തിരുവനന്തപുരം: ഒാണാവധിക്കും ശുചീകരണ യജ്ഞത്തിനും ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ബുധനാഴ്ച തുറക്കും. പ്രളയബാധിത പ്രദേശങ്ങളിലെ 308 സ്കൂളുകൾ ഒഴികെയാണ് തുറക്കുന്നത്. ഇപ്പോഴും വെള്ളം ഇറങ്ങാത്തതും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നതുമാണ് കാരണം. കൂടുതൽ സ്കൂളുകൾ തുറക്കാൻ കഴിയാത്തത് ആലപ്പുഴ ജില്ലയിലാണ്; 276 എണ്ണം. എറണാകുളത്ത് 28ഉം ഇടുക്കി, തൃശൂർ ജില്ലകളിൽ രണ്ട് വീതവും സ്കൂളുകൾ ബുധനാഴ്ച തുറക്കില്ല. ആലപ്പുഴയിൽ കുട്ടനാട് മേഖലയിൽ നൂറോളം സ്കൂളുകൾ ഇപ്പോഴും വെള്ളത്തിലാണ്.
അധ്യയനം തുടങ്ങാൻ കഴിയാത്ത സ്കൂളുകളിലെ കുട്ടികൾക്കായി ബദൽ സംവിധാനം ഏർപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങൾ, പി.ടി.എ എന്നിവക്ക് നിർദേശമുണ്ട്. ഇടുക്കിയിൽ തുറക്കാനാകാത്ത രണ്ട് സ്കൂളുകൾ സെപ്റ്റംബർ മൂന്നിന് തുറക്കാൻ ശ്രമം നടക്കുന്നുണ്ട്. ഒരിടത്ത് താൽക്കാലിക ഷെഡ് നിർമിച്ച് അധ്യയനം അങ്ങോട്ട് മാറ്റും. മറ്റൊരിടത്ത് ചർച്ചിനോട് ചേർന്ന സ്ഥലം സ്കൂളിനുവേണ്ടി ഉപയോഗിക്കാനാണ് തീരുമാനം.
പ്രളയബാധിത മേഖലകളിലെ സ്കൂളുകളിൽ ആദ്യ രണ്ട് ദിവസം കുട്ടികൾക്ക് ആത്മവിശ്വാസം പകരാനും മാനസികോല്ലാസത്തിനും സഹായകമായ പ്രവർത്തനങ്ങൾക്ക് ഉൗന്നൽ നൽകാനാണ് വിദ്യാഭ്യാസ വകുപ്പിെൻറ നിർദേശം. ഇൗ സ്കൂളുകളിൽ പ്രത്യേക പി.ടി.എ യോഗവും ചേരും. പ്രളയം ബാധിച്ച സ്കൂളുകളിലും പരിസരങ്ങളിലും സ്വീകരിക്കേണ്ട മുൻകരുതലും പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയിട്ടുണ്ട്. വെള്ളം കയറിയ സ്കൂൾ ലൈബ്രറിയിലെയും ലാബുകളിലെയും പുസ്തകങ്ങളും ഉപകരണങ്ങളും കുട്ടികളെ ഉപയോഗിച്ച് ശുചീകരിക്കരുത്. ഉപയോഗ യോഗ്യമല്ലെങ്കിൽ അവ നശിപ്പിക്കണം. അപകട സാധ്യതയുള്ളതോ രോഗാണുബാധയുണ്ടാവാനിടയുള്ളതോ ആയ ഒരു പ്രവർത്തനത്തിലും കുട്ടികളെ പങ്കെടുപ്പിക്കരുത്.
നാശം നേരിട്ട സ്കൂൾ ലാബുകളിലെ രാസവസ്തുക്കളും മറ്റും അപകടകരമായ നിലയിലല്ലെന്ന് ഉറപ്പുവരുത്തണമെന്നും ഡി.പി.െഎയുടെ നിർദേശത്തിൽ പറയുന്നു. കിണർ, കുടിവെള്ള ടാങ്ക് എന്നിവ പൂർണമായും അണുമുക്തമാക്കിയശേഷമേ ഉപയോഗിക്കാവൂ. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുട്ടികൾക്ക് കുടിക്കാൻ നൽകാവൂ. വെള്ളം കയറി ഉപയോഗശൂന്യമായ അരിയും പയറും മറ്റും ഫംഗസ് ബാധയുള്ളതിനാൽ ഉണക്കിയെടുത്ത് ഉപയോഗിക്കരുത്. അവ ഉടൻ നശിപ്പിക്കണമെന്നും ഡി.പി.െഎ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.