടക്കുന്നത്​ തടയരുതെന്ന്​ 2007 നവംബർ മൂന്നിന്​ സർവകക്ഷി യോഗം വിളിച്ചശേഷം ആർ.ഡി.ഒ നിർദേശിച്ചു. പള്ളിയോ ഖബർസ്ഥാനോ ഇല്ലാത്തതിനാൽ ഭാവിയിലും വിലക്ക്​ ഉണ്ടാകാമെന്ന്​ ഭയന്ന്​ മുഹമ്മദ്​ ഹനീഫും മറ്റും വഖഫ്​ ട്രൈബ്യൂണലിനെ സമീപിച്ചു. മഹല്ലിന്‍റെ പരിപാലനം നിർവഹിക്കുന്ന വിഭാഗക്കാ​ർക്കെന്ന പോലെ ഹരജിക്കാർക്കും ഇതേ പള്ളിയിൽ പ്രാർഥനക്കും മൃതദേഹം ഖബറടക്കാനും അവകാശമുണ്ടെന്ന്​ ​​ട്രൈബ്യൂണൽ ഉത്തരവിട്ടു. ഇതിനെതിരെയാണ്​ ഹൈകോടതിയെ സമീപിച്ചത്​.

ട്രൈബ്യൂണൽ ഉത്തരവ്​ തെറ്റാണെന്നും ഭരണഘടന ലംഘനമാണെന്നും പള്ളിക്കമ്മിറ്റിക്കാർ ഹൈകോടതി​യിൽ വാദിച്ചു. എന്നാൽ, ഈ വാദം തള്ളിയ ഡിവിഷൻബെഞ്ച്​ ഇവരെ പുറത്താക്കുകയും വിലക്കേർപ്പെടുത്തുകയും ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന്​ ചൂണ്ടിക്കാട്ടി. എല്ലാ മുസ്​ലിംകൾക്കും ഏത്​ പള്ളിയിലും നമസ്കരിക്കാനും പൊതു ഖബർസ്​ഥാനിൽ ഖബറടക്കാനും അവകാശമുണ്ടായിരിക്കെ ഈ വാദം നിയമപരമായി നിലനിൽക്കുന്നതല്ല. ജമാഅത്തിലെ അംഗങ്ങളാണ് ഇവരും. എല്ലാവർക്കും പ്രാർഥന നടത്താനുള്ളതാണ്​ പള്ളി. ഒരു കൂട്ടർക്ക്​ മറ്റൊരു കൂട്ടരെ തടയാനാവില്ല. അന്തസ്സോടെയുള്ള അന്ത്യ ചടങ്ങിനും ഖബറടക്കത്തിനുമുള്ള പൗരാവകാശം തടയാനും ആർക്കുമാവില്ല. ട്രൈബ്യൂണൽ ഉത്തരവ്​ അപാകതകളില്ലാത്തതാണെന്നും വ്യക്​തമാക്കിയ കോടതി, ഹരജി തള്ളുകയായിരുന്നു.

Tags:    
News Summary - Kerala High Court verdict against Palakkad Eranchery Jamaat Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.