കണ്ണൂർ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി വിട്ടുനൽകാനൊരുങ്ങി എ.പി. അബ്ദുല്ലക്കുട്ടി. തെൻറ ഉടമസ്ഥതയിലുള്ള 15 സെൻറ് സ്ഥലമാണ് പ്രളയദുരിതത്തിൽ അകപ്പെട്ട ആയിരം പേർക്ക് വീട് നിർമിച്ചുനൽകുന്ന കെ.പി.സി.സിയുടെ ആയിരം വീട് പദ്ധതിയിലേക്ക് നൽകുന്നതിന് അബ്ദുല്ലക്കുട്ടി സന്നദ്ധതയറിയിച്ചത്.
ആയിരം വീട് പദ്ധതിയിലേക്ക് ഒാരോ മണ്ഡലം കമ്മിറ്റിയും ഒരു വീട് നിർമിക്കുന്നതിനുള്ള തുക സമാഹരിക്കുന്നതിന് കണ്ണൂർ ജില്ല കോൺഗ്രസ് തീരുമാനിച്ചിരുന്നു. ഇതിന് കരുത്തു പകരുന്ന തീരുമാനമാണ് അബ്ദുല്ലക്കുട്ടിയുടേതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
താൻ നൽകുന്ന 15 സെൻറ് സ്ഥലത്ത് നാല് കുടുംബങ്ങൾക്കെങ്കിലും വീട് നിർമിക്കാമെന്ന് അബ്ദുല്ലക്കുട്ടി പറയുന്നു. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ ഇരയായവർക്ക് തന്നാൽ കഴിയുന്നത് ചെയ്യും. മുൻ എം.പിയെന്നനിലയിൽ ലഭിക്കുന്ന ഒരുമാസത്തെ പെൻഷനായ 25,700 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.