ആരോഗ്യവകുപ്പിൽ 746 പേർ വിദേശ അവധിയിൽ; ജീവനക്കാരുടെ കുറവ് വലിയ പ്രതിസന്ധി

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ് പ്രതിസന്ധിയാകുന്നതിനിടയിലും ജീവനക്കാർ അവധിയെടുത്ത് വിദേശത്ത്. 746 പേരാണ് വിദേശ അവധിയിലുള്ളത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 352 പേരെ പിരിച്ചുവിട്ടതായും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ജീവനക്കാർക്ക് പഠിക്കാനും വിദേശത്ത് ജോലി തേടാനുമൊക്കെയായി ആരോഗ്യവകുപ്പ് അനുവദിക്കുന്നത് അഞ്ചു വർഷമാണ്. ഈ സൗകര്യത്തിലാണ് പലരും അവധിയെടുത്ത് വിദേശത്തേക്ക് കടക്കുന്നത്.

വിദേശത്തുള്ളവരുടെ എണ്ണം 746 ആണെങ്കിൽ അഞ്ചുവർഷം മറ്റ് അവധിയിലുള്ള ജീവനക്കാരുടെ എണ്ണം അതിലുമേറെയാണ്. അവധി കണക്ക് പരിശോധിച്ചാൽ ജൂനിയർ നഴ്സ് വിഭാഗത്തിൽ 19 പേരും, 662 നഴ്സിങ് ഓഫിസർ, 37 മെഡിക്കൽ ഓഫിസർ, അസി. സർജൻ 20, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഗ്രേഡ് 2 ൽ 1, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 1 ൽ 5, ഒപ്റ്റാമെട്രിസ്‌റ്റുമാർ 12, ഡെന്റൽ ഹൈജീനിക്മാർ -8, 2 റേഡിയോഗ്രാഫർമാർ, ഫിസിയോ തെറപിസ്റ്റ് 2, നഴ്സിങ് ടൂട്ടർ-2, ക്ലിനിക്കൽ സൈക്കളോജിസ്റ്റ് 1, ട്രീറ്റ്മെന്റ് ഓർഗനൈസർമാർ 2 എന്നിങ്ങനെയാണ് കണക്ക്.

പിരിച്ചുവിട്ടവരിൽ അസിസ്റ്റന്‍റ് സർജൻ 336, ക്ലിനിക്കൽ സൈക്കളോജിസ്റ്റ്-2. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നതിന് വിജിലൻസ് പിരിച്ചുവിട്ടവർ 14 പേരുണ്ട്. ആകെ 338 പേരെ കഴിഞ്ഞ അഞ്ചുവർഷ കാലയളവിൽ ആരോഗ്യവകുപ്പിൽനിന്ന് പിരിച്ചുവിട്ടു. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽനിന്ന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്.

അതേസമയം, ആരോഗ്യവകുപ്പ് അടുത്തിടെ 430 നിയമന ഉത്തരവ് നൽകിയെങ്കിലും 134 ഡോക്ടർമാർ മാത്രമാണ് അത് സ്വീകരിച്ചത്. അതിൽ പകുതിയോളം പേർ മാത്രമാണ് ഡ്യൂട്ടിയിൽ പ്രവേശിച്ചത് എന്നതും ശ്രദ്ധേയമാണ്. സർക്കാർ ആശുപത്രികളിൽ ജീവനക്കാരുടെ കുറവ് ഈ വർഷങ്ങൾക്കിടയിൽ പലതവണ ഉയർത്തിക്കാട്ടിയതാണ്.

Tags:    
News Summary - Kerala Health Sector in Crisis: Hundreds on Foreign Leave and Dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.