തിരുവനന്തപുരം: കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ഉയർന്ന സ്കോർ നേടിയിട്ടും കേരള സിലബസിൽ പഠിച്ചവർ റാങ്കിൽ പിന്നിലാകുന്നത് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഉന്നത വിദ്യാഭ്യാസ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രതിനിധികളും സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധരും അടങ്ങുന്നതാകും സമിതി. സമിതി രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണം.
എൻജി.പ്രവേശന പരീക്ഷയിലെ സ്കോറും പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷയുടെ മാർക്കും തുല്യ അനുപാതത്തിൽ പരിഗണിച്ചുള്ള സ്റ്റാന്റേഡൈസേഷൻ പ്രക്രിയയിലൂടെയാണ് റാങ്ക് പട്ടിക തയാറാക്കുന്നത്. 2021 മുതൽ കേരള സിലബസിൽ പഠിച്ചവർക്ക് സ്റ്റാന്റേഡൈസേഷൻ പ്രക്രിയയിലൂടെ മാർക്ക് കുറയുന്നുണ്ട്.
2024ലും മാർക്ക് കുറഞ്ഞതോടെയാണ് ഇതുസംബന്ധിച്ച് പരാതി വന്നത്. തുടർന്നാണ് വിഷയം ചർച്ചചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചത്. സ്റ്റാന്റേഡൈസേഷൻ പ്രക്രിയ, ഇതിനായി 2011ൽ രൂപപ്പെടുത്തിയ ശാസ്ത്രീയ ഫോർമുല, പ്ലസ് ടു മാർക്ക് പരിഗണിക്കാതെയുള്ള റാങ്കിങ് രീതി തുടങ്ങിയ വശങ്ങൾ പരിശോധിച്ചാവും റിപ്പോർട്ട് നൽകുക. പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കും മുമ്പ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കും.
എൻജി. വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ, സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധർ ഉൾപ്പെടെ നിയോഗിച്ചാണ് 2011ൽ സർക്കാർ സ്റ്റാന്റേഡൈസേഷൻ ഫോർമുലക്ക് രൂപം നൽകിയത്. പ്രവേശന പരീക്ഷയിലെ സ്കോർ മാത്രം പരിഗണിക്കുമ്പോൾ കേരള സിലബസുകാർ പിറകിലാകുന്ന പ്രവണത മറികടക്കാനാണ് ഹയർ സെക്കൻഡറി മാർക്ക് പരിഗണിച്ചത്.
ഇത് നടപ്പാക്കിയതോടെ ഹയർ സെക്കൻഡറിയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിലെ ശരാശരി മാർക്ക് മറ്റ് ബോർഡുകളെ അപേക്ഷിച്ച് കുറവായതിനാൽ സ്റ്റാന്റേഡൈസേഷനിൽ കേരള വിദ്യാർഥികൾ ആദ്യകാലങ്ങളിൽ നേട്ടമുണ്ടാക്കി. എന്നാൽ, 2020 മുതൽ സ്ഥിതിമാറി. മറ്റ് ബോർഡുകളെ അപേക്ഷിച്ച് കേരള സിലബസിലുള്ള ശരാശരി മാർക്ക് ഉയർന്നതോടെ സ്റ്റാന്റേഡൈസേഷനിൽ കേരള വിദ്യാർഥികൾ പിറകിലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.