രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്

കോട്ടയം: ഉഭയകക്ഷി ചര്‍ച്ചയില്‍ രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്. അതേസമയം രണ്ട് മന്ത്രിസ്ഥാനം നല്‍കുന്നതില്‍ സി.പി.എം ബുദ്ധിമുട്ട് അറിയിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ചര്‍ച്ച തുടരുമെന്നും സി.പി.എം വോട്ട് ഒരിടത്തും കേരള കോണ്‍ഗ്രസിന് കിട്ടാതെ ഇരുന്നിട്ടില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.

മന്ത്രിസഭാ രൂപവത്കരണമാണ് ചര്‍ച്ചയില്‍ പ്രധാനം. രണ്ടാം ഘട്ടമാണ് സി.പി.ഐ- സി.പി.എം ചര്‍ച്ച നടക്കുന്നത്. തുടര്‍ന്ന് ജെ.ഡി.എസ്, എൻ.സി.പി കക്ഷികളുമായി ഒന്നാം ഘട്ട ചര്‍ച്ചയും നടക്കും. ആദ്യഘട്ടത്തില്‍ സി.പി.ഐ-സി.പി.എം ചര്‍ച്ചയില്‍ മന്ത്രിമാരുടെ എണ്ണം 21 ആക്കി തീരുമാനമായിരുന്നു. സി.പി.എമ്മിന് 12ഉം സി.പി.ഐക്ക് നാലും മന്ത്രിമാരാണുണ്ടാകുക. കേരളാ കോണ്‍ഗ്രസ് എമ്മിനും എൻ.സി.പിക്കും ജനതാദള്‍ എസിനും ഓരോ മന്ത്രിമാരെ ലഭിക്കുമെന്നായിരുന്നു സൂചന.

അതേസമയം, കേരള കോൺഗ്രസ് ആവശ്യപ്പെടുന്ന റവന്യൂവും കൃഷിയും ഇപ്പോൾ സി.പി.ഐയുടെ പക്കലാണുളളത്. ഇതു വിട്ടു നൽകാൻ സി.പി.ഐ തയ്യാറായേക്കില്ല. സി.പി.എമ്മും സി.പി.ഐയും തമ്മിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുകയുളളൂ. ആവശ്യപ്പെടുന്ന രണ്ട് വകുപ്പുകളും കിട്ടിയില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പിലാണ് ജോസ് വിഭാഗത്തിന്‍റ നോട്ടം. സി.പി.എം കൈവശം വച്ചിരിക്കുന്ന വകുപ്പിൽ ജി. സുധാകരൻ പൊതുമരാമത്ത് മന്ത്രിയെന്ന നിലയിൽ നല്ല രീതിയിൽ പ്രവർത്തനം കാഴ്‌ച വച്ചിരുന്നു. സി.പി.ഐ അയഞ്ഞില്ലെങ്കിൽ ജോസ് വിഭാഗത്തിന് പൊതുമരാമത്ത് വിട്ടു നൽകാൻ സി.പി.എം തയ്യാറായേക്കും.‍‍

ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിന്‍, കാഞ്ഞിരപ്പിള്ളി എം.എൽ.എ എന്‍. ജയരാജ് എന്നിവര്‍ക്ക് വേണ്ടിയാണ് കേരള കോണ്‍ഗ്രസ് ശ്രമം നടത്തുന്നത്. ഒരു മന്ത്രിസ്ഥാനമേ ലഭിക്കുകയുള്ളൂവെങ്കില്‍ റോഷി അഗസ്റ്റിനായിക്കും മന്ത്രി. അതേസമയം, പാര്‍ട്ടിയുടെ ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന കോട്ടയത്തിന് മന്ത്രിയെ വേണമെന്ന ആവശ്യവും ശക്തമാണ്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്പീക്കര്‍ ഇവയില്‍ ഏതെങ്കിലും ഒന്നും എന്ന നിര്‍ദ്ദേശം വന്നാലും കേരള കോണ്‍ഗ്രസ് സ്വീകരിക്കും. അങ്ങനെയങ്കില്‍ റോഷി മന്ത്രിയും എന്‍. ജയരാജ് ക്യാബിനറ്റ് റാങ്കോടു കൂടിയ അടുത്ത പദവിയിലും എത്തും.

Tags:    
News Summary - Kerala Congress demands two ministries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.