കോട്ടയം: പ്രളയം മലിനമാക്കിയ കുട്ടനാടിനെ രക്ഷിക്കാനുള്ള മഹായജ്ഞത്തിൽ ജില്ലക്ക് പുറത്തുനിന്നെത്തിയ ആയിരങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമായപ്പോൾ കുട്ടനാട്ടിൽനിന്നുള്ളവരുടെ പങ്കാളിത്തക്കുറവ് ആക്ഷേപത്തിനിടയാക്കി. ഇടത്, യുവജന പ്രസ്ഥാനങ്ങളും അനുഭാവികളുമടക്കം വലിയൊരു വിഭാഗം ശുചീകരണത്തിൽ പങ്കാളികളായപ്പോൾ മറ്റൊരു വിഭാഗം വിട്ടുനിന്നു. നെടുമുടിയിലും രാമങ്കരിയിലും മെങ്കാമ്പിലും തുടക്കത്തിൽ ഏകോപനവും നഷ്ടമായി. ചുമതലക്കാർ കാഴ്ചക്കാരായതും പ്രതിസന്ധിയായി.
പിന്നീട് മന്ത്രിമാരായ തോമസ് െഎസക്, ജി. സുധാകരൻ, പി. തിലോത്തമൻ എന്നിവരുടെ സാന്നിധ്യം സജീവതയേകി. ധനമന്ത്രി തോമസ് ഐസക് പുളിങ്കുന്ന് ആശുപത്രി കഴുകി വൃത്തിയാക്കുന്നതിലും പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ കൈനകരിയിലെ വെള്ളം കയറിയ വീടും കടയും ശുചീകരിക്കുന്നതിലും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ മുട്ടാർ ഗ്രാമപഞ്ചായത്ത് ഓഫിസ് വൃത്തിയാക്കുന്നതിലും പങ്കാളികളായി. പലയിടത്തും ഉദ്യോഗസ്ഥരുടെ വീഴ്ച യജ്ഞം വൈകിപ്പിച്ചു. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നെത്തിയവർക്ക് ചുമതല വീതിച്ചുനൽകുന്നതിലും യഥാസമയം സ്ഥലങ്ങളിൽ എത്തിക്കുന്നതിലുമാണ് വീഴ്ചയുണ്ടായത്. രാവിലെ മുതൽ മണിക്കൂറുകൾ പലരും എവിടെ പോകണമെന്നറിയാതെ വലഞ്ഞു. വാഹനങ്ങൾ യഥാസമയം എത്തിക്കാനും സംഘാടകർക്ക് കഴിഞ്ഞില്ല. ബോട്ടുകളും വള്ളങ്ങളും വൈകിയതും യജ്ഞം തടസ്സപ്പെടുത്തി.
വെള്ളത്തിൽ മുങ്ങിയ പുളിങ്കുന്ന് താലൂക്ക് ആശുപത്രി ശുചീകരിക്കാൻ മന്ത്രി തോമസ് െഎസക് എത്തിയിട്ടും ഒരുകൂട്ടർ പുളിങ്കുന്ന് പാലത്തിൽനിന്ന് ചൂണ്ടയിടൽ യജ്ഞത്തിലായിരുന്നു. ആലപ്പുഴയിൽനിന്ന് ബോട്ടിൽ ഒൗദ്യോഗിക പരിവേഷമില്ലാതെ ശുചീകരണത്തിന് നേതൃത്വം നൽകാൻ മന്ത്രി എത്തിയിട്ടും ചൂണ്ടയിടൽ അവർ അവസാനിപ്പിച്ചില്ല. ഇൗസമയം നൂറിലേറെ പേർ പാലത്തിൽ ചൂണ്ടയിടാനുണ്ടായിരുന്നു. പിന്നീട് മന്ത്രി കൈകൊട്ടി വിളിച്ചെങ്കിലും അവർ ശ്രദ്ധിച്ചില്ല.
ആശുപത്രി ശുചീകരിക്കാനെത്തിയ പാലക്കാട് ജില്ലക്കാരായ യുവാക്കൾക്കൊപ്പം ചൂലുമെടുത്ത് മന്ത്രിയിറങ്ങി. മന്ത്രി മടങ്ങിയിട്ടും ചൂണ്ടയിടൽ തുടർന്നു. ഇത് പലരിലും അതൃപ്തിയും സൃഷ്ടിച്ചു. വെള്ളമിറങ്ങിയ വീടുകളും സ്ഥാപനങ്ങളും സ്കൂളുകളും പൊതുസ്ഥാപനങ്ങളും ശുചീകരിച്ചു. റോഡുകളും പാലങ്ങളും കായൽ, തോട് മാലിന്യങ്ങളും അടുത്തദിവസങ്ങളിൽ വൃത്തിയാക്കും. വെള്ളം പൂർണമായി ഇറങ്ങാതെ ശുചീകരണം പൂർത്തീകരിക്കാനാവില്ല. ഇപ്പോഴും പലയിടത്തും വെള്ളക്കെട്ടും ഒഴുക്കും ശക്തമാണ്.
ക്യാമ്പിൽനിന്ന് മടങ്ങിയവർ വീടുകളിൽ എത്താൻ ഏറെ പണിപ്പെട്ടു. റോഡുകൾ ഗതാഗതയോഗ്യമാകാത്തതും വെള്ളക്കെട്ട് മാറാത്തതും നൂറുകണക്കിന് പേരെ വലച്ചു. യാത്ര ബോട്ടുകളുടെ കുറവും തിരക്കും പ്രതിസന്ധി സൃഷ്ടിച്ചു. ജലഗതാഗത വകുപ്പിെൻറ ബോട്ടുകളായിരുന്നു ആശ്രയം. എന്നാൽ, സർവിസ് കാര്യക്ഷമമാകാതിരുന്നതും ദുരിതം ഇരട്ടിപ്പിച്ചു. ബോട്ടിൽ കയറാൻ തിക്കുംതിരക്കും കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.